“ദ ആർട്ട് ഓഫ് ലിസണിങ് ടു യങ് പീപ്പിൾ” പ്രകാശനം ചെയ്തു.
ബാംഗ്ലൂർ :അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധനേടിയ അമോറിസ് ക്രിസ്റ്റിയെന്ന ജീസസ് യൂത്തിന്റെ തന്നെ ഭാഗമായ യുവജന കൂട്ടായ്മയുടെ
“ദ ആർട്ട് ഓഫ് ലിസണിങ് ടു യങ് പീപ്പിൾ” എന്ന വിഖ്യാതഗ്രന്ഥത്തിന്റെ ഇന്ത്യൻ പതിപ്പ് പ്രകാശനം ചെയ്തു. 2024 ഡിസംബർ മൂന്നാം തീയതി ബാംഗ്ലൂരിൽവച്ചായിരുന്നു പുസ്തക പ്രകാശനം. ബാംഗ്ലൂർ മ്യൂസിയം റോഡിലുള്ള ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആത്മീയസംഗീത കച്ചേരിക്കിടയിലാണ് പുസ്തക പ്രകാശനം നടന്നത്. റിഡംപ്റ്ററിസ്റ്റ് വൈദികനും പ്രസ്തുത കച്ചേരിയുടെ കോർഡിനേറ്ററുമായ ഫാദർ സന്ദീപ് മെൻഡസ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഫാദർ റോബ് ഗാലിയക്ക് നൽകി കൊണ്ടാണ് പുസ്തക പ്രകാശന കർമ്മം നിർവഹിച്ചത്.
ഏറെ കാലികപ്രസക്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. മാതാപിതാക്കൾ, അദ്ധ്യാപകർ, മെൻഡേഴ്സ്, ആത്മീയോപദേഷ്ടാക്കൾ, കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ, എന്നിങ്ങനെ യുവജനങ്ങളുമായി സഹവസിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം ഏറെ പ്രയോജനകരമാണ് എന്നതിൽ സംശയമില്ല.ചെറുപ്പക്കാരെ അനുധാവനം ചെയ്യുന്ന ഏതൊരു വ്യക്തിയും പുലർത്തേണ്ട അടിസ്ഥാനകാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു മാർഗ്ഗദർശിയാണ് ഈ പുസ്തകം.ആത്മീയജ്ഞാനം, ശാസ്ത്രീയ പരീക്ഷണങ്ങൾ, യുവജനങ്ങളോട് പുലർത്തേണ്ട മനോഭാവം, ഇവയെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ഫ്ലോറിഡ കേന്ദ്രീകരിച്ചുള്ള അമോറിസ് ക്രിസ്റ്റി, ഫോർമേഷൻ,റിസർച്ച്, വിദ്യാഭ്യാസം, എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ക്രിസ്തീയ നേതൃത്വ പരിശീലനം നൽകി വരുന്നു. ജീസസ് യൂത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ഡോ. എഡ്വേർഡ് എടേഴത്ത് ഈ പുസ്തക രചനയിൽ എടുത്തുപറയത്തക്ക സംഭാവനകൾ നൽകിയിട്ടുണ്ട്.
ബാംഗ്ലൂർ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ കെയ്റോസിനെ പ്രതിനിധീകരിച്ച് ശ്രീമതി ബ്ലെസ്സി, തോബിയാസ് വാകയിൽ, ജീന കുരുവിള തുടങ്ങിയവർ സംബന്ധിച്ചു. ജീസസ് യൂത്ത് ബാംഗ്ലൂർ കോർഡിനേറ്ററായ ദിലിൻ ദിലീപും കർണാടക ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രിയുടെ മുൻ ആനിമേറ്ററുമായ ശ്രീ മാർട്ടിൻ ഡേവിഡും പുസ്തക പ്രകാശന വേളയിൽ സന്നിഹിതരായിരുന്നു.