Christmas Sparks Day 12 വാതായനങ്ങൾ തുറക്കാം
അന്ന് സത്രം സൂക്ഷിപ്പുകാർ മറിയത്തിനും യൗസേപ്പിനും മുമ്പിൽ വാതിൽ കൊട്ടിയടച്ചപ്പോൾ തിരുപ്പിറവി അവർക്ക് നഷ്ടമായി. അവനാകട്ടെ എല്ലാവരെയും നേടുവാനായി കാലിത്തൊഴുത്തിൽ പിറന്നു. നഷ്ടം വാതിൽ അടച്ചവർക്ക് മാത്രം. പലരുടെയും മുൻപിൽ നമ്മൾ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ രക്ഷയുടെ സാധ്യതയെ നാം സ്വയം ഇല്ലാതാക്കുന്നു. നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടായിരിക്കില്ല പലപ്പോഴും പലരും നമ്മെ സമീപിക്കുന്നത്. ആരുടെയെങ്കിലും മുന്നിൽ ഒന്ന് ഉള്ള് തുറക്കാൻ, ഒരിറ്റ് ആശ്വാസത്തിന് വേണ്ടി ഒക്കെ ആയിരിക്കും പലരും വരുന്നത്. മുൻവിധികൊണ്ടും സ്വാർത്ഥ താൽപര്യങ്ങൾ കൊണ്ടും പലർക്കും മുമ്പിൽ വാതിലുകൾ അടയ്ക്കുമ്പോൾ ക്രിസ്തുവിനു മുമ്പിൽ വാതിൽ അടച്ച സത്രക്കാരേക്കാൾ മോശക്കാരാവുകയല്ലേ നാം? അപരന്റെ സങ്കടങ്ങളിൽ പ്രതിസന്ധികളിൽ നിസ്സഹായ അവസ്ഥയിൽ, ഒറ്റപ്പെടലിൽ, ഒന്ന് ചേർത്ത് പിടിക്കാൻ, ഒരു തൈ സഹായം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ക്രിസ്ത്യാനി എന്നപേര് നമുക്ക് എങ്ങനെ ചേരും. പള്ളിയിൽ പോയതുകൊണ്ടും പ്രാർത്ഥനകൊണ്ടും മാത്രം ഒരുക്കാവുന്ന ഒന്നല്ല ഹൃദയത്തിൽ പുൽക്കൂട്. അവിടെ അപരനായി ജീവനർപ്പിച്ച ഈശോയുടെ സ്നേഹം ഉണ്ടാകണം. കരുതൽ ഉണ്ടാകണം.പ്രവർത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണെന്ന് ബോധ്യത്തിൽ ആവശ്യക്കാരെ ചേർത്തുനിർത്താൻ നമുക്ക് പരിശ്രമിക്കാം.
ഒരു ഗർഭിണിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതിനേക്കാൾ എത്രയോ വേദനാജനകമാണ് കൂടെയുള്ളവരെ ഒന്നു മനസ്സിലാക്കാൻ സാധിക്കാതെ നമ്മുടെ ഹൃദയവാതായനം അടഞ്ഞു പോകുന്നത്? അപരന്റെ കണ്ണുകളിൽ നോക്കി അവരുടെ മിഴിനീര് തുടയ്ക്കാനും അവരുടെ ഉള്ളിലെ വേദനയുടെ ആഴം ആ കൃഷ്ണമണികളിൽ നിന്നും വായിച്ചെടുക്കാനും അവർക്ക് സാന്ത്വനമേകാനും കഴിയുമ്പോൾ നമ്മുടെ ഹൃദയവും പുൽക്കൂടായി മാറും. അവിടെ ഉണ്ണീശോ വന്നു പിറക്കും. ഈ ക്രിസ്മസിൽ നമുക്ക് ചുറ്റുമുള്ളവരുടെ സങ്കടങ്ങൾക്കും ആകുലതകൾക്കും മുൻപിൽ നമ്മുടെ ഹൃദയ കവാടങ്ങൾ തുറന്നു വയ്ക്കാം.ഉണ്ണീശോ ഏവരെയും അനുഗ്രഹിക്കട്ടെ.
സുജമോൾ ജോസ്