Christmas Sparks Day 11 സത്രമുടമകൾ സമ്മാനിച്ച ക്രിസ്മസ്
മേരിക്കും ജോസഫിനും അന്ന് സത്രത്തിൽ മുറി നല്‍കാതിരുന്ന സത്രം ഉടമകളോട് സത്യത്തില്‍ നന്ദിയുണ്ട്. അല്ലെങ്കില്‍ ആ പിറവിക്ക് ഇത്ര സൗന്ദര്യം ഉണ്ടാകുമായിരുന്നോ ? ഒരു അടഞ്ഞമുറിയിലെ നാലുചുവരുകള്‍ക്കുള്ളില്‍, മറ്റു താമസക്കാരുടെ ബഹളങ്ങള്‍ക്കിടയില്‍..ആട്ടിടയന്‍മാര്‍ക്കുപോലും ഒന്നുകാണാന്‍ കിട്ടാതെ.. ആലോചിക്കാനേ വയ്യ ! ഇതിപ്പോ ലോകമുള്ളിടത്തോളം കാലം ആര്‍ക്കും മറക്കാന്‍ പറ്റാത്ത കാഴ്ചയായില്ലേ? തിളങ്ങുന്ന ഒരു രാത്രിയുടെ ശാന്തതയില്‍ ആ കാലിത്തൊഴുത്ത്. പുല്‍ത്തൊട്ടിയിലേക്കു നോക്കിയാല്‍ ആര്‍ക്കും ആ മുഖം കാണാം. അടുത്തുചെല്ലാം, വേണമെങ്കില്‍ ഒന്നുതൊട്ടുനോക്കാം. ആരും തടയില്ല, ആരെയും പേടിക്കേണ്ട. ഒരു കീറത്തുണിയോ ഒരല്‍പം ചൂടുവെള്ളമോ കൊടുത്താല്‍പോലും ആ കുടുംബം നിങ്ങളോടു നന്ദി പറഞ്ഞെന്നുവരും. മനസ്സ് നിറഞ്ഞുകവിഞ്ഞായിരിക്കും നിങ്ങള്‍ അവിടെനിന്നു മടങ്ങുക. അപ്പോഴും ഒരുകാര്യമുണ്ട്. നവജാതനായ മനുഷ്യക്കുഞ്ഞിന് പുല്‍ത്തൊട്ടി അത്രനല്ല അനുഭവമായിരിക്കുമോ ? അറിയില്ല. പക്ഷേ ഒന്നറിയാം. അങ്ങനെയാണ് നമുക്ക് ക്രിസ്മസ് ലഭിച്ചത്.
ജിന്റോ ജോൺ