Christmas Sparks Day 10 ക്രിസ്തുവിനെ നഷ്ടപ്പെട്ടുവോ?
ദീപാലങ്കാരങ്ങളും വർണ തോരണങ്ങളും അലങ്കരിച്ച പുൽക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്ര വിളക്കുകളും ഒക്കെ നിറഞ്ഞ ക്രിസ്തുമസ് കാലം എക്കാലവും സുഖമുള്ള ഓർമ്മയാണ്. മനസ്സിനെ ആർദ്രമാക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ കൂടി ചേരുമ്പോൾ ആഘോഷ രാവുകൾ കൂടുതൽ മനോഹരമാകുന്നു. ആട്ടിടയൻമാരുടെ സാനിധ്യത്തിൽ മാലഖമാർ പാടിയ ആദ്യത്തെ കരോൾ ഗാനം കാലാതിവർത്തിയായി ഇന്നും നമുക്ക് മുന്നിലുണ്ട് ” അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ ദൈവ കൃപ നിറഞ്ഞ വർക്ക് സമാധാനം ” സരസനായ ധ്യാനഗുരുവിൻ്റെ മറുവാക്ക് പുതിയ കാലത്തിൻ്റെ ക്രിസ്മസ് ദിനങ്ങളെ കൂടുതൽ ആഴത്തിൽ വരച്ച് വെക്കുന്നു ‘അത്യുന്നതങ്ങളിൽ ദൈവത്തിനു വെടിയും പുകയും ഭൂമിയിൽ മനുഷ്യർക്ക് തീറ്റയും കുടിയും “
ശാന്തിയായ് സമാധാനമായ് ഉണ്ണിയേശു കടന്നു വന്നതിന്റെ ഈ ഓർമ്മ തീരുന്നാൾ ദിനം സത്യത്തിൽ നമുക്കൊരു ആത്മശോധനയുടെ തിരുപ്പിറവിയായി മാറേണ്ടതല്ലേ ? കേവലമായ വിരുന്നും സൽക്കാരവും ആലങ്കാരങ്ങളും ഒരുക്കുന്നതിന്റെ തിരക്കിൽ നമുക്ക് എപ്പോഴോ ക്രിസ്തുവിനെ നഷ്ടപ്പെട്ടുവോ ? … ആഘോഷങ്ങൾക്കപ്പുറത്തു എനിക്ക് വന്നു പിറക്കാൻ ഒരിടം തരുമോ എന്നുള്ള ചോദ്യവുമായി കുഞ്ഞുനസ്രായൻ ഹൃദയവാതിലിൽ മുട്ടി വിളിക്കുന്നത് ഞാനും നീയും കേൾക്കുന്നുണ്ടോ…? ആയിരം പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും ഹൃദയമാകുന്ന പുൽക്കുട്ടിൽ അവൻ വന്നു പിറന്നില്ലേൽ ആഘോഷങ്ങൾ എല്ലാം വ്യർത്ഥമെന്നു നസ്രായൻ നമ്മെ ഓർമിപ്പിക്കുന്നുണ്ട്
മറ്റൊരു പുൽക്കൂടായി നമ്മുടെ ഹൃദയങ്ങളെ നമുക്ക് മാറ്റിയൊരുക്കാം
ഏവർക്കും ഹൃദയം നിറഞ്ഞ തിരുപ്പിറവി ആശംസകൾ.
ഡോ സെമിച്ചൻ ജോസഫ്