January 23, 2025
Church Jesus Youth Kairos Media News

Christmas Sparks Day 08 ശാന്തരാത്രി 

  • December 8, 2024
  • 1 min read
Christmas Sparks Day 08                                                       ശാന്തരാത്രി 

“ശാന്തരാത്രി തിരുരാത്രി” എന്ന കരോൾ ഗാനത്തിന്റെ ആദ്യ വരികൾ, “silent night holy night” എന്ന വിശ്വ പ്രഖ്യാതമായ കരോൾ ഗാനത്തിന്റെ ആദ്യ വരികളുടെ മലയാള പരിഭാഷയാണല്ലോ. Silent night എന്ന ഗാനം കേൾക്കുമ്പോൾ നമ്മുടെ ശരീരവും മനസ്സും, വളരെ ശാന്തമായി ഒരു ധ്യാനാത്മകതിയിലേക്ക് പോകുന്ന ഒരനുഭവമാണ്. എന്നാൽ ശാന്തരാത്രി എന്ന ഗാനം കുറച്ച് കൂടി ബീറ്റ്സ് ഒക്കെ കൂട്ടിയാണ് സംഗീതം കൊടുത്തിരിക്കുന്നത്. കരോൾ പാടി നടക്കുമ്പോൾ, ഈ ഗാനം നല്ല താളമൊക്കെയിട്ടാണ് പാടുന്നത്.

അർത്ഥം ഒന്നാണെങ്കിലും, രണ്ട് കരോൾ ഗാനങ്ങളും നൽകുന്ന ഒരു feel വളരെ വ്യത്യാസ്ഥമാണ്. ഭാഷ അറിയില്ലാത്തവർക്കു പോലും ഈ വ്യത്യാസം മനസ്സിലാകും. ഒരേ വാക്കുകളെ രണ്ട് സംഗീത സംവിധായാകർ കണ്ടതും, രചിച്ചതും വളരെ വിപരീത സ്റ്റൈലിലാണ്. അതിന്റെ ഫലം കേൾവിക്കാരിൽ ഉണ്ടാക്കുന്ന അനുഭവവും വ്യത്യസ്തം.

ക്രിസ്തുമസ് നാം ആഘോഷിക്കുന്നതിന്റെ ഒരേയൊരു കാരണം നമ്മുടെ രക്ഷകനായ ഈശോയുടെ ജനനം ആണെന്ന് പലപ്പോഴും മറന്നു പോകുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. ക്രിസ്തുമസ് എന്നത്, കുറെ ഗിഫ്റ്റ് ഷോപ്പിങ്ങുകളുടെയും, ദീപാലങ്കാരങ്ങളുടെയും ആകെ തുകയാണോ എന്ന് ചിലപ്പോൾ സംശയം തോന്നും.

വർഷങ്ങൾക്ക് മുൻപു ചെറുപ്പത്തിൽ ക്രിസ്തുമസിന് കുറച്ചു കൂടി ആഴത്തിലുള്ള ഒരു അർത്ഥവും, അനുഭവവും ഉണ്ടായിരുന്നു. ഡിസംബർ ഒന്നാം തീയതി നോമ്പോടു കൂടി ആരംഭിക്കുന്ന ആഗമന കാലത്തിന്റെ ദിവസങ്ങൾ വളരെ ശാന്തവും, ദൈവിക ചിന്തകൾ നിറഞ്ഞതും ആയിരുന്നു. ക്രിസ്തുമസ് ദിനത്തോട് അടുക്കും തോറും മനസ്സിൽ എന്നും ഒരു സമാധാനവും, ശാന്തിയും ഉണ്ടായിരുന്നു.

എന്നാൽ ഇന്ന്, നവംബർ അവസാനമാകുമ്പോഴേ എല്ലാവർക്കും ടെൻഷൻ തുടങ്ങും. ക്രിസ്തുമസ് ലൈറ്റ് ഇടുന്ന തിരക്ക്, അനേകർക്ക് സമ്മാനങ്ങൾ വാങ്ങിവയ്ക്കുന്ന തിരക്ക്, ജോലിയിലെയും, മറ്റു സാമൂഹിക അസോസിയേഷനുകളുടെയും ക്രിസ്തുമസ് പാർട്ടികൾക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ….. അതിനിടയിൽ ക്രിസ്തുവുണ്ടോ എന്ന് തന്നെ ഒരു സംശയം തോന്നും ചിലപ്പോൾ!

ആശങ്കകൾ ഒന്നുമില്ലാത്ത ആ ക്രിസ്മസ് കാലം ഇനിയെന്നെങ്കിലും തിരിച്ചു വരുമോ? അതിന് വേണ്ടി നമുക്കൊന്നു ശ്രമിച്ചാലോ? എന്നും വിശുദ്ധ കുർബാനയ്ക്ക് പോയും, നമ്മുടെ കൂട്ടുകാരെയും, അയൽവക്കകാരെയും ഒക്കെ ഒന്നു സന്ദർശിച്ചും ഒക്കെ ഒരു മാറ്റം നമുക്കും വരുത്തിയാലോ? ഒത്തിരി വിലയേറിയ സമ്മാനങ്ങൾക്കുപരി, ഇത്തവണ കൂട്ടുകാർക്കും, മക്കൾക്കും, മാതാപിതാക്കൾക്കും ഒക്കെ ഹൃദയത്തിൽ തട്ടി എഴുതി കൊണ്ട് ഒരു ക്രിസ്തുമസ് കാർഡ് അയച്ചാലോ? നമ്മുടെ ഹൃദയത്തിൽ നിന്നും ഉള്ള സ്നേഹത്തിന്റെ പ്രകാശത്താൽ നമ്മുടെ ചുറ്റുപാടുകളെയും, ചുറ്റുമുള്ളവരെയും പ്രകാശിപ്പിക്കാം!

നമ്മെ കാണുന്നവർ നമ്മുടെ ആനന്ദം കണ്ടു കൊണ്ട് കാരണം അന്വേഷിക്കുമ്പോൾ നമുക്കും പ്രാഘോഷിക്കാം: “ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു”(.ലൂക്കാ 2 : 11). അങ്ങനെ ഈശോ നമ്മിൽ ജനിക്കട്ടെ, നമ്മിൽ ജീവിക്കട്ടെ!

എല്ലാവർക്കും പിറവിതിരുന്നാൾ മംഗളങ്ങൾ!
 
സിൽവി സന്തോഷ്,

About Author

കെയ്‌റോസ് ലേഖകൻ