Christmas Sparks Day 07 A December To Remember
എന്റെ കുട്ടികാലത്തെ ക്രിസ്മസ് ഓർമ്മകൾ ഇപ്പോഴും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.
ഡിസംബർ ഒന്നിനുതന്നെ നക്ഷത്രം തൂക്കും, പിന്നെയങ്ങോട്ട് ഓരോ ദിവസവും എണ്ണിക്കൊണ്ടിരിക്കും ക്രിസ്മസാവാൻ. ‘പള്ളിയിൽ മുടങ്ങാതെ വരുന്നവർക്ക് ‘ സമ്മാനം കൊടുക്കുമായിരുന്നതു കൊണ്ടു തന്നെ എല്ലാദിവസവും പള്ളിയിൽ ചെല്ലുമ്പോൾ സന്തോഷമാണ്. കുറെ പിള്ളേരുണ്ടാവും. കുർബാന കഴിഞ്ഞു സിസ്റ്റർ, വന്നവരുടെയൊക്കെ പേര് എഴുതിവെക്കും. പിന്നെ ഓരോ ദിവസവും ചെയ്യാനുള്ള പ്രാർത്ഥന പറഞ്ഞു തരും. കുഞ്ഞുണ്ണി പ്രാർത്ഥന, ഉണ്ണിശോയ്ക്ക് ഒരു പുൽക്കൂട് അങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യിക്കും.
ഓരോ ദിവസവും കഴിയുന്തോറും ഉണ്ണിയെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു.
ഡിസംബർ മാസം പകുതി ആകുമ്പോൾ തന്നെ വീട്ടിൽ പുൽക്കൂട് കെട്ടിത്തുടങ്ങും. ഓരോരുത്തർക്കും ഓരോ പണിയാണ് അപ്പൻ നൽകുക. എനിക്ക് ക്രിസ്മസ് ട്രീയുടെ പണിയാണ് കിട്ടുന്നത്. ഞങ്ങളുടെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് മരം വെട്ടി കൊണ്ടുവരും പിന്നെ അതൊക്കെ ശരിയാക്കി വെള്ള പെയിൻറ് അടിച്ചു വയ്ക്കും. ഇടയ്ക്ക് അപ്പുറത്തെ ചേച്ചിയുടെ വീട്ടിൽ പോയി അവരുടെ പുൽക്കൂടു പണിയിൽ സഹായിക്കും. 24-ാം തിയതി വൈകുന്നേരം ആവുമ്പോഴേക്കും എല്ലാം പണിയും തീർത്തു വെക്കും. അന്ന് വൈകുന്നേരം കരോളിനു പോകും. കുടുംബയൂണിറ്റിന്റെ കൂടെ ആദ്യം. പിന്നെ ഞങ്ങളുടെ കുട്ടി പട്ടാളം ഇറങ്ങും. അവരുടെ ഒപ്പം പോകുന്നത് ഒരു വേറെ വൈബാണ്. പാട്ട് പാടി, റോഡിലുള്ള മാങ്ങക്ക് കല്ലെറിഞ്ഞാണ് പോക്ക്. എല്ലാം പ്രാവശ്യവും അടുത്തുള്ള വീട്ടിലെ പട്ടി ഞങ്ങളെ ഓടിച്ചിടും. ആ സമയത്തു എല്ലാം നാലു വഴി ഓടും, പപ്പാഞ്ഞി ഓടുന്നത് കാണാനാണ് രസം.
പിന്നെ പരിപാടി കഴിഞ്ഞു വീട്ടിൽ വന്നു കുളിച്ചു പുതിയ ഡ്രസ്സിട്ടു പള്ളിയിലേക്കു ഒരു ഓട്ടമാണ്. പള്ളിയിൽ ചെന്നാൽ ആദ്യം ചെല്ലുന്നത് പള്ളിയിലെ പുൽക്കൂടു അലങ്കാരങ്ങൾ കാണാനാണ്. അപ്പോഴേക്കും കൂട്ടുകാരെത്തും. പിന്നെ പള്ളിയിൽ കയറി കുർബാനയിൽ കൂടി, ശേഷം പള്ളിയിലെ ഓരോ പരിപാടികളും കണ്ടങ്ങിനെ ഇരിക്കും. അതൊക്ക ഇപ്പൊ ഓർക്കുമ്പോൾ തന്നെ മനസിന് എന്തോ ഒരു സന്തോഷം വരുന്നു.
ഷാൻ തങ്കച്ചൻ