Christmas Sparks Day 03 ആരാധനാലയങ്ങളായി മാറട്ടെ..
വീണ്ടും ഒരു ക്രിസ്മസ് എത്തി കഴിഞ്ഞു…. കഴിഞ്ഞ തവണത്തെക്കാളും കൂടുതൽ ഒരുക്കത്തോടെ ഈ വർഷം ഉണ്ണീശോയേ വരവേൽക്കണം എന്നാണ് എൻ്റെ ആഗ്രഹം. ഈശോ നമ്മെ സ്നേഹിക്കാനുള്ള കൊതി കൊണ്ട് സ്വർഗം വിട്ട് ഒരു ശിശുവായി നമ്മുടെ അടുത്തേക്ക് വന്നതാണല്ലോ. ഏറെ വിശുദ്ധിയോടെ ആയിരുന്നാലെ ഈശോ ഉള്ളിൽ വരികയുള്ളൂ എന്നാണ് എൻ്റെ കുഞ്ഞുനാളിൽ പപ്പയും മമ്മിയും പഠിപ്പിച്ചത്. പക്ഷേ എത്ര ശ്രമിച്ചിട്ടും കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ ഈ 25 ദിവസം തീർന്നിട്ടില്ല. എൻ്റെ ഉള്ളിൽ ഈശോ വരില്ല എന്ന് അന്നു ഞാൻ ചിന്തിച്ചു. കാലം കുറെ കഴിഞ്ഞ് ഒരു കുഞ്ഞ് കുറിപ്പ് വായിച്ചു, അത് ഇപ്രകാരമായിരുന്നു
‘ അഴുക്ക് നിറഞ്ഞ പുൽക്കൂട്ടിൽ ഈശോ വന്ന് പിറന്നപ്പോൾ അത് ഒരു ആരാധനാലയമായി”.. ഈശോയെ…. അഴുക്കേറെ ഉണ്ടെങ്കിലും എൻ്റെ ഉള്ളിൽ നീ പിറന്നാൽ എന്റെ ഉള്ളം ഒരു ദേവാലയമാകും ‘
എനിക്ക് ഒരു കാര്യം പിടികിട്ടി. നമ്മുടെ സ്വന്തം കഴിവ് കൊണ്ട് ഒരുപക്ഷേ വിചാരിച്ചപോലെ നമുക്ക് ഒരുങ്ങാൻ പറ്റാതെ വന്നാലും വിഷമിക്കേണ്ട, നമ്മുടെ കുഞ്ഞ് കുഞ്ഞ് ശ്രമങ്ങൾ ഈശോ ഒത്തിരി വിലമതിക്കുന്നുണ്ട്, നമ്മുടെ ഹൃദയത്തിലും ഈശോ വരും. അങ്ങനെ ഒരു സക്രാരി നമ്മുടെ ആത്മാവിലും ഈ ക്രിസ്തുമസിന് ഒരുക്കാം.
മരിയ ഫ്രാൻസിസ്ക