Christmas Sparks Day 02 അന്നൊരു രാത്രിയിൽ
ആ ദിവസം മനുഷ്യർക്കാർക്കും മറക്കാനാവാത്ത ദിവസമായിരുന്നു. കോടാനുകോടി മനുഷ്യർ പാർത്തിരുന്ന ഭൂമിയിൽ ഒരിക്കലൊരു ദിവസം സൃഷ്ടപ്രപഞ്ചം മുഴുവൻ മുഴങ്ങുമാറ് ആസ്വരമുയർന്നു. സകലർക്കും അത് കേൾക്കാനായി. ഒരേ ദിവസം ഒരേ സമയം. താന്താങ്ങളുടെ ഭാഷയിൽ ഏവരും കേട്ടിട്ടുണ്ടാവണം. ദേശങ്ങൾക്കും ഭാഷകൾക്കുമപ്പുറം അതൊരു ഉണർത്തു പാട്ടായി കാതുകളിൽ പതിഞ്ഞു. ഒന്നുറപ്പായിരുന്നു, അസ്വസ്ഥതകളിലും അനിശ്ചിതത്വത്തിലും കഴിഞ്ഞിരിക്കുന്നവർക്ക് ആശ്വാസവും ധൈര്യവും പകരുന്നതായിരുന്നു ആ മാറ്റൊലികൊണ്ട ശബ്ദം. പണ്ഡിതനും പാമരനും പ്രഭുക്കൾക്കും അവരുടെ പണിയാളുകൾക്കും സമ്പന്നനും ദരിദ്രനും നീതിമാന്മാർക്കും പാപികൾക്കും… സർവ്വർക്കുമുള്ള ക്ഷണമായിരുന്നു അത്.
നക്ഷത്രത്തിളക്കമുള്ള ഡിസംബറിലെ നിലാവുള്ള ഒരു രാവിൽ നനുത്തകാറ്റിൽ പൈൻ മരങ്ങളുടെ മർമ്മരങ്ങൾക്കിടയിൽ ആ സ്വരം പ്രതിധ്വനിച്ചു: “സഹോദരങ്ങളെ, എല്ലാവരെയും ബെത് ലഹേമിലെ ഗുഹയിൽ പ്രവേശിക്കാനും തൻറെ നവജാത പുത്രൻറെ പാദങ്ങളെ ആരാധിക്കുവാനും ചുംബിക്കാനും മേരി ക്ഷണിക്കുന്നു. നമുക്ക് പ്രവേശിക്കാം; നാം ഭയപ്പെടേണ്ട…” വി. അൽഫോൻസ് ലിഗോരിയുടെ ഈ ആഹ്വാനം വീണ്ടുമൊരു സദ്വാർത്തയായി മുഴങ്ങിക്കൊണ്ടിരുന്നു.