Christmas Sparks Day 01 കുശുമ്പും, കുന്നായ്മയും കുറയ്ക്കാമീദിനങ്ങളിൽ
ക്രിസ്മസിനെക്കുറിച്ചുള്ള ഏറ്റവും ദൂരെയുള്ള ഓർമ്മകൾക്ക് അര നൂറ്റാണ്ടിൻ്റെയെങ്കിലും പഴക്കമുണ്ട്. ഇന്നത്തെപ്പോലെ അന്ന് റഡിമെയ്ഡ് നക്ഷത്രങ്ങളില്ല. ഈറ്റത്തണ്ടുകൾ ചീകിയെടുത്ത് വർണ്ണക്കടലാസ്സ് ഒട്ടിച്ച് ഉണ്ടാക്കേണ്ടിയിരുന്നു. അങ്ങനെയൊന്ന് ഉണ്ടാക്കിക്കിട്ടാൻ മുതിർന്നവരുടെയടുത്ത് കെഞ്ചി നടക്കേണ്ടിയിരുന്നു. ഇലക്ട്രിസിറ്റി കണക്ഷൻ അന്നില്ല. ചെറിയ പാത്രത്തിൽ എണ്ണയൊഴിച്ച് തിരിയിട്ട് വേണം നക്ഷത്രം തെളിക്കാൻ. ചില രാത്രികളിൽ കാറ്റൊക്കൊ കൂടിയാൽ നക്ഷത്രം തന്നെ കത്തിപ്പോകും. രാവിലെ എന്നീറ്റുവരുമ്പോളാകും അത്തരത്തിലുള്ള സങ്കടക്കാഴ്ചകൾ കാണേണ്ടി വരിക.
രാത്രി പന്ത്രണ്ടിനുള്ള പിറവി കുർബാനയ്ക്ക് പോകാനായി പത്തു മണി വരെയൊക്കെ കണ്ണുമിഴിച്ച് കാത്തിരുന്നിട്ട്, ഉറങ്ങിപ്പോയി, പിന്നീട് രാവിലെ ദേവാലയത്തിൽ പോകേണ്ടി വരുമ്പോഴുള്ള സങ്കടമൊന്നും പറഞ്ഞാൽ തീരില്ല.
എത്രമാത്രം വലിയൊരു സമ്മാനമാണ് ദൈവം ക്രിസ്മസിലൂടെ നമ്മൾ മനുഷ്യർക്കെല്ലാവർക്കുമായി തന്നതെന്നുള്ള തിരിച്ചറിവൊന്നും അന്നില്ലായിരുന്നു എന്നതാണ് സത്യം. ദൈവം മനുഷ്യനാകുന്നു, അതും എന്നെപ്പോലെ, നമ്മളെപ്പോലെ, നിസ്സാരനായൊരു മനുഷ്യനാകുന്നു എന്ന തെന്തൊരത്ഭുതമാണ്.
ഈ സത്യം ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ് ഉള്ളിലെ അഹങ്കാരവും, ധിക്കാരവും, കുശുമ്പും, കുന്നായ്മയും കുറയ്ക്കാനുള്ള, ഇല്ലാതാക്കാനുള്ള സമയമാണീ ആഗമനകാലമെന്നോർക്കാം. ഏവർക്കും അർത്ഥസമ്പുഷ്ടമായ ക്രിസ്തുമസ് ഒരുക്ക ദിനങ്ങൾ ആശംസിക്കുന്നു.
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ