January 23, 2025
Church Jesus Youth Kairos Media News

ദൈവത്തിന് സ്തുതി, ഒരു തടസ്സവുമില്ലാതെ ശസ്ത്രക്രിയ സുഗമമായി നടന്നു.

  • November 28, 2024
  • 0 min read
ദൈവത്തിന് സ്തുതി, ഒരു തടസ്സവുമില്ലാതെ ശസ്ത്രക്രിയ സുഗമമായി നടന്നു.


ജീസസ് യൂത്തിനെ അറിയുന്നവരെല്ലാം മനോജ് സണ്ണിയെയും അറിയും മൂന്നര പതിറ്റാണ്ടിലേറെ കാലമായി ജീസസ് യൂത്ത് എന്ന ആഗോള യുവജന പ്രസ്ഥാനത്തെ നയിക്കുകയാണ് മനോജ് സണ്ണി. മുന്നേറ്റത്തിന്റെ തുടക്കകാലം അദ്ദേഹം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പോയി യുവജനങ്ങളെ കാണുകയും അവരെ ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ആയിരക്കണക്കിന് യുവജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിശപ്പും, ദാഹവും, ഉറക്കവും, മറന്ന് രാജ്യങ്ങൾ തോറുമുള്ള ഈ ഓട്ടം അദ്ദേഹത്തിൻറെ ശരീരത്തെയും ബാധിച്ചു. രണ്ടു കിഡ്നികളും തകരാറിലായി ഇക്കഴിഞ്ഞ ജൂൺ മുതൽ അദ്ദേഹം ഡയാലിസിസ് ചെയ്യുകയാണ്. ആരോഗ്യം കൂടുതൽ മോശമാകുന്നതിനു മുൻപ് എത്രയും വേഗം കിഡ്നി ട്രാൻസ്പ്ലാൻഡിനായി പോകണമെന്ന് ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചു.
എന്നാൽ കാര്യങ്ങൾ ഒന്നും പുറത്തറിയിക്കാതെ മനോജ് തന്റെ ശുശ്രൂഷ തുടർന്നുകൊണ്ടിരുന്നു. സ്നേഹിതർക്ക് എഴുതിയ ഒരു കത്തിലൂടെയാണ് ജീസസ് യൂത്ത് കമ്മ്യൂണിറ്റിയിൽ ഉള്ളവർ പോലും ഇക്കാര്യങ്ങൾ അറിയുന്നത്. ആ കുറുപ്പിലെ പ്രശസ്ത ഭാഗങ്ങൾ ഇങ്ങനെയാണ്. എൻറെ കിഡ്നി തകരാറിലായ കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ജീസസ് യൂത്തിൽ നിന്നുള്ള മൂന്നു സഹോദരന്മാർ അവരുടെ വൃക്കകൾ തരാൻ മുന്നോട്ടുവന്നു. എന്നാൽ നിർഭാഗ്യവശാൽ അവരിൽ രണ്ടുപേരുടെ വൃക്കകൾ ആരോഗ്യപ്രശ്നങ്ങൾ മൂലം അനുയോജ്യമല്ല എന്നായിരുന്നു ഡോക്ടർമാർ വിശദീകരിച്ചത്. വേദനയുടെയും കഷ്ടപ്പാടുകളുടെയും ഈ ഘട്ടത്തിലൂടെ കടന്നു പോകേണ്ടത് ദൈവഹിതം ആയിരുന്നുവെന്ന് ഞാൻ വിശ്വസിച്ചു. ആ സമയത്താണ് ഒരു സുഹൃത്ത് വഴി ലില്ലി എന്ന യുവതി എന്റെ അടുത്തുവരുന്നത്. ദൈവപരിപാലന എത്ര വലുതാണെന്ന് ഞാൻ അന്ന് മനസ്സിലാക്കി. 1996 മുതൽ എനിക്ക് ലില്ലിയെ അറിയാമെങ്കിലും നഴ്സുമാരുടെ ശുശ്രൂഷയ്ക്കായി ഫുൾടൈം പ്രതിബദ്ധത ഏറ്റെടുത്തപ്പോഴാണ്
ലില്ലിയെ അടുത്ത് പരിചയപ്പെടുന്നത്. ലില്ലിയുടെ ഭർത്താവ് സന്തോഷ് എൻറെ അടുത്ത സുഹൃത്താണ്. ലില്ലി കിഡ്നി നൽകാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ ഫലം അനുയോജ്യമാകുമോ എന്നായിരുന്നു ആദ്യം ഞങ്ങളുടെ ആശങ്ക. ലില്ലി ഹാർട്ട് നഴ്‌സായി ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിൽ എല്ലാ പ്രാഥമിക പരിശോധനകൾക്കും അവൾ വിധേയയായി ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാ ഫലങ്ങളും അനുയോജ്യമായി. തുടർന്ന് ലില്ലി ഫീഡ്ബാക്കിനായി ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളെ സമീപിച്ചു. എന്തിനാണ് ഈ പരിശോധനകൾ നടത്തുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചപ്പോൾ തൻറെ വൃക്ക ദാനം ചെയ്യുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമാണിതെന്ന് ലില്ലി വിശദീകരിച്ചു. ഒരു കത്തോലിക്കൻ അല്ലെങ്കിലും അപ്രതീക്ഷിതമായി ഡോക്ടർ അവളോട് ചോദിച്ചു. സഹോദരി നിങ്ങളൊരു ജീസസ് യൂത്ത് ആണോ അതെ എന്ന ലില്ലിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ ചുണ്ടിലും പ്രാർത്ഥനകൾ ഉയരുന്നതിന് വഴിയൊരുക്കിയിട്ടുണ്ടാകണം. മനോജ് സണ്ണിയും ലില്ലിയും ഇപ്പോൾ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയക്കായി രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. അളവില്ലാത്ത വിധം പ്രാർഥനകളാണ് തനിക്ക് ഇപ്പോൾ ലഭിക്കുന്നത്. സർജറിക്ക് തൊട്ടുമുമ്പായി സ്നേഹിതർക്ക് അയച്ച ഒരു വാട്സ്ആപ്പ് സന്ദേശത്തിൽ മനോജ് സണ്ണി വ്യക്തമാക്കി. 30 ദിവസത്തെ ഗ്രിഗോറിയൻ കുർബാന ഉൾപ്പെടെ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. നിരവധി
ബിഷപ്പുമാരും വൈദികരും ഞങ്ങളുടെ രണ്ടു കുടുംബങ്ങൾക്കുമായി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി നൂറുകണക്കിന്
യുവജനങ്ങൾ മാധ്യസ്ഥ പ്രാത്ഥനക്ക് വേണ്ടി വിവിധ കൂട്ടായ്മകൾ രൂപീകരിച്ചതായി അറിയുന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. ഇതെല്ലാം ഒരു സംരക്ഷണ കവചം പോലെ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാർത്ഥനയുടെയും ഊഷ്മളത എനിക്ക് ശരിക്കും അനുഭവിക്കാൻ കഴിയുന്നു. ഇനിയുള്ള പത്ത് ദിവസം ഞാൻ ഐസിയുവിൽ ആയിരിക്കും എന്നെ ഫോൺ വിളിച്ചാൽ കിട്ടുകയില്ല. 27 വർഷം മുമ്പ് ജീസസ് യൂത്ത് മുഴുവൻ സമയ ശുശ്രൂഷക്കായി ജോലി ഉപേക്ഷിച്ച് നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ ഇറങ്ങിത്തിരിച്ചതിനെ കുറിച്ചാണ് ഇപ്പോഴത്തെ ചിന്ത. ഈ വർഷങ്ങളിൽ എല്ലാം ജീസസ് യൂത്ത് മൂവ്മെന്റിലൂടെ കത്തോലിക്കാ സഭയ്ക്ക് പരമാവധി പിന്തുണ നൽകാൻ ശ്രമിച്ചു. ഒരു കുടുംബാംഗത്തെ എന്ന പോലെ നിങ്ങളെന്നെ ചേർത്തു പിടിച്ചിട്ടുണ്ട് ആ സ്നേഹത്തിന് നിശ്ചയമായും ഞാൻ നന്ദിയുള്ളവനാണ്. ഇതൊരു വലിയ ശസ്ത്രക്രിയ ആണെന്നറിയാം വരും മാസങ്ങളിൽ എൻറെ ആരോഗ്യം വീണ്ടെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സർജറിക്ക് ശേഷം എന്ത് സംഭവിച്ചാലും അത് ദൈവഹിതം മാത്രമായി തീരാൻ നിങ്ങളുടെ പ്രാർത്ഥനകൾ അപേക്ഷിക്കുന്നു. ഇങ്ങനെയാണ് മനോജ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒരു തടസ്സവുമില്ലാതെ ശസ്ത്രക്രിയ സുഗമമായി നടന്നുവന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇരുവരെയും ഇപ്പോൾ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ലില്ലിയുടെയും മനോജിന്റെയും ആരോഗ്യ നില  തൃപ്തികരം എന്നാണ് അറിയുന്നത്. ദൈവം ഞങ്ങളോട് അത്യധികം കൃപ കാണിച്ചിരിക്കുന്നു. ലോകമെമ്പാടും അർപ്പിക്കപ്പെട്ട എല്ലാ പ്രാർത്ഥനകളുടെയും ഫലമായ ഒരു വലിയ സമാധാനവും ആത്മവിശ്വാസവും ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നുവെന്ന് മനോജിന്റെ ഭാര്യ ബീന കുറിച്ചിട്ടുണ്ട്. നമ്മുടെ പ്രാർത്ഥനകളിൽ മനോജിനെയും ലില്ലിയെയും ഓർക്കാം.
കടപ്പാട്: സൺ‌ഡേ ശാലോം

About Author

കെയ്‌റോസ് ലേഖകൻ