ജീസസ് യൂത്ത് കൊല്ലം ക്യാമ്പസ് ടീം അംഗമായിരുന്ന നിർമല നെറ്റോ (37) യുകെയിൽ നിര്യാതയായി.
യു.കെ: ജീസസ് യൂത്ത് കൊല്ലം ക്യാമ്പസ് ടീം അംഗമായിരുന്ന നിർമല നെറ്റോ (37) യുകെയിൽ നിര്യാതയായി. 2017 ലാണ് നിർമല യുകെയിലെത്തിയത്. സ്റ്റോക്ക്പോർട്ട് സ്റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിർമല ജോലി ചെയ്തിരുന്നത്. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരി ഒലിവിയ. സംസ്കാരം നാട്ടിൽ നടത്തുവാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ യുകെയിലെ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിർമ്മലയുടെ ജീവിതത്തെ കുറിച്ച് ഡോ.ബിജു ടെറൻസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
“ഏതാണ്ട് ഇരുപത്തിയഞ്ചുവർഷങ്ങൾക്കുമുൻപ് കൊല്ലം സെന്റ്.അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പ്ലസ് ടു പഠനത്തിനായി ദിവസവും സൈക്കിളിൽ എത്തുന്ന ഒരു പെൺകുട്ടി. ഒരു ആഭരണങ്ങളുടെയും അകമ്പടിയില്ലാതെ ജപമാലമാത്രം ആഭരണമാക്കി സൈക്കിളിൽ അവളെത്തുമ്പോൾ പ്ലസ്ടു പഠിതാക്കളായവരും അല്ലാത്തവരുമായ അനേകം യുവാക്കൾ തങ്കശ്ശേരി, ആൽത്തറമൂട്, ഫാത്തിമ തീർത്ഥാലയം തുടങ്ങി പലയിടങ്ങളിൽ അവളെ നോക്കിനിൽക്കാറുണ്ടായിരുന്നു. സയൻസ് പഠിക്കുന്ന ആ പെൺകുട്ടിയുടെ ക്ലാസ്സിലെ കുട്ടികളെ വെള്ളിയാഴ്ചകളിൽ വേദപാഠം/ മോറൽ സയൻസ് ക്ലാസുകളിലേക്ക് മാത്രം പഠിപ്പിക്കാൻ എത്തിയിരുന്ന എനിക്ക് അവൾ ഒരു അത്ഭുതമായിരുന്നു. കാരണം ആരോടും പിണക്കമില്ലാതെ, ഒന്നിനെയും പേടിയില്ലാതെ, ആരെയും പിണക്കാതെ, ആരുടേയും ശത്രുത പിടിച്ചു വാങ്ങാതെ, ഒരു പുഞ്ചിരിയുമായി അവൾ മുന്നോട്ടു പോകുന്ന കാഴ്ച ആശ്ചര്യകരം തന്നെയായിരുന്നു. പലയിടങ്ങളിൽ അവളെ തടഞ്ഞുനിർത്തി പ്രേമാഭ്യർത്ഥന നടത്തിയവരോടൊക്കെ പുഞ്ചിരിക്കുന്ന മുഖത്തോടെ അതുനനുരസിച്ചു അവൾ നടന്നുപോകുമ്പോൾ അവർ പറയുന്നത് കേൾക്കാറുണ്ടായിരുന്നു “അളിയാ ഇവളെ വിട്ടേരെ. ഇത് കന്യാസ്ത്രിയോ മറ്റോ ആകാൻ പോകുന്നയാളാണെന്നു”.
ഒരിക്കൽ ഞാൻ ആ നിർമല മുഖത്തോടു ചോദിച്ചു, ‘മോളെ നീ എന്താണ് അവരോടൊക്കെ പറയാറുള്ളതെന്നു. അന്ന് അവൾപറഞ്ഞു “അവരെന്നോട് ‘ഐ ലവ് യു’ എന്ന് പറയും, അപ്പോൾ ഞാനും അവരോടു പറയും ‘ഐ ടൂ ലവ് യു മൈ ബ്രദർ’, ബികോസ് മൈ ജീസസ് ലവ്സ് യൂ ടൂ.. എന്ന്”, അപ്പോൾ അവരങ്ങു പോകും സാർ…
പ്രിയപ്പെട്ട നിർമല നെറ്റോ, ഇന്ന് നിന്റെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം നിന്റെ വിയോഗ വാർത്ത കാണുമ്പോൾ വിശ്വസിക്കാൻ ആകുന്നില്ല മോളെ …
നിർമലമായ ആ പുഞ്ചിരി ഞങ്ങളിൽ നിന്നകന്നു എന്ന്…