January 22, 2025
Church Kairos Media News

നോർത്ത് ഡാലസിലെ സീറോമലബാർ ദേവാലയത്തിന്റെ നാമകരണം നടന്നു.

  • November 7, 2024
  • 1 min read
നോർത്ത് ഡാലസിലെ സീറോമലബാർ ദേവാലയത്തിന്റെ നാമകരണം നടന്നു.

USA : നോർത്ത് ഡാലസിലെ സീറോ മലബാർ സഭ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച മിഷന് സിറോമലബാർ സഭയുടെ സ്വന്തം വിശുദ്ധയായ വിശുദ്ധ മറിയം ത്രേസ്യയുടെ നാമം നൽകി.
ചിക്കാഗോ സിറോമലബാർ രൂപതയുടെ അധ്യക്ഷനായ ബഹുമാനപ്പെട്ട ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ ഉത്തരവിൻ പ്രകാരമാണ് ഇടവക മധ്യസ്ഥയെ പ്രഖ്യാപിച്ചത്.
അതോടൊപ്പം തന്നെ, സഹ മധ്യസ്ഥരായി യുവജനങ്ങളുടെയും, കുട്ടികളുടെയും പ്രിയപ്പെട്ട വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെയും, നിത്യസഹായ മാതാവിനെയും തിരഞ്ഞെടുക്കുകയുണ്ടായി.
ഇപ്പോൾ കോപ്പൽ സെന്റ്. അൽഫോൻസാ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിനെ സെന്റ് മറിയം ത്രേസ്യ മിഷന്റെ പ്രഥമ ഡയറക്ടറായി രൂപതാധ്യക്ഷൻ നിയമിച്ചു. കോപ്പൽ സെന്റ് അൽഫോൻസ ദേവാലയത്തിന്റെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ അസിസ്റ്റന്റ് ഡയറക്ടർ ആയും സേവനം അനുഷ്ഠിക്കും.
ബോസ് ഫിലിപ്പ്, റെനോ അലക്സ് എന്നിവരാണ് നിലവിലുള്ള കൈക്കാരനമാർ. വിശ്വാസ പരിശീലന സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ ആയി വിനു ആലപ്പാട്ടും, മിഷന്റെ അക്കൗണ്ടന്റ് ആയി സേവനം അനുഷ്ഠിക്കുന്നത് റോയ് വർഗീസുമാണ്.
നവംബർ മൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് 3 മണിക്കുള്ള വി: കുർബാനയോടെ നടന്ന നാമകരണ ചടങ്ങിൽ വിശുദ്ധരുടെ ചിത്രങ്ങൾ ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിന്റെ വികാരി ഫാ. ജെയിംസ് നിരപ്പേൽ പ്രകാശനം ചെയ്തു.
കോപ്പൽ സെന്റ് അൽഫോൻസ ദേവാലയത്തിന്റെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, സകല വിശുദ്ധരുടെ തിരുനാളിനോട് അനുബന്ധിച്ചു എല്ലാ വിശുദ്ധരുടെയും സംക്ഷിപ്ത അവലോകനം നടത്തി. നമുക്ക് ലഭിച്ചിരിക്കുന്ന വിശുദ്ധിയിലേക്കുള്ള വിളിയുടെ പ്രാധാന്യത്തെ കുറിച്ച് അച്ചൻ ആഹ്വാനം നൽകി. വിശുദ്ധരുടെ വേഷമിട്ട കുഞ്ഞുങ്ങൾ ആഘോഷങ്ങൾക്ക് മനോഹാരിത കൂട്ടി.
നോർത്ത് ഡാലസിലെ സെന്റ് മറിയം ത്രേസ്യ ദേവാലയം ആണ് മറിയം ത്രേസ്യ പുണ്യവതിയുടെ മാധ്യസ്ഥ നാമത്തിലുള്ള അമേരിക്കയിലെ ആദ്യത്തെ കത്തോലിക്ക ഇടവക. സീറോ മലബാർ സഭയുടെ ഡാലസിലെ മൂന്നാമത്തെ ഇടവക ആണ് സെന്റ് മറിയം ത്രേസ്യ സീറോ മലബാർ മിഷൻ. കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ എക്സ്റ്റെൻഷൻ കുർബാന ആയി ആരംഭിച്ച മിഷനിൽ ഈ വർഷം എല്ലാ ക്ലാസ്സുകളിലും വിശ്വാസ പരിശീലനവും ആരംഭിച്ചു.
ഫ്രിസ്കോയിലെ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയാണ്, മിഷനുള്ള എല്ലാ സ്ഥലസൗകര്യങ്ങളും നൽകി സഹായിക്കുന്നത്.

About Author

കെയ്‌റോസ് ലേഖകൻ