January 22, 2025
Church Kairos Media News

സ്ഥാനാരോഹണവും നന്ദി പ്രകാശനവും

  • October 31, 2024
  • 0 min read
സ്ഥാനാരോഹണവും നന്ദി പ്രകാശനവും

കോട്ടയം: ചങ്ങനാശേരി അതിരൂപതയിൽ മാർ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണവും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദി പ്രകാശനവും നടത്തപ്പെട്ടു. ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന്, ഒക്ടോബർ 31, വ്യാഴാഴ്ച, ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു.

രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. തുടർന്ന് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സി.ബി.സി.ഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.

പ്രായത്തിൽ താരതമ്യേന ചെറുപ്പക്കാരനായ മാർ തോമസ് തറയിൽ (52) 2017ലാണ് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായത്. ഏഴ് വർഷം കൊണ്ട് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമനം ലഭിക്കുന്നത് അപൂർവതയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത. സീറോ മലബാർ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നുമാണ്.
ചങ്ങനാശ്ശേരി തറയിൽ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളിൽ ഏറ്റവും ഇളയതാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയിൽ. സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂർ സെമിനാരിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി. 2000ൽ വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.

About Author

കെയ്‌റോസ് ലേഖകൻ