January 22, 2025
Church Jesus Youth Kairos Media News Stories

ചെറിയാച്ചനച്ചന്റെ ഓർമ്മകൾ പങ്കുവെക്കുന്ന “നീ കൂടെ നടന്ന കാലം”

  • October 21, 2024
  • 1 min read
ചെറിയാച്ചനച്ചന്റെ ഓർമ്മകൾ പങ്കുവെക്കുന്ന “നീ കൂടെ നടന്ന കാലം”

ഒരു മുളക് ചിക്കൻ കഥ

ചെറിയാച്ചനച്ചന്റെ ഓർമ്മകൾ പങ്കുവെക്കുന്ന നീ കൂടെ നടന്ന കാലം
ഒരു മുളക് ചിക്കൻ കഥ

ഒരു വൈകുന്നേരം ചെറിയാച്ചൻ വിളിച്ചിട്ട് പറഞ്ഞു : മാഷേ, ഞാൻ ആ വഴി വരുന്നുണ്ട്. ഭക്ഷണപ്രിയനായ ഞാൻ ഉടനെ ചോദിച്ചു അച്ചന് ഫുഡ് എന്താ റെഡിയാക്കേണ്ടത്? അച്ചൻ പറഞ്ഞു : രണ്ടു കിലോ ചിക്കനും 32 പച്ചമുളകും അറേഞ്ച് ചെയ്തോ.. ഞാനിത് രണ്ടും വാങ്ങിച്ചു വെച്ചു. പറഞ്ഞ സമയത്ത് അച്ചൻ വന്നു. എന്റെ മക്കളെ വിളിച്ച് അവർക്കുള്ള സമ്മാനങ്ങൾ, (തന്റെ കൈ കൊണ്ട് ഉണ്ടാക്കിയ മനോഹര ചിത്രങ്ങൾ) കൊടുത്തു. എന്റെ ഭാര്യ നീതയ്ക്ക് ഒരു തുണിക്കിഴിയിൽ പൊതിഞ്ഞ കുറച്ച് ഏലക്ക കൊടുത്തു. അത് അച്ചന് ആരോ കൊടുത്ത സമ്മാനമാണ്. പിന്നെ ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു : ഞാൻ പറഞ്ഞ സാധനം റെഡി ആണോ? ഞാൻ പറഞ്ഞു: വാങ്ങിയിട്ടുണ്ട് അച്ചാ. എങ്ങനെ ചെയ്യണമെന്ന് അച്ചൻ പറഞ്ഞാൽ മതി, ഞാൻ ഉണ്ടാക്കിക്കോളാം. അപ്പോൾ അച്ചൻ പറഞ്ഞു; വേണ്ട മാഷേ അത് ഞാൻ ഉണ്ടാക്കാം. അച്ചൻ അടുക്കള യിലേക്ക് വന്നു. സ്റ്റൗ കത്തിച്ച് ചട്ടി വച്ചു, ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു. വെളിച്ചെണ്ണ ചൂടായപ്പോൾ എടുത്തു വച്ചിരുന്ന 32 പച്ചമുളകുകൾ അതിലേക്ക് ഇട്ടു. എന്നിട്ട് കയിലുകൊണ്ട് ഇളക്കിക്കൊണ്ടിരുന്നു. മുളകു വാടിത്തുടങ്ങിയപ്പോൾ കഴുകി വെച്ചിരുന്ന ചിക്കൻ അതിലേക്ക് എടുത്തിട്ടു.. അപ്പോൾ ഞാൻ ചോദിച്ചു: അച്ചാ, നമുക്ക് സവാള, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാല ഇതൊന്നും ഇടണ്ടേ?

അച്ചൻ ചിരിയോടെ പറഞ്ഞു: ഏയ്, അതൊന്നും വേണ്ട. -മ്മുടെ ജീവിതം പോലത്തെ ഒരു കോഴിക്കറിയാണിത്. പല പ്രലോഭനങ്ങളും മുളകുപൊടിയായും മഞ്ഞൾപ്പൊടിയായും ഒക്കെ പരും.. ഒന്നിനെയും അടുപ്പിക്കരുത്. ഞങ്ങളെല്ലാവരും ചിരിച്ചു =പായി. അച്ചൻ്റെ മുളക് ചിക്കൻകറി റെഡിയായി. ഞാൻ ഉണ്ടാക്കിയ പപ്പാത്തിയും, അച്ചൻ ഉണ്ടാക്കിയ കോഴിക്കറിയും കൂട്ടി ഞങ്ങൾ സന്തോഷമായി ഭക്ഷണം കഴിച്ചു. അച്ചൻ്റെ മുളക് ചിക്കൻ സൂപ്പർ ആയിരുന്നു. അന്ന് അച്ചൻ കറിവെച്ചപ്പോൾ, ഗലീലിക്കടൽ തീരത്ത് ശിഷ്യർക്ക് പ്രാതലൊരുക്കിയ കർത്താവിനെ ഞാൻ ഓർത്തു.

ചെറിയാച്ചൻ എൻ്റെ മക്കൾക്ക് സമ്മാനം കൊടുത്ത ചിത്രങ്ങൾ ഞങ്ങളുടെ വീടിൻ്റെ ഭിത്തിയിൽ തൂക്കിയിട്ടിട്ടുണ്ട്. അതിലൂടെ അച്ചൻ്റെ സാന്നിധ്യം ഞങ്ങൾ എപ്പോഴും അനുഭവിക്കുന്നു. അച്ചൻ എനിക്കു തന്ന വേറൊരു സമ്മാനം ഞാൻ ഓർക്കുന്നു. ചെറിയാച്ചൻ സത്യദീപത്തിൽ ആയിരുന്നപ്പോൾ ഞാൻ ഇടയ്ക്ക് കാണാൻ പോകാറുണ്ട്. ഒരിക്കൽ ഞാൻ ചെന്നപ്പോൾ ആരോ ദുബായിൽ നിന്നും കൊടുത്തയച്ച ഒരു മ്യൂസിക് ഫ്ളൂട്ട് അച്ചൻ കാണിച്ചുതന്നു. എന്നിട്ടെന്നോട് പറഞ്ഞു: മാഷ് മ്യൂസിക്കിലൊക്കെ താല്‌പര്യമുള്ള ആളല്ലേ, ഇത് മാഷെടുത്തോ. എൻ്റെ കണ്ണുനിറഞ്ഞു പോയി. എല്ലാവർക്കും മനം നിറഞ്ഞു കൊടുത്തിരുന്ന ആളായിരുന്നു ചെറിയാച്ചൻ. അച്ചൻ തന്ന സമ്മാനങ്ങൾ ഞാൻ ഇടയ്ക്കിടെ എടുത്തു തലോടും, മുത്തും. ഇടയന്റെ ചൂര് അനുഭവിക്കും..
(ഷാജു ചെറിയാൻ മുൻ ജീസസ് യൂത്ത് ഫുൾ ടൈമർ)

അനേകരുടെ ജീവിതങ്ങളിൽ നന്മ വിരിയിച്ച് കടന്നുപോയ ചെറിയാൻ നേരെ വീട്ടിൽ അച്ചനെകുറിച്ചുള്ള, ജെസ്സി മരിയ തയ്യാറാക്കിയ നീ കൂടെ നടന്ന കാലം എന്ന പുസ്തകത്തിലെ 47 അനുഭവക്കുറിപ്പുകളിലൊന്ന്. ജീവൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം ലഭിക്കാൻ 8078999125

About Author

കെയ്‌റോസ് ലേഖകൻ