January 22, 2025
Stories Youth & Teens

മരുഭൂമിയിൽ ദൈവത്തെ കണ്ടപ്പോൾ

  • April 8, 2024
  • 1 min read
മരുഭൂമിയിൽ ദൈവത്തെ കണ്ടപ്പോൾ

പഠനം കഴിഞ്ഞു എറണാകുളത്തു ജോലി ചെയ്യുന്ന കാലം. ജോലികഴിഞ്ഞു ഇഷ്ട്ടം പോലെ സമയം. വളരെ അടുത്താണ് എറണാകുളം ബസലിക്ക പള്ളിക്കു മുന്നിലുള്ള നിത്യാരാധനാ ചാപ്പൽ. എന്നും അവിടെപ്പോയി മണിക്കൂറുകൾ ചെലവഴിക്കുന്നത് പതിവായി. വിശപ്പും ദാഹവുമൊന്നും തോന്നിയേ ഇല്ല. അങ്ങനെയിരിക്കുമ്പോഴാണ് ഗൾഫിലേക്ക് പോകാൻ കാര്യങ്ങൾ എല്ലാം ശരിയാകുന്നത്. പത്തിരുപത് ദിവസങ്ങൾക്കുള്ളിൽ ഗൾഫിലെത്തി. ചെന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി.

കണ്ണെത്താ ദൂരത്ത് മരുഭൂമിയിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്തു ജോലിസ്ഥലത്ത് എത്തി. ഞങ്ങളുടെ ക്യാമ്പ് മരുഭൂമിക്ക് അകത്ത് പ്രത്യേകം ക്രമീകരിച്ച പോർട്ടോ ക്യാബിനുകളിൽ (ആളുകൾ താമസിക്കുന്ന താൽക്കാലിക ക്യാബിനുകൾ) ആയിരുന്നു. ഏതാണ്ട് 1500 ജോലിക്കാർ താമസിക്കുന്ന ഒരു വലിയ ക്യാമ്പാണ്‌ അത്. പലതരത്തിലുള്ള മെസ്സുകൾ. ഞങ്ങളുടെ സ്റ്റാഫ്‌ മെസ്സിൽ എന്നും വിഭവസമൃദ്ധമായ വിഭവങ്ങൾ. റിക്രിയേഷൻ റൂം, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. അന്ന് ഇന്റർനെറ്റ് സൗകര്യങ്ങൾ അവിടെ ലഭ്യമായി തുടങ്ങിയിട്ടില്ല. മൊബൈലിൽ വീട്ടിലേക്ക് വിളിക്കുന്നത് വലിയ പണചിലവുള്ള ഏർപ്പാടാണ്. കാര്യങ്ങൾ പറയാൻ മാത്രം ഫോണ് വിളിക്കും. അതിരാവിലെ എഴുന്നേറ്റ് പേഴ്സണൽ പ്രയർ. 7.30ന് അവരവരുടെ ജോലി സ്ഥലങ്ങളിൽ പോകാനുള്ള വണ്ടി എത്തിക്കഴിയും. 5മണിയോടെ തിരിച്ചു റൂമിൽ എത്തും. ഡ്രെസ്സൊക്കെ മാറി നടക്കാൻ പോയി തിരിച്ചെത്തിയാൽ കുറേ നേരം ടി. വി കണ്ടുകൊണ്ടിരിക്കും. ജീസസ് യൂത്തും പള്ളിയും ആരാധനയും ഒന്നുമില്ലാതെ ഏകദേശം ഒരാഴ്ച പിന്നിട്ടു. ജീവിതം മറ്റൊരു താളത്തിൽ ക്രമീകരിക്കപ്പെടാൻ പഠിച്ചു. എങ്കിലും മനസ്സ് വല്ലാതെ പിടയാൻ തുടങ്ങി. പേഴ്സണൽ പ്രയറിന് ഇരിക്കുന്നുണ്ടെങ്കിലും മനസ്സ് വഴുതിമാറി നിന്നു. റൂമിൽ ഒറ്റക്കാണ്. കൂട്ടുകാരില്ല. കാലത്ത് ജോലിക്കുപോയി തിരിച്ചുവന്നാൽ പിന്നെ ആരും പുറത്തിറങ്ങില്ല. ആൾക്കൂട്ടത്തിന് നടുവിലും ഒറ്റപ്പെട്ടവനായി പോയ അവസ്ഥ.

ഒരു രാത്രിയിൽ, ഏകദേശം 8മണി ആയപ്പോൾ റൂമിൽ നിന്നുമിറങ്ങി നടന്നു. സ്ഥലമൊന്നും പരിചിതമല്ല. ഒരു മുന്നിൽ കണ്ട പുതിയ ഒരു വഴിയിൽ കുറേ നടന്നു. നല്ല തണുത്ത കാറ്റുവീശുന്നു. എങ്കിലും എന്റെ ഉള്ളുതണുപ്പിക്കാൻ ആ കാറ്റിനായില്ല. നടന്നു നടന്ന് റോഡ് തീർന്നു. മുന്നിൽ അറ്റമില്ലാത്ത മരുഭൂമിയാണ്. ഞാൻ ആ റോഡരുകിൽ ഇരുന്നു. പൂർണ്ണ ചന്ദ്രൻ. കുറേ നേരം അതിൽ തന്നെ നോക്കിയിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. വെള്ള നിറത്തിൽ സ്വർണ്ണ അരുളിക്കായിലെ ഈശോയെ ഞാൻ ആ ചന്ദ്രനിൽ കണ്ടു. എനിക്കെന്റെ കരച്ചിൽ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. “ഇതുപോലെ നിന്നെ നോക്കിയിരുന്നു ആരാധിച്ചിരുന്ന എന്നെ എന്തിനു നീ ഈ മരുഭൂമിൽ കൊണ്ടുവന്നിട്ടു?” ഞാൻ പലതും എണ്ണിപ്പറക്കികൊണ്ടിരുന്നു. ‘എടാ, ഒരു കഴുതയെ കെട്ടഴിച്ചു കൊണ്ടുവന്നു അതിന്റെ പുറത്തിരുന്നു എനിക്ക് പോകാമെങ്കിൽ നിന്നെ കെട്ടഴിച്ചു കൊണ്ടുവന്നു എന്തു ചെയ്യണമെന്ന് എനിക്കറിയാം.’ എന്റെ ഉള്ളിൽ ആരോ പറയുന്നതു ഞാൻ കേട്ടു. വലിയൊരു ആശ്വാസം എന്റെ ഉള്ളിൽ നിറഞ്ഞു. കണ്ണുകൾ തുടച്ച് ഞാൻ തിരികെ നടന്നു.

പോക്കറ്റിൽ ജപമാല ഉണ്ട്. അതെടുത്ത് തിരിച്ചുള്ള നടത്തത്തിൽ പ്രാർത്ഥിക്കാൻ ആരംഭിച്ചു. രണ്ടാം രഹസ്യം കഴിഞ്ഞു. ഞാൻ നോക്കിയപ്പോൾ കുറച്ചകലെ വലപോലെ കെട്ടിയ ഒരു ഫെൻസിങിനടുത്തു രണ്ടുപേർ മുഖാമുഖം നോക്കി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എൻറെ മനസ്സിൽ അങ്ങോട്ട് പോകാൻ വലിയ ഒരു പ്രേരണ ഉണ്ടായി. ഞാൻ അവരെ ഇതിനു മുൻപ് കണ്ടിട്ടില്ല. ആരോ എന്നെ തള്ളുന്നത് പോലെ. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി. എനിക്ക് വലിയ അത്ഭുതമായി, അവർ രണ്ടുപേരും മുഖത്തോടുമുഖം നോക്കി ജപമാല ചൊല്ലുകയാണ്, അതും മൂന്നാം രഹസ്യം ആരംഭിക്കുന്നു. ഞാൻ ഒന്നും പറയാതെ അവരുടെ പ്രാർത്ഥനയിൽ ചേർന്നു. ഞങ്ങൾ മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പലപ്പോഴും പ്രാർത്ഥന ചൊല്ലാൻ പോലും പറ്റാതെ ഉടക്കി നിന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും കെട്ടിപ്പിടിച്ചു. പരസ്പരം പരിചയപ്പെട്ടു, ആൻഡ്രൂസ് ചേട്ടനും വർഗീസ് ചേട്ടനും. കഴിഞ്ഞ മൂന്നു വർഷമായി അവർ ഇതുപോലെ പ്രാർത്ഥിക്കുകയാണ്. അവരുടെ ഇടയിലേക്ക് ആണ് ഞാൻ ചെന്നത്. ദിവസവും അവരുടെ കൂടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. അങ്ങനെ അവിടെ ഒരു പ്രാർത്ഥന ഗ്രൂപ്പ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.

ഒരു സാധ്യതയുമില്ല, ഇതൊരു മുസ്ലിം രാജ്യമാണ്. അതും മരുഭൂമിക്ക് അകത്ത്. പ്രാർത്ഥിച്ചു ഒരുങ്ങി ഒരു സ്ഥലത്തിനുവേണ്ടി മേലാധികാരികളോട് ചോദിച്ചു. തരില്ലെന്ന് കരുതിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവർ ഒരു പോർട്ടോ ക്യാബിൻ അനുവദിച്ചു തന്നു. ഞങ്ങൾ അതിൽ പ്രാർത്ഥിക്കാൻ ആരംഭിച്ചു. ആളുകൾ കൂടാൻ തുടങ്ങി. ആശാരിയായ ജിബിൻ ഒരു മരക്കുരുശ് ഉണ്ടാക്കി അവിടെ തൂക്കി. ആഴ്ചയിൽ ഞങ്ങൾ ഒരുമിച്ചു കൂടി.

അങ്ങനെയിരിക്കുമ്പോൾ ക്രിസ്മസ് എത്തി. ഞങ്ങൾ 25 നോമ്പ് ആരംഭിച്ചു. അത്രയും വലിയ ആ ക്യാമ്പിനകത്ത് ഞങ്ങൾ മേലാധികാരികളുടെ അനുമതിയോടെ തന്നെ ക്രിസ്തുമസ്സ് കൂടുണ്ടാക്കി. ക്രിസ്തുമസ് തലേന്ന് അവിടെ കേക്ക് മുറിച്ചു. പല രാജ്യങ്ങളിൽ നിന്നും പല ദേശങ്ങളിൽനിന്നും പല ഭാഷകൾ സംസാരിക്കുന്നവർ അന്ന് അവിടെ ക്രിസ്തുമസ് ആഘോഷിച്ചു. നാടും വീടും വിട്ട് ഒറ്റപ്പെട്ടു മരുഭൂമിയിൽ ജീവിതം നയിച്ച അനേകരുടെ ജീവിതത്തിൽ അന്ന് ഞങ്ങൾ സന്തോഷം കണ്ടു.

മൂന്നുമാസം കഴിഞ്ഞപ്പോൾ എനിക്ക് അവിടെ നിന്ന് ട്രാൻസ്ഫറായി. മരുഭൂമിയിൽ വിശ്വാസത്തിൻറെ വെളിച്ചം ആകാൻ കഴുതയെ പോലെ ഞങ്ങളെ ദൈവം ഉപയോഗിച്ചു.

(നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലേഖകന്റെ പേരോ സ്ഥലമോ വെളിപ്പെടുത്തുന്നില്ല. പ്രാർത്ഥനയിൽ ഈ സഹോദരങ്ങളെയും ചേർത്തുവക്കാം)

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *