പ്രത്യാശയുടെ പൊൻ തൂവൽ!

ഉറക്കമില്ലാത്ത രാത്രികൾ അതിഭീകരമാണ് എന്ന് കേട്ടിട്ടുണ്ട്. “കാളരാത്രി” എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. കഴിഞ്ഞയാഴ്ചയിൽ അലർജി മൂലം ചുമയും പനിയും പിടിച്ചു. ചുമക്ക് ലഭിച്ച മരുന്ന് ഉറക്കം കൂടുതൽ സമ്മാനിക്കുന്നതായിരുന്നു. പകൽ കൂടുതൽ ഉറങ്ങിയതിനാൽ, രാത്രിയിൽ പതിവുപോലെ ഉറക്കം വന്നില്ല. ഉറക്കം വന്നില്ലെങ്കിലെന്താ ചിന്തകൾക്ക് വല്ല പഞ്ഞവുമുണ്ടോ? പിന്നെ ചിന്തകളുടെ മായാലോകത്തേക്ക് ഒരു ദീർഘ സഞ്ചാരം! യുവ സംവിധായകനായ തരുൺമൂർത്തിയോട് ഒരു കഥ പറഞ്ഞാലോ? കഥ എങ്ങനെ പറയണമെന്നും, കഥയുടെ വഴിയിലൂടെയും ചിന്തകൾ സഞ്ചരിച്ചു. വിനിദ്രയാമങ്ങൾ അങ്ങനെ നീണ്ടുപോകുന്നു. കരുണക്കൊന്ത ചൊല്ലാനും ശ്രമിച്ചു. ഇതിനിടയിലൊക്കെ തരുൺ മൂർത്തിയോട് പറയാനുള്ള കഥയും പുരോഗമിച്ചുകൊണ്ടിരുന്നു. അങ്ങനെ പല വിചാര സമ്പന്നമായ ” ഉറക്കമില്ലാത്ത ഒരു രാത്രി” എന്നിലും സംഭവിച്ചു. ഏതോ യാമത്തിൽ ഞാൻ ഉറക്കത്തിന് വഴി മാറി. പിറ്റേദിവസം പ്രസരിപ്പോടെ എഴുന്നേറ്റു. പുതിയ പ്രഭാതത്തിൽ ” അച്ചാച്ച ഞാനിന്നു മുതൽ ഒരു പുതുസൃഷ്ടിയാണ്” എന്ന് പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് രണ്ടാമത്തെ മകൾ വന്നു. “അതെന്താ?” ഞാൻ ചോദിച്ചു. “ഇന്നലെവരെ ഞാൻ പ്രതീക്ഷിച്ചിരുന്ന മാർക്ക് ലഭിക്കാത്തതിൽ ഉള്ളിൽ ഒരു വിഷമവും നിരാശയും ഉണ്ടായിരുന്നു. ഇപ്പോൾ അതു മാറി. അപ്രതീക്ഷിതമായത് സംഭവിച്ചാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഞാൻ പഠിച്ചു.” അവളുടെ മറുപടിയും ഉറങ്ങാത്ത രാത്രിയും എന്നിലും ഒരു പുതുസൃഷ്ടിയാകാനുള്ള കൗതുകം ജനിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയിൽ മാതൃകാ ദമ്പതികളെപോലെ കേരളം സന്ദർശിച്ചവർ, കോപത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളെ സ്വയം ആവാഹിച്ച് പരസ്പരം കുത്തി കൊല്ലപ്പെടുത്തി എന്നൊരു വാർത്ത വേദനയോടെ വായിച്ചു. ഒരുപക്ഷേ അത് കൊലപാതകമോ ആത്മഹത്യയോ ആകാം. അഭ്യസ്തവിദ്യരായ സാമ്പത്തിക ഔന്നിത്യമുള്ള ഈ ചെറുപ്പക്കാർക്ക് എന്തേ ജീവിതത്തിൽ ഇതുപോലെ കാലിടറുന്നു? മയക്കുമരുന്നിന്റെ നീരാളി പിടുത്തത്തിലേക്ക് പുതുതലമുറ വഴുതിവീഴുന്നു. കുട്ടികൾക്കിടയിൽ വൈകാരികമായി ചിന്തിക്കുകയും, ധൃതഗതിയിൽ പ്രതികരിക്കുകയും, ക്ഷിപ്രകോപത്തിന് അടിമപ്പെടുകയും ചെയ്യുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നു. യാഥാർത്ഥ്യങ്ങളിൽ നിന്ന് നമുക്കും വ്യതിചലിക്കാനാവില്ല.
പ്രലോഭനങ്ങൾ പണമായും, മയക്കുമരുന്നായും, സുഹൃത്ത് ബന്ധമായും നമ്മുടെ മക്കളെ സമീപിക്കുമ്പോൾ, അതിനെ നേരിടാനുള്ള വിവേകവും ധൈര്യവും ലഭിക്കുന്നത് മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടുന്ന തെളിമയുള്ള കാഴ്ചപ്പാടുകളിൽ നിന്നാണ്. മക്കൾക്ക് നൽകുവാൻ ഓരോ അപ്പനും അമ്മയ്ക്കും അവരുടെ ജീവിത ഭണ്ഡാരത്തിൽ എന്തുണ്ട്? പച്ചയായ അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്ത തിളക്കമാർന്ന മാതൃകകളല്ലേ മക്കൾക്ക് നൽകുവാനുള്ള അടിസ്ഥാന മൂലധനം? അതിലേറെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ഒരു ദൈവം ഹൃദയത്തിൽ ജീവിക്കുന്നു എന്ന സത്യം തിരിച്ചറിയുവാനുള്ള പാകത വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം മക്കൾക്ക് സമ്മാനിക്കുന്നു.
എന്റെ യുവത്വത്തിൽ ഞാൻ ജീസസ് യൂത്തിൽ സജീവമായിരുന്നു. അന്ന് ആർജ്ജിച്ചെടുത്ത ചില അടിസ്ഥാന മൂല്യങ്ങളിൽ ഏറ്റവും പ്രധാനം ക്രിസ്തു കേന്ദ്രീകൃതമായ ജീവിതശൈലിയാണെന്ന് നിസ്സംശയം പറയുവാൻ എനിക്ക് കഴിയും. പ്രതികൂലങ്ങളിൽ അടിപതറാതെ നിൽക്കുവാനും, വെല്ലുവിളികളെ സധൈര്യം നേരിടുവാനും ഈശോയുമായുള്ള ചങ്ങാത്തമാണ് എന്നെ സഹായിക്കുന്നത്. ജീവിതത്തിലെ ചില പ്രയാസകരമായ സാഹചര്യങ്ങളിലൂടെ ഞാൻ സഞ്ചരിച്ചപ്പോൾ, എനിക്ക് ആത്മവിശ്വാസം പകർന്നു നൽകിയതും, പ്രത്യാശയോടെ അവയെ നേരിടുവാൻ ശക്തി നൽകിയതും ഈ ആപ്ത മന്ത്രമാണ്. എന്റെ ജീവിതത്തിലൂടെ എന്റെ മക്കൾക്ക് സമ്മാനിക്കുവാൻ കഴിയുന്നതും ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതശൈലി മാത്രമാണ്.
വെയിലത്ത് വാടുന്ന പുൽത്തരി പോലെ മങ്ങി പോകേണ്ടതല്ല നമ്മുടെ ജീവിതം. ജീവിത പ്രശ്നങ്ങളിൽ തളർന്ന് മാനസിക ധൈര്യം ചോർന്ന് ഉറക്കം നഷ്ടപ്പെടുന്നവരുടെ അവസ്ഥ തികച്ചും സങ്കടകരമാണ്. സംഘർഷങ്ങളിൽ മുട്ടുശാന്തി ലഭിക്കുവാൻ ആശ്രയിക്കുന്ന കുറുക്കു വഴികൾ പലപ്പോഴും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാകുന്നു. ഇവിടെയാണ് ” ആഴങ്ങളിലേക്ക് നോക്കി വലയെറിയുവാൻ” ആഹ്വാനം ചെയ്തവന്റെ പ്രസക്തി. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം അവൻ എനിക്ക് നൽകുന്നുണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് ഭയപ്പെടണം? നിരാശയ്ക്ക് അടിമപ്പെടണം? കാർമേഘങ്ങൾ പടരുന്ന അന്തരീക്ഷത്തിൽ തെളിച്ചം നൽകുന്ന സൂര്യകിരണങ്ങൾ നമുക്കും പ്രചോദനം നൽകുന്നു. എന്റെ ജീവിതത്തിലെ പ്രശ്നങ്ങളുടെ കാർമേഘപടലങ്ങൾ കടന്നു പോകും. ഞാൻ പ്രസരിപ്പോടെ അവയെ നേരിട്ട് ഒരു പുതുസൃഷ്ടിയായി സംഘർഷങ്ങളുടെ ചാരക്കൂമ്പാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരും.
✍🏻..ജിബി ജോർജ് | ഷാർജ |