May 3, 2025
Church Jesus Youth Kairos Media News

പാപ്പാ ഫ്രാന്‍സിസും മാറ്റൊലിയായി മാറിയ മൂന്ന് വാക്കുകളും

  • April 28, 2025
  • 1 min read
പാപ്പാ ഫ്രാന്‍സിസും മാറ്റൊലിയായി മാറിയ മൂന്ന് വാക്കുകളും

ബിഷപ്പ് അലക്സ് വടക്കുംതല

ഒരു കാലഘട്ടത്തിന്‍റെ പ്രവാചകശബ്ദം നിലച്ചു. ഫ്രാന്‍സിസ് പാപ്പാ കടന്നുപോയി. എന്നാല്‍, ആ ശബ്ദത്തിന്‍റെ പ്രതിദ്ധ്വനി ഇനിയും സഭയിലും സമൂഹത്തിലും നമ്മുടെ മനഃസാക്ഷികളിലും അലയൊലിച്ചുകൊണ്ടേയിരിക്കണം.

പന്ത്രണ്ടുവര്‍ഷം നീണ്ട പരമാചാര്യ ശുശ്രൂഷാ കാലയളവില്‍ മൂന്ന് പദങ്ങള്‍ ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു: ആനന്ദം, കാരുണ്യം, പ്രത്യാശ. ഈ വാക്കുകളുടെ അനുരണനങ്ങള്‍ ഒരു പേപ്പല്‍ പൈതൃകത്തിന്‍റെ മാറ്റൊലിയായി ഇനിയും തുടരും.

അതോടൊപ്പം, കത്തോലിക്കാ സഭയുടെയും ആഗോള സമൂഹത്തിന്‍റെയും കെട്ടുറപ്പിനും നിലനില്പിനും ചില ഫ്രാന്‍സിസ് ദര്‍ശനവും ജീവിത ശൈലിയും തുടര്‍ന്നും സ്വീകരിക്കേണ്ടിയുമിരിക്കുന്നു: ‘സോദരര്‍ സര്‍വ്വരും.’ (Fratelli Tutti ) വഴി നല്കിയ മാനുഷിക സമഭാവനയും വിശ്വസാഹോദര്യവും, ‘അങ്ങേയ്ക്കു സ്തുതി’ (Laudato Si) സമ്മാനിച്ച സമഗ്ര പാരിസ്ഥിതികതയും, സഭാസംവിധാനങ്ങളില്‍ നിലനില്ക്കേണ്ട സിനഡാലിറ്റിയും സുതാര്യതയും.

അടിസ്ഥാനം, ‘ആനന്ദം’

ഫ്രാന്‍സിസ് പാപ്പയുടെ പല പ്രബോധനങ്ങളുടെയും ശീര്‍ഷകം ‘ആനന്ദം’ എന്ന പദവുമായി ബന്ധപ്പെട്ടവയായിരുന്നു. കുടുംബങ്ങളെപ്പറ്റിയുള്ള സിനഡനന്തര അപ്പസ്തോലിക ആഹ്വാന്നത്തിന്‍റെ പേര് ‘സ്നേഹത്തിന്‍റെ ആനന്ദം’ (Amoris Laetitia-Joy of Love) എന്നാണല്ലോ. ‘കുടുംബങ്ങളിലെ ആനന്ദമാണ് സഭയുടെ ആനന്ദം’ എന്നു കുറിച്ചുകൊണ്ടാണ് ഈ പ്രബോധനം ആരംഭിക്കുന്നതുതന്നെ. മനുഷ്യജീവിതത്തിലെ ആനന്ദത്തിന്‍റെ അടിസ്ഥാനം ഏതു വേനലറുതിയിലും ഉറവവറ്റാത്ത സ്നേഹത്തിലാണ്. വിശുദ്ധ പൗലോസിന്‍റെ സ്നേഹത്തിന്‍റെ അനശ്വരകാവ്യം (1 കൊറി 13:4-7) വിശദമായി വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കുന്നു. ‘നമ്മുടെ ഈ യാത്രയില്‍ ഓരോ ചുവടിലും സ്നേഹം ആനന്ദം പകരുന്നു ‘ ( AL, 163).

ഫ്രാന്‍സിസ് പാപ്പയുടെ വളരെ പ്രസക്തമായ ചോദ്യം ഇതായിരുന്നു: പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും നടുവിലും ആനന്ദം അനുഭവിക്കാനാകുമോ? അതിനു മറുപടിയായിരുന്നു 2018 മാര്‍ച്ച് മാസം പ്രസാധനം ചെയ്ത, ‘ആഹ്ളാദിച്ച് ഉല്ലസിക്കുവിന്‍’ (Rejoice and be Glad- Gaudete et exsultate) എന്ന പ്രബോധനം. ക്രൈസ്തവ ജീവിതത്തിന്‍റെ ‘തിരിച്ചറിയല്‍ കാര്‍ഡ്’ (Identity Card) എന്നു പാപ്പ വിളിച്ച മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ സുവിശേഷ ഭാഗ്യങ്ങളെപ്പറ്റിയുള്ള വ്യാഖ്യാനം അങ്ങനെ ശ്രദ്ധേയമായി. ‘എന്നെ പ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഢിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍’ (മത്താ 5:12).

വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ തടവറയില്‍ കഴിയേണ്ടിവന്ന കാര്‍ഡിനല്‍ ഫ്രാന്‍സിസ് സേവ്യര്‍ വാന്‍ തുവാന്‍റെ ജീവിതം വിവരിച്ച് പാപ്പാ വ്യക്തമാക്കി: ‘സഹനത്തിന്‍റെ തടവറ നിമിഷങ്ങള്‍ അതിജീവിക്കാന്‍ സ്നേഹംകൊണ്ട് വക്കുവരെ നിറച്ചു. പീഢാനുഭവങ്ങളിലൂടെയും കുരിശിലെ ത്യാഗത്തിലൂടെയും വിജയം വരിച്ച ഉത്ഥിതനായ ക്രിസ്തു ബലഹീനതകളില്‍ നമ്മെ ശക്തിപ്പെടുത്തുന്നു ‘ ( No 18).

കഠിനയാതനകളിലൂടെ കടന്നുപോയ ആഫ്രിക്കയിലെ സുഡാനില്‍ നിന്നുള്ള അടിമ പെണ്‍കുട്ടി, ജോസഫിന്‍ ബക്കീത്തയുടെ വിവരണവും എത്രയോ ഹൃദയഹാരിയാണ് (നമ്പര്‍ 32-33). വെറും ഏഴുവയസ്സുള്ളപ്പോഴാണ് നിഷ്ക്കളങ്കയായ ആ ഗ്രാമീണ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പലപ്രാവശ്യം അടിമച്ചന്തയില്‍ വില്ക്കുകയും വാങ്ങുകയും ചെയ്യപ്പെട്ടു. യജമാനന്‍മാരില്‍ നിന്നും നിത്യപീഢനങ്ങളും ഘോരയാതനകളും അനുഭവിക്കേണ്ടിവന്നു. ചാട്ടവാറടികളുടെ 144 മുറിപ്പാടുകള്‍ അവളുടെ ശരീരത്തില്‍ മായാതെ തെളിഞ്ഞുനിന്നു. ജീവിതത്തിന്‍റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ അവളൊരു യജമാനനെ കണ്ടുമുട്ടി. ജനനനിമിഷം മുതല്‍ തന്നെ സ്നേഹിക്കുകയും നിരന്തരം കരുത്തു പകരുകയും ചെയ്ത, അതുവരെ അജ്ഞാതനായിരുന്ന യജമാനനെ. അവനില്‍ അവള്‍ സ്നാനപ്പെട്ടു. സഹനങ്ങള്‍ക്കപ്പുറം ക്രിസ്തുവില്‍ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തി. തുടര്‍ന്ന്, അവളൊരു സമര്‍പ്പിതയായി. ഇപ്പോള്‍ വിശുദ്ധയും. ഫ്രഞ്ച് നോവലിസ്റ്റ് ലിയോണ്‍ ബ്ലോയിയെ ഉദ്ധരിച്ച്, പാപ്പ പറയുന്നു: ‘ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം വിശുദ്ധനാകാതിരിക്കുന്നതാണ്!’ (നമ്പര്‍ 34).

സുവിശേഷത്തിന്‍റെ ആനന്ദം (Joy of the Gospel-Evangelii Gaudium) ആണ് എല്ലാ അര്‍ത്ഥത്തിലും ഫ്രാന്‍സിസ് പാപ്പയുടെ കൈയൊപ്പുള്ള അപ്പോസ്തലിക ആഹ്വാനം. അതിന്‍റെ പ്രാരംഭ വാക്യങ്ങള്‍ തന്നെ നാം ശ്രദ്ധിക്കണം: യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളിലും മുഴുജീവിതത്തിലും സുവിശേഷത്തിന്‍റെ ആനന്ദം കൊണ്ട് നിറയുന്നു. അവിടുത്തെ രക്ഷ സ്വീകരിക്കുന്നവര്‍ പാപം, ദുഃഖം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയില്‍ നിന്ന് സ്വതന്ത്രരാക്കപ്പെടുന്നു! (നമ്പര്‍ 1)

അങ്ങനെ, ‘ക്രിസ്തുവിനോടൊപ്പം, സന്തോഷം നിരന്തരം പുനര്‍ജന്മം പ്രാപിക്കാന്‍ ‘ ഓര്‍മ്മപ്പെടുത്തലായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ അജപാലന നേതൃത്വം.

കാരുണ്യം, എല്ലാവരുമായും എല്ലാറ്റിനോടും

കാരുണ്യമാണ് ദൈവത്തിൻറെ നാമം ( The name of God is Mercy ) എന്ന പുസ്തകം 2016 ൽ ഫ്രാൻസിസ് പാപ്പയുമായി വത്തിക്കാൻ റിപ്പോർട്ടർ ആയ തൊർണിയെല്ലി (Andrea Tornielli ) നടത്തിയ അഭിമുഖമാണ്. അതിൽ പറയുന്നതിതാണ്: കാരുണ്യത്തിന്റെ കയ്റോസ് കാലമാണിത്. സുവിശേഷ സന്ദേശത്തിന്റെ കാതലാണത്. കാരുണ്യം പങ്കുവെക്കാനുള്ള അനുഗ്രഹീതമായ അവസരവും ഇതാണ്. ( Pope Francis, the name of God is Mercy, pan Macmillon, UK, 2016 P4-5)

‘സ്വർഗ്ഗ പിതാവിന്റെ കാരുണ്യത്തിന്റെ മുഖമാണ് യേശുക്രിസ്തു’ എന്നാണ് കാരുണ്യത്തിന്റെ അസാധാരണജൂബിലി വർഷം പ്രഖ്യാപിച്ചുകൊണ്ട് 2015 ഏപ്രിൽ 11ന് ദൈവ കാരുണ്യ ഞായറാഴ്ചയുടെ ജാഗരണ ദിനത്തിൽ ഇറക്കിയ ‘കാരുണ്യത്തിന്റെ മുഖം’ (The face of Mercy – Miscericordiae Vultus) എന്ന പ്രഖ്യാപനം ആരംഭിക്കുന്നത്. ”ദൈവ പിതാവിനെ പോലെ കരഞ്ഞു ഉള്ളവർ ആയിരിക്കുക” എന്നതായിരുന്നു വിശുദ്ധ വർഷത്തിന്റെ ആദർശവാക്യം.

സമൂഹത്തിന്റെ അങ്ങേയറ്റത്തെ അരികുകളിൽ ജീവിക്കുന്നവരിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കുന്ന അനുഭവത്തിലേക്ക് ആണ് ( No.15) ഈ ആചരണം പ്രചോദിപ്പിച്ചത്. നായീനിലെ വിധവയോടും (ലൂക്ക 7:15) ഗെരസേനയുടെ നാട്ടിലെ പിശാച് ബാധിതനോടും (മർക്കോസ് 5:19) , വിശന്നിരിക്കുന്ന ജനക്കൂട്ടത്തോടും ക്രിസ്തു പ്രദർശിപ്പിച്ച അനുകമ്പ ഇന്നും ജീവിക്കേണ്ടതാണെന്നും നീതിക്കും അപ്പുറം കാരുണ്യം ഉണ്ടാവണമെന്നും പാപ്പ അടിവരയിട്ട് അറിയിച്ചു.

കരുണാര്‍ദ്ര സ്നേഹം കൊണ്ട് മത്തായിയെ യേശു നോക്കുകയും തിരഞ്ഞെടുക്കുകയും ചെയ്ത സുവിശേഷ ഭാഗമായിരുന്നു മെത്രാഭിഷേക ആപ്തവാക്യമായി തിരഞ്ഞെടുത്തിരുന്നെന്ന കാര്യവും പാപ്പ പലപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. ജൂബിലിയുടെ സമാപന അവസരത്തില്‍ കരുണയുടെ അവസാനിക്കാത്ത തുടരാഘോഷം ആഹ്വാനം ചെയ്തുകൊണ്ട്, പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനമായിരുന്നു ‘കരുണയും കരുണാര്‍ഹയും (Misericordia et Misera). വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യേശു കണ്ടുമുട്ടുന്ന സംഭവം (യോഹ 8:1-11) പുനരാഖ്യാനം നടത്തുമ്പോള്‍ വിശുദ്ധ അഗസ്റ്റിന്‍ ഉപയോഗിക്കുന്ന പ്രയോഗമാണല്ലോ ‘കരുണയും കരുണാര്‍ഹയും. ‘ ഈ കരുണയും നീതിയും സഭയുടെ എല്ലാ തലങ്ങളിലും തുടരണമെന്നും അങ്ങിനെ ‘കാരുണ്യത്തിന്‍റെ വിതരണക്കാരാകാൻ ‘ ഓര്‍മ്മിപ്പിക്കുകയായിരുന്നു പാപ്പ. ജൂബിലിയുടെ കവാടം അടച്ചാലും നമ്മുടെ ഹൃദയത്തിന്‍റെ കരുണയുടെ കവാടം മലര്‍ക്കെ തുറന്നുതന്നെ കിടക്കണമെന്ന് പാപ്പ ആഗ്രഹിക്കുന്നു.

നിരാശയുടെ നിഴല്‍ വീഴാത്ത പ്രത്യാശ

ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ, ‘Hope’ 2025 ജനുവരി മധ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ പലരും അതിശയിച്ചു, ‘എന്തുകൊണ്ട് ആ ശീര്‍ഷകം?’ എന്ന്. ഉത്ഥാനത്തിന്‍റെ പ്രത്യാശയുടെ തിരുനാള്‍ ആഘോഷം കഴിഞ്ഞ് 2025 ഏപ്രില്‍ 21-ന് കടന്നുപോകുമ്പോള്‍ നാം തിരിച്ചറിയുന്നു, തന്‍റെ ‘ലാസ്റ്റ് ടെസ്റ്റമെന്‍റ്’ ലോകത്തിനായുള്ള ‘ഒസ്യത്ത് ‘ നിരാശയുടെ നിഴല്‍ വീഴാത്ത ഈ ജീവിതാനുഭവം തന്നെയാണെന്ന്.

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും അരികുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരോടും എന്നും കാരുണ്യവും കനിവും കാത്തുസൂക്ഷിച്ച ആ മനസ്സിന്‍റെ പിന്നാമ്പുറങ്ങളിലെ അനുഭവം പുസ്തകത്തിന്‍റെ ആമുഖത്തില്‍ കൊടുത്തിട്ടുണ്ട്. 1927 ഒക്ടോബര്‍ 11-ന് ഇറ്റലിയിലെ ജെനോവയില്‍ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കപ്പല്‍ യാത്രക്കുള്ള ടിക്കറ്റെടുത്തതും, എന്നാല്‍ യാത്രയാകും മുമ്പ് കുടുംബസ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ടിക്കറ്റ് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റതും, അങ്ങനെ അവരെക്കൂടാതെ യാത്രപോയ കപ്പല്‍ മുങ്ങിത്താണതും അവിടെ വിവരിക്കുന്നുണ്ട്. അവസാന നിമിഷം ടിക്കറ്റ് കൈമാറി യാത്ര മുടങ്ങിയ മൂന്നുപേര്‍, മാതാപിതാക്കളും അവരുടെ ഏക മകന്‍ മാരിയോയും ആയിരുന്നു. തനിക്ക് ജീവിതം പകര്‍ന്ന തന്‍റെ വത്സല പിതാവ്, മാരിയോ! പാപ്പ ആമുഖത്തില്‍ തുടരുന്നു: ‘That is why I am here now ‘ ഇങ്ങനെ ദൈവീക പരിപാലനയ്ക്ക് എത്രയോ പ്രാവശ്യം ഞാന്‍ നന്ദിപറയുന്ന അനുഭവം ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് ആര്‍ക്കും ചിന്തിക്കാനാവില്ല. (Pope Francis, Hope – the Autobiography, Penguin -Viking UK 2025 P6 ) അതാണ് ആത്മകഥയിലൂടെ പാപ്പ പകരുന്ന പ്രത്യാശയുടെ ഒസ്യത്ത്.

പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്‍റെ സെന്‍റ് പീറ്റേഴ്സ് ബസ്ലീക്കയുടെ ആനവാതില്‍ തുറന്നിട്ടുകൊണ്ടാണ് പാപ്പ എന്നെന്നേക്കുമായി പടിയിറങ്ങുന്നത്. 2025-ലെ സാധാരണ ജൂബിലിയുടെ സ്ഥാപന ബൂളയുടെ ശീര്‍ഷകവും ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ (Spes non confundit) എന്നാണ്. അത് പാപ്പ വ്യക്തമാക്കുന്നു: ‘ഭാവിയെ പ്രത്യാശയോടെ നോക്കുക എന്നത് ജീവിക്കുന്നതിന് ആവേശവും അത് പങ്കുവയ്ക്കുന്നതിന് സന്നദ്ധതയും ഉണ്ടാവുക എന്നുകൂടിയാണ് ‘ (നമ്പര്‍ 9). സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവര്‍ക്ക്, വയോധികര്‍ക്ക്, യുവാക്കള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക്, ദരിദ്രര്‍ക്ക്, കുടിയേറ്റ ജനതയ്ക്ക്, തടവറയില്‍ കഴിയുന്നവര്‍ക്ക്, അങ്ങിനെ എല്ലാവര്‍ക്കും ഒളിമങ്ങാത്ത പ്രത്യാശയില്‍ കഴിയാനാവണം.

ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്കാ സഭയുടെ അജപാലന ശുശ്രൂഷാനേതൃത്വം ഏറ്റെടുത്തശേഷം അദ്ദേഹത്തെപ്പറ്റി ആദ്യമായി ഇറങ്ങിയ പുസ്തകങ്ങളിലൊന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ക്രിസ് ലോവ്ണി (Chris Lowney) യുടെ Pope Francis : Why he leads the way he leads (Loyola Press, Chicago) ആയിരുന്നു. ”What is distinctive of a Jesuit Pope ?” (ഈശോ സഭക്കാരനായ പാപ്പ എങ്ങിനെ വ്യത്യസ്തനാകുന്നു?) എന്നാണ് ക്രിസ് ചോദിക്കുന്നത്.

സഭാസ്ഥാപകന്‍ ഇഗ്നേഷ്യസ് ലൊയോള തന്നെ യുദ്ധം സമ്മാനിച്ച ശാരീരിക മുറിവുകളിലൂടെ ആത്മീയോണര്‍വ് സമ്പാദിച്ച വിശുദ്ധനാണ്. അത് സമാധാന സംസ്ഥാപനത്തിനും വിശ്വ സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാന്‍ മനഃസാക്ഷിയെ ഒരുക്കിയിരിക്കാം. താന്‍ സ്വീകരിച്ച അസീസിയിലെ ഫ്രാന്‍സിസിന്‍റെ നാമം, എല്ലാം ഉപേക്ഷിച്ച് ദരിദ്രനായിത്തീര്‍ന്ന ആ കുബേരകുമാരന്‍റെ ചൈതന്യം സ്വന്തമാക്കാന്‍ ഇടയാക്കിയിരിക്കാം. ദരിദ്രരെയും കുഷ്ഠരോഗികളെയും ആശ്ലേഷിക്കുന്ന, സൃഷ്ടപ്രപഞ്ചത്തിനായും പരിസ്ഥിതിക്കായും തുടിക്കുന്ന ആ സ്നേഹഗായകന്‍റെ ഈണം അങ്ങനെ പാപ്പാ ഫ്രാന്‍സിസിന്‍റെയും ഹൃദയരാഗമായി. എല്ലാറ്റിനും ഉപരിയായി പീഢാനുഭവങ്ങളെയും കാല്‍വരി കുരിശിലെ മരണത്തെയും അതിജീവിച്ച് ഉത്ഥിതനായ ക്രിസ്തു നിരന്തരം ശക്തിയായും ശാന്തിയായും പ്രത്യാശയായും എന്നും കൂടെ ഉണ്ടല്ലോ.

ഏതായാലും, ഈ കാലഘട്ടത്തിന്‍റെ പ്രവാചക ശബ്ദം നിലച്ചു. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ എന്ന ആത്മീയ ആചാര്യന്‍റെ വാക്കുകള്‍, ആനന്ദം, കാരുണ്യം, പ്രത്യാശ, നമ്മില്‍ അനുരണനങ്ങള്‍ ഉണര്‍ത്തട്ടെ. പാപ്പാ, പ്രണാമം!

About Author

കെയ്‌റോസ് ലേഖകൻ