May 7, 2025
Church Jesus Youth Kairos Media News

കാരുണ്യവാനായ പിതാവിന്റെ മുഖമുള്ള നേതാവ്.

  • April 28, 2025
  • 1 min read
കാരുണ്യവാനായ പിതാവിന്റെ മുഖമുള്ള നേതാവ്.

ഫ്രാൻസിസ് മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ പിൻഗാമിയായി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെ, പെന്തക്കോസ്ത ദിനത്തിൽ വത്തിക്കാനിൽ സഭാ പ്രസ്ഥാനങ്ങളുടെ ഒരു സമ്മേളനം അദ്ദേഹം പ്രഖ്യാപിച്ചു. 2013 മെയ് 26 ന്, ഈ സമ്മേളനത്തിനിടെയാണ് പുതിയ മാർപാപ്പയെ ആദ്യമായി കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്. അദ്ദേഹം മാർപാപ്പയായി വെറും രണ്ടുമാസം മാത്രം ആയപ്പോഴായിരുന്നു അത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെയും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെയും ഞാൻ കണ്ടിട്ടുണ്ടെങ്കിലും, ഈ കൂടിക്കാഴ്ച വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ ആദ്യമായി കണ്ടപ്പോൾ, എന്റെ കണ്ണുകൾ കവിഞ്ഞൊഴുകുകയായിരുന്നു. കാരണം പരിശുദ്ധമായ ഒരു സ്ഥലത്തും വിശുദ്ധനായ ഒരു വ്യക്തിയുടെ സാന്നിധ്യത്തിലുമാണ് ഞാൻ നിൽക്കുന്നതെന്ന് തിരിച്ചറിയാൻ എനിക്ക് സാധിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള സിനഡിന്റെ അവസാനത്തിലാണ് ഞാൻ ബെനഡിക്ട് മാർപാപ്പയെ ആദ്യമായി കാണുന്നത്. ഈ സിനഡിന്റെ ഭാഗമായി ഒരു മാസത്തോളം അദ്ദേഹത്തെ ശ്രവിച്ചപ്പോൾ ,ജ്ഞാനത്തിന്റെയും അറിവിന്റെയും ഇരിപ്പിടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു യഥാർത്ഥ കത്തോലിക്കാ അധ്യാപകന്റെ സാന്നിധ്യത്തിലാണ് ഞാനെന്ന് മനസ്സിലാക്കുകയായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുമായി അഞ്ച് തവണ കൂടിക്കാഴ്ച നടത്താൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ധൈര്യവും പ്രത്യാശയും പകരുന്ന അദ്ദേഹത്തിന്റെ സ്ഥായിയായ പുഞ്ചിരിയും ആനന്ദവും എന്നെ പൂർണമായും ത്രസിപ്പിച്ചു. അദ്ദേഹം എന്നെ സ്നേഹിക്കുന്നുവെന്നും വിലമതിക്കുന്നുവെന്നും മനസ്സിലാവും വിധമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തികളും. ആദ്യമായി ഫ്രാൻസിസ് മാർപാപ്പയെ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തെ ” പരിശുദ്ധ പിതാവേ”( Holy father) എന്ന് അഭിസംബോധന ചെയ്തു. നിറപുഞ്ചിരിയോടെ “വിശുദ്ധനായ പുത്രാ “
( Holy son ) എന്ന് അദ്ദേഹം പ്രത്യഭിവാദനം ചെയ്തു. മുൻപ് മാർപാപ്പമാരെ കണ്ടപ്പോൾ കുമ്പിട്ട് മോതിരം ചുംബിക്കുന്ന പതിവുണ്ടായിരുന്നു. ഞാൻ അതിന് തുനിഞ്ഞപ്പോൾ ഫ്രാൻസിസ് പാപ്പ എന്നെ അതിന് അനുവദിച്ചില്ല. പകരം എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സ്നേഹപൂർവ്വം സംസാരിച്ചു. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോഴെല്ലാം കെയ്റോസ് മാഗസിനും ജീസസ് യൂത്തിന്റെ ഇന്റർനാഷണൽ ന്യൂസ് ലെറ്ററും സമ്മാനിക്കാറുണ്ടായിരുന്നു. ജീസസ് യൂത്ത് മൂവ്മെന്റിനെ ആദ്യമായി ഞാൻ പരിചയപ്പെടുത്തിയപ്പോഴും അന്തർദേശീയ തലത്തിലുള്ള അതിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചപ്പോഴും പാപ്പാ സാകൂതം അത് ശ്രദ്ധിക്കുകയുണ്ടായി.
അതോടൊപ്പംനമ്മുടെ മൂവ്മെന്റിനെയും അതിന്റെ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും വളരെയധികം പിന്തുണയ്ക്കുകയും ചെയ്തു. ഞാൻ നമ്മുടെ മൂവ്മെന്റിനു വേണ്ടി അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീർവാദവും ചോദിച്ചപ്പോഴെല്ലാം
ഏറെ സ്നേഹപൂർവ്വം അദ്ദേഹം അത് നൽകിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിട്ടുള്ള പല ബിഷപ്പുമാരും
” ജീസസ് യൂത്തിനെ മാർപാപ്പയ്ക്ക് നന്നായി അറിയാമെന്നും അദ്ദേഹം നിങ്ങളെ ഏറെ വിലമതിക്കുന്നുവെന്നും ” പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.

2014 ജൂൺ 1ന് റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ വെച്ചുള്ള സമ്മേളനം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഇറ്റാലിയൻ കരിസ്മാറ്റിക് റിന്യൂവലിന്റെയും ഗ്ലോബൽ ലീഡേഴ്സിന്റെയും ഒരു സമ്മേളനമായിരുന്നു അത്. ആ സമ്മേളനത്തിൽ പങ്കെടുത്ത 40,000 ത്തിലധികം വരുന്ന ആളുകളെ അഭിസംബോധന ചെയ്ത ശേഷം ഫ്രാൻസിസ് പാപ്പ ആ സ്റ്റേജിൽ മുട്ടുകുത്തി,
തലകുമ്പിട്ടശേഷം ജനങ്ങളോട് തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു . മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും അദ്ദേഹം ഇത്തരത്തിൽ ജനങ്ങളുടെ പ്രാർത്ഥന യാചിച്ചിരുന്നു. ആ സമയം അവിടെ സമ്മേളിച്ചിരുന്ന ജനങ്ങളത്രയും പാപ്പായുടെ നേരെ കൈകൾ നീട്ടി,അദ്ദേഹത്തിന് വേണ്ടി അതിശക്തമായി പ്രാർത്ഥിക്കുന്ന കാഴ്ച ഏറെ ഹൃദയസ്പർശിയായിരുന്നു. കരിസ്മാറ്റിക് നവീകരണത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് റോമിൽവച്ച് 2017 ജൂൺ മൂന്നിന് നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പരിശുദ്ധ പാപ്പ, തന്റെ സുഹൃത്തും പെന്തക്കോസ്ത് പാസ്റ്ററുമായ ജിയോവന്നി ട്രാറ്റിനോ (Pastor Giovanni Traettino) യുടെ മുൻപിൽ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലകുനിച്ചു നിന്നതും അവിടെ സമ്മേളിച്ചിരുന്ന ആയിരങ്ങൾ പാസ്റ്ററിനോടൊപ്പം പാപ്പായ്ക്ക് ആയി പ്രാർത്ഥിച്ചതും എന്റെ ഓർമ്മയിലുണ്ട്.
( 2014ൽ പാസ്റ്റർ ജിയോവന്നിയെ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ ആരാധനാലയത്തിലെത്തി സന്ദർശിച്ചിരുന്നു).
സമ്മേളനത്തിനിടെ മറ്റ് കരിസ്മാറ്റിക് നേതാക്കളോടൊപ്പം കൈകൾ ഉയർത്തി ഉച്ചത്തിൽ ” How great Thou Art” എന്ന് ” പാടി പ്രാർത്ഥിക്കുന്ന അദ്ദേഹത്തിന്റെ മനോഹരദൃശ്യം ഇന്നും ഞാൻ ഓർക്കുന്നു. പാപ്പായുടെ ഒരു പ്രധാനമേന്മയായി ഞാൻ കണ്ടിട്ടുള്ളത് ഈ സാധാരണത്വമാണ്. അദ്ദേഹത്തിന്റെ വസതിയും ഉപയോഗിച്ചിരുന്ന കാറുമെല്ലാം ലാളിത്യത്തിന്റെ അടയാളങ്ങൾ ആയിരുന്നു. ഒരു അധികാരി എന്നതിനപ്പുറം തന്റെ കുറവുകളെയും ദൗർബല്യങ്ങളെയും അംഗീകരിച്ചുകൊണ്ട്, സഭയെ നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു എളിയദാസൻ എന്ന നിലയിലാണ് അദ്ദേഹം എപ്പോഴും വർത്തിച്ചിട്ടുള്ളത്.
നമ്മെപ്പോലുള്ള ഒരു സാധാരണക്കാരൻ മാത്രമാണ് താനെന്ന് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയും. ഈ ലാളിത്യം ആയിരുന്നു അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ മുഖമുദ്ര. അദ്ദേഹം തന്നെക്കുറിച്ച് പരാമർശിച്ചിരുന്നത് താനൊരു പാപിയാണെന്നും, എന്നാൽ രക്ഷിക്കപ്പെട്ട പാപിയാണെന്നുമായിരുന്നു. “Miserado atque eligendo” (കാരുണ്യത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ) എന്ന ആദർശവാക്യം അദ്ദേഹം സ്വീകരിക്കാൻ കാരണവും ഇതുതന്നെയാണെന്ന് ഞാൻ കരുതുന്നു. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിലുള്ള ജീവിതവും എല്ലാവർക്കും എവിടെയും എപ്പോഴും സംലഭ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി
സുവിശേഷ വൽക്കരണത്തിനും സഭാത്മക പ്രസ്ഥാനങ്ങൾക്കും ഏറ്റവും കൂടുതൽ പ്രാധാന്യവും അംഗീകാരവും നൽകിയത് ഫ്രാൻസിസ് മാർപാപ്പയാണ്. 2019 ൽ “Charis” ന് തുടക്കം കുറിച്ചുകൊണ്ട് കരിസ്മാറ്റിക് നവീകരണത്തെ സഭയുടെ ഔദ്യോഗിക ശ്രേണിയിലേക്ക് അദ്ദേഹം ഉൾച്ചേർത്തു.

വത്തിക്കാനിൽ 2016 ഫെബ്രുവരിയിൽ നടന്ന 150ലധികം വരുന്ന പ്രതിനിധികളുടെ ഒരു സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നു. എന്നാൽ തലേരാത്രിയിലാണ് കടുത്ത പനിയെതുടർന്ന് അദ്ദേഹം ഞങ്ങളോട് സംസാരിക്കാൻ ഇടയില്ലെന്നും അഥവാ സംസാരിച്ചാൽ തന്നെ ഓരോരുത്തരോടും വ്യക്തിപരമായുള്ള കൂടിക്കാഴ്ച അസാധ്യമാണെന്നും അറിയിപ്പ് ലഭിച്ചത്.
എന്നിരുന്നാലും അദ്ദേഹം സമയത്തിന് തന്നെ എത്തുകയുണ്ടായി. ക്ഷീണിതനായിരുന്നെങ്കിലും പിതാക്കന്മാരെയും നേതൃനിരയിലുള്ളവരെയും മാത്രമല്ലാതെ അതിൽ പങ്കെടുക്കുന്ന ഓരോരുത്തരെയും വ്യക്തിപരമായികാണാൻ അദ്ദേഹം തീരുമാനിച്ചു . എനിക്കും അതിന് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ എല്ലാവരും തുല്യരായി പരിഗണിക്കപ്പെട്ടു. ദൈവ പിതാവ് നമ്മെ കാണുന്നതുപോലെ തുല്യ അന്തസ്സോടും ആദരവോടും കൂടെയാണ് അദ്ദേഹം ഞങ്ങളെ ഓരോരുത്തരെയും കണ്ടത്.

പിതാവായ ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖമാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക്. ദൈവം പാപിയെ സ്നേഹിക്കുന്നുവെന്നും പാപത്തെ വെറുക്കുന്നു എന്നുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം സഭയുടെ വാതായനങ്ങൾ എല്ലാവർക്കുമായി തുറന്നിടാൻ സഹായകരമായി. LGBTQ വിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ
” അവരെ വിധിക്കാൻ ഞാൻ ആര്? “എന്ന നിലപാടും മറ്റും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിനോടുള്ള ആഭിമുഖ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. മടങ്ങിവരവിനായി ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന ഒരു ഇടം ദൈവപിതാവിന്റെ ഹൃദയത്തിലുണ്ടെന്നും അതുകൊണ്ടുതന്നെ സഭയുടെ വാതായനങ്ങൾ അത്തരക്കാർക്കായി തുറന്നിടണമെന്നും അദ്ദേഹം കരുതിയിരുന്നു .
“അടച്ചു പൂട്ടിയിരിക്കുന്നതു കൊണ്ടും സ്വന്തം സുരക്ഷിതത്വത്തിൽ ഒട്ടിച്ചേരുന്നതു കൊണ്ടും അനാരോഗ്യകരമായ ഒരു സഭയെക്കാൾ കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്നത് പുറത്ത് തെരുവുകളിൽ ആയിരുന്നതുകൊണ്ട് മുറിവേറ്റതും പീഡിപ്പിക്കപ്പെടുന്നതും കളങ്കപ്പെട്ടതുമായ ഒരു സഭയെയാണ്. കേന്ദ്രത്തിലായിരിക്കാൻ താല്പര്യം കാണിക്കുന്നതും പിന്നീട് വ്യാമോഹങ്ങളുടെയും നടപടിക്രമങ്ങളുടെയും വലയിൽ അവസാനിക്കുകയും ചെയ്യുന്ന ഒരു സഭ എനിക്ക് വേണ്ട..( സുവിശേഷത്തിന്റെ ആനന്ദം 49) അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സഭയെന്നത് ‘യുദ്ധഭൂമിയിലെ ആശുപത്രിയാണ് (‘Field Hospital). 2016 “കരുണയുടെ വർഷ”മായി പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്. ” തങ്ങളുടെ മുറിവുകൾ സുഖപ്പെടേണ്ട ധാരാളം ആളുകൾ ഉണ്ട്. ഇതാണ് സഭയുടെ ദൗത്യം, ഹൃദയങ്ങളിലെ മുറിവുണക്കുക, ആളുകളെ സ്വതന്ത്രരാക്കാൻ സഭയുടെ വാതിലുകൾ തുറക്കുക, ആളുകളെ സ്വതന്ത്രരാക്കുക, ദൈവം നല്ലവൻ ആണെന്ന് പറയുക, ദൈവം എല്ലാവരോടും ക്ഷമിക്കുന്നു, സ്നേഹിക്കുന്നു. അവിടുന്ന് നമ്മുടെ പിതാവാണ് സ്നേഹനിധിയാണ്, നമ്മെ കാത്തിരിക്കുന്നവനാണ് “.
സിദ്ധാന്തങ്ങൾക്കപ്പുറം സ്നേഹം, വിധിപ്രസ്താവനകൾക്കു പകരം കരുണ, എല്ലാറ്റിലുമുപരിയായി കയ്യടികൾക്ക് പകരം പ്രവർത്തി, ഇതെല്ലാമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് ടൈം മാഗസിൻ പുറത്തിറക്കിയ ഒരു ലേഖനത്തിന്റെ തലക്കെട്ട്
” ഫ്രാൻസിസ് മാർപാപ്പയുടെ മഹത്തായ നേട്ടം കരുണയ്ക്ക് ഊന്നൽ നൽകിയത്” എന്നതായിരുന്നു. അതേ ദിവസം തന്നെ അമേരിക്കയിലെ പ്രശസ്ത ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ Whoopi Goldberg ഇൻസ്റ്റഗ്രാമിൽ എഴുതിയത് ഇങ്ങനെയായിരുന്നു.
‘ക്രിസ്തുവിന്റെ സ്നേഹം വിശ്വാസിയെയും അവിശ്വാസിയെയും ഒരുപോലെ പൊതിഞ്ഞ് നിൽക്കുന്നതാണെന്ന് അദ്ദേഹത്തെ കാണുമ്പോൾ അനുഭവപ്പെടുമായിരുന്നു’
കരുണ, മനുഷ്യന്റെ അന്തസ്സ് , അഭയാർത്ഥികൾ, ദരിദ്രർക്കായുള്ള ദരിദ്രസഭ, പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കൽ, കാലാവസ്ഥ വ്യതിയാനം, ഭൂമിമാതാവിന്റെ സംരക്ഷണം, തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും നിലപാടുകളും ക്രിസ്ത്യാനികൾ മാത്രമല്ല ആശ്ലേഷിച്ചതും പിഞ്ചെന്നതും, മറിച്ച് ലോക ജനത ഒട്ടാകെയായിരുന്നു . കാരുണ്യവാനായ
പിതാവിന്റെ മുഖം പ്രതിഫലിപ്പിച്ച ഒരു കരുണാമയനായ നേതാവ്.

സുവിശേഷവൽക്കരണമാണ് സഭയുടെ പ്രഥമ ദൗത്യം എന്ന വ്യക്തമായ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനത്തിൽ
“സഭയുടെ ആചാരങ്ങളും പ്രവർത്തന ശൈലിയും സമയങ്ങളും സമയവിവരപ്പട്ടികയും ഭാഷയും സംവിധാനങ്ങളും സ്വന്തം സംരക്ഷണത്തിന് എന്നതിനേക്കാൾ ഇന്നത്തെ ലോകത്തിന്റെ സുവിശേഷ വൽക്കരണത്തിനായി ഒരു പ്രേക്ഷിതത്വ തെരഞ്ഞെടുപ്പ്, അതായത് എല്ലാം പരിവർത്തനം ചെയ്യാൻ കഴിവുള്ള പ്രേഷിതത്വ പ്രചോദനം ഞാൻ സ്വപ്നം കാണുന്നു” (EG27) എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
“എപ്പോഴും യാത്രയിലായിരിക്കാൻ” അവൻ നമ്മെ ഓരോരുത്തരെയും വിളിക്കുന്നു. നിശ്ചലമായി നിൽക്കാതെ, ക്രിസ്തുവിൻ്റെ യഥാർത്ഥ ശിഷ്യന്മാരും മിഷനറിമാരുമാകാനും ‘എല്ലായ്‌പ്പോഴും കൂടുതൽ’ചെയ്യാനുണ്ട്’ എന്ന ആശയം നമ്മുടെ ഹൃദയത്തിൽ കൊണ്ടുനടക്കാനും റിസ്ക് ഏറ്റെടുക്കാനും അവൻ നമ്മെ ക്ഷണിക്കുന്നു. അപ്പോൾ നമ്മുടെ കൈകൾ വൃത്തിഹീനമാകും തെറ്റുകൾ സംഭവിക്കും. പക്ഷെ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയുന്നവരാകും. ( plenary assembly of PCL, 18,june2016)
സഭയുടെ സേവനത്തിനുള്ള ഒരു മിഷണറി മൂവ്മെന്റ് എന്ന നിലയിൽ എത്ര വലിയ വെല്ലുവിളിയാണ് ജീസസ് യൂത്തിന് മുമ്പിൽ ഈ ദൈവമനുഷ്യൻ ഉയർത്തുന്നത്.

പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പാ, ഞങ്ങൾ അങ്ങയെ മിസ്സ് ചെയ്യും. പക്ഷേ അങ്ങ്,അങ്ങയുടെ പിതാവിന്റെ ഭവനത്തിൽ ആണെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാന നാളുകളിലെ അങ്ങയുടെ സഹനത്തിനും സ്വന്തം ദൗത്യം തുടരാനുള്ള അസാമാന്യമായ ധൈര്യത്തിനും ഞങ്ങൾ സാക്ഷികളല്ലോ. ഉയർപ്പ് തിരുനാളിനന്ന് ഞങ്ങളെ ആശീർവദിക്കാൻ കൈകൾ ഉയർത്താൻ പോലും അങ്ങ് പാടുപെടുന്നത് ഞങ്ങൾ കണ്ടു. എന്നാൽ ജീവന്റെ അവസാനശ്വാസം വരെയും അങ്ങയിൽ ഭരമേല്പിക്കപ്പെട്ട ദൗത്യം അങ്ങ് തുടർന്നു. ഏപ്രിൽ 21ന് അങ്ങയുടെ യജമാനനെ മുഖാമുഖം ദർശിച്ചപ്പോൾ അങ്ങേയ്ക്ക് വിശുദ്ധ പൗലോസ് ശ്ലീഹായെ പോലെ അഭിമാനത്തോടെ .
. ” ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു”എന്ന് പറയാൻ കഴിഞ്ഞിട്ടുണ്ടാകുമല്ലോ?ഇന്ന് ഞങ്ങളും ഓട്ടം തുടരുന്നു. യജമാനൻ എന്നു വരും എന്നറിയാതെ. അങ്ങയുടെ പാത പിന്തുടർന്ന്, യജമാനനെ മുഖാഭിമുഖം ദർശിക്കുമ്പോൾ അങ്ങയെപോലെ ഇങ്ങനെ പറയുവാൻ, ഞങ്ങൾക്കും ഇടവരാനായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
ആമേൻ

(മനോജ് സണ്ണി – ജീസസ് യൂത്ത് ഇൻ്റർനാഷണൽ ഫോർമേഷൻ ഡയറക്ടർ, എക്സിക്യൂട്ടീവ് സെക്രട്ടറി FABC office of evangelisation )

About Author

കെയ്‌റോസ് ലേഖകൻ