May 7, 2025
Church Jesus Youth Kairos Media News

ക്രിസ്തു ഇങ്ങനാണേൽ ആ ക്രിസ്തു പൊളിയാ

  • April 26, 2025
  • 1 min read
ക്രിസ്തു ഇങ്ങനാണേൽ ആ ക്രിസ്തു പൊളിയാ

ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടൊരു പോപ്പ്, ആദ്യമായി തൊട്ട പോപ്പ്, ആദ്യമായി ആലിം​ഗനം ചെയ്തൊരു പോപ്പ്, ആദ്യമായി ഒരു അൾത്താര ശുശ്രൂഷിയായി അസിസ്റ്റ് ചെയ്ത പോപ്പ്, ആദ്യമായി ക്ലാസുകളും പ്രസം​ഗങ്ങളും നേരിട്ട് കേട്ടൊരു പോപ്പ്. അതിനേക്കാളൊക്കെ മോളിൽ ഒരു പോപ്പ് ലോകത്തിനു മുന്നിൽ എങ്ങനെ ആകണം എന്ന് ഉള്ളിൽ തോന്നിച്ചതും ഈ പോപ്പ് തന്നെ.

പോപ്പ് ഫ്രാൻസിസ് നിത്യത പുൽകുന്നു. പോപ്പ് ഫ്രാൻസിസിന്റെ നാൾവഴികളിൽ കടന്നു വന്ന നാൾ മുതൽ പല കാര്യങ്ങളിലാണ് വ്യക്തിപരമായി സന്തോഷം തോന്നിയത്. ഫ്രാൻസിസ് എന്ന് പേര് സ്വീകരിച്ചതായിരുന്നു ഒന്നാമത്തെ സന്തോഷം. ലോകത്തെ മുഴുവൻ, ചരാചരങ്ങളെ മുഴുവൻ അ​ഗാധമായി സ്നേഹിച്ച പ്രേമ​ഗായകൻ ഫ്രാന‍്സിസ് അസീസിയെ എനിക്ക് അത്രക്കിഷ്ടമായിരുന്നു. ആ പേര് ഇന്നുവരെ ഒരു പോപ്പും സ്വീകരിച്ചിരുന്നില്ല എന്നത് അതിനേക്കാൾ അത്ഭുതകരമായിരുന്നു. അദ്ദേഹം അം​ഗമായ ഈശോസഭാം​ഗമായിരുന്ന ഫ്രാൻസിസ് സേവ്യറിന്റെ പേരായിരിക്കും അതെന്ന് മാധ്യമങ്ങൾ പറഞ്ഞുതുടങ്ങിയ ആദ്യദിവസം തന്നെ എനിക്കുറപ്പായിരുന്നു അല്ല ഫ്രാൻസിസ് അസ്സീസിയാകും പിന്നിൽ. എങ്കിൽ വരാനിരിക്കുന്നത് ഒരു വൻ വിപ്ലവമാണ്… ആ പേരൊരു സ്റ്റേറ്റ്മെന്റാണ്. സാഹോദര്യം കൊണ്ടും സ്നേഹം കൊണ്ടും ക്രിസ്തുമതത്തെ ഇരുണ്ടനൂറ്റാണ്ടിൽ വീണ്ടെടുത്തതാണ് ഫ്രാൻസിസ്കൻ ശൈലി.

രണ്ടാമത്തെത്, ഊർബി എത്ത് ഓർബി എന്നപേരിലുള്ള പുതിയ പാപ്പയുടെ ആദ്യത്തെ ആശീർവാദം. അവിടെ കണ്ട ഒരു ആം​ഗ്യം. ഞാൻ ആശീർവദിക്കാൻ കരങ്ങളുയർത്തും മുമ്പ് നിങ്ങളെന്നെ ആശീർവദിക്കുന്ന എന്നു പറഞ്ഞു ലോകത്തിനു മുന്നിൽ കുനിഞ്ഞു നിന്ന ഒരൊറ്റ മിനിറ്റ്. ഈ മനുഷ്യന്റെ ശൈലി ഒരു ശൈലീമാറ്റം തന്നെ കൊണ്ടുവന്നേക്കും എന്ന തോന്നലിലേക്ക്. പോപ്പിന്റെ കൊട്ടാരം വിട്ട് സാധാരണ താമസസ്ഥലത്തേക്ക് താമസം മാറിക്കൊണ്ട് തുടങ്ങി.

പിന്നീട് കാഴ്ചകളുടെ പൂരമായിരുന്നു. നിലപാടുകളുടെയും. സാധാരണക്കാരനെപ്പോലെ വരിനിന്ന് പോപ്പ് ആകും വരെ താമസിച്ച മുറിക്ക് വാടക കൊടുത്തത്. സ്വന്തം ഭക്ഷണം കുക്ക് ചെയ്തു കഴിക്കുന്നത്. ഇടക്ക് കൂടെയുള്ള സ്വിസ് ​ഗാർഡിന് കൊടുക്കുന്നത്. ഏതു സമയത്തും റോമിലെവിടെയും ഒരു കണ്ണാടിക്കടയിലോ സ്റ്റേഷനറി ഷോപ്പിലോ നിങ്ങൾ ഔപചാരികതകളൊന്നുമില്ലാതെ കണ്ടുമുട്ടിയേക്കും അയാളെ എന്ന അവസ്ഥ. ബുധനാഴ്ചയിലെ പൊതുദർശനം മാധ്യമങ്ങൾക്കു വിരുന്നും കാണുന്നവർക്ക് ഹൃദയസ്പർശിയുമായിരുന്നു. കൈകളിലെടുക്കുന്ന കുഞ്ഞുങ്ങൾ, കെട്ടിപ്പിടിക്കുന്ന മാറാരോ​ഗികൾ ഇത് ഞങ്ങളുടെ പാപ്പ. ജനകീയനായ, മണ്ണിൽ തൊട്ടു നിൽക്കുന്ന പാപ്പ.

കാലുകഴുകൽ നിലപാടായിരുന്നു. വരും സഭയുടെ മുഖമെന്താകണമെന്ന കാഹളവും. വകഭേദങ്ങളില്ലാതെ അതിൽ എല്ലാവരും പെട്ടു. കാലു കഴുകപ്പെട്ടത് പെണ്ണ് മാത്രമായിരുന്നില്ല, തൊഴിലാളികൾ, തടവുപുള്ളികൾ, അഭയാർത്ഥികൾ, ഇതരമതസ്ഥർ അങ്ങനെ നീണ്ടുപോകുന്നു. സഭയെന്നാൽ വിശുദ്ധരുടെ മ്യൂസിയമല്ല പാപികളുടെ ഹോസ്പിറ്റൽ ആണെന്ന അദ്ദേഹത്തിന്റെ വാക്കുകളുടെ എക്സറ്റൻഷനായിരുന്നു ഓരോ പ്രവർത്തിയും.

വത്തിക്കാൻ കാര്യാലയത്തിലെ ശുദ്ധീകരണം അദ്ദേഹത്തിനു എതിരാളികളെയും സൃഷ്ടിച്ചിട്ടുണ്ട്. പല കർദ്ദിനാളന്മാരെയും രാജിവപ്പിച്ചു വരെ പുറത്താക്കി. അടിമുടി മാറ്റം. കെട്ടുപിണഞ്ഞതെന്ന് കുപ്രസിദ്ധിയുള്ള വത്തിക്കാൻ ബാങ്കിന്റെ സുതാര്യവത്കരണം, വത്തിക്കാൻ തസ്തികകളുടെ തലപ്പത്ത് അത്മായരും സ്ത്രീകളും സന്ന്യാസിനികളും.

ഫ്രത്തേല്ലി തൂത്തി – (ഏവരും സഹോദരങ്ങൾ) എന്ന ചാക്രിക ലേഖനം അദ്ദേഹത്തിന്റെ ലോക നിലപാടായിരുന്നു. അതിർത്തി ഭേദിച്ച് സുൽത്താനുമായി സ്നേഹസംഭാഷണത്തിനു പോയ ഫ്രാൻസിസ് അസ്സസീയുടെ ശൈലി. ഇസ്ലാം ഭീകരവാദത്തെയും കുടിയേറ്റങ്ങളെയും സഭയും രാഷ്ട്രങ്ങളും സംശയത്തോടെ നോക്കി നിന്ന നാളിൽ തന്റെ ലൈൻ അതല്ലെന്ന് ഇതരമത നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും, കുടിയേറ്റക്കാർക്ക് അഭയമേകണമെന്ന ആഹ്വാനവും വെളിപ്പെടുത്തി. മനുഷ്യനു മനസിലാകാത്ത ഭീകരമായ ഡോക്മകളോ ദൈവശാസ്ത്ര പ്രഘോഷണങ്ങളോ അല്ല ഏതൊരു സാധാരണ വീട്ടമ്മക്കും കർഷകനും കുഞ്ഞുങ്ങൾക്കും വരെ മനസിലാകുന്ന സിമ്പിളായുള്ള പ്രബോധനങ്ങൾ, പ്രായോ​ഗികമായ ചിന്തകൾ, ചിരപരിചിതമായ ഉദാഹരണങ്ങൾ. മനസിലാക്കാൻ ഒരു പ്രയാസവുമില്ല സം​ഗതി സിമ്പിളാണ് സ്ട്രെയ്റ്റാണ്.

വിവാദമുണ്ടാക്കാവുന്ന വിഷയങ്ങളിൽ പോലും നിലപാട് പറയാൻ ഭയന്നില്ല. LGBTQIA കാറ്റ​ഗറിയൊക്കെ സഭ ഉൾക്കൊണ്ടും പഠിച്ചും വരുന്നേയുള്ളൂ. അവരെ വിധിക്കാൻ ഞാനാര്? അവരും മനുഷ്യരാണ്, നിയമത്തിന്റെ പരിരക്ഷയും നമ്മുടെ സ്നേഹവും അവർക്ക് വേണം എന്നൊക്കെ പറയാനെങ്കിലും ഈ കാലത്തിൽ ഒരു കത്തോലിക്കാ സഭാ നേതാവിന് പറ്റിയില്ലേ എന്നത് നിസാര മുന്നേറ്റമല്ല.

ജാതിമതഭേദമെന്യേ ലോകവും ആദരവോടെ കണ്ടിരുന്നു വാക്കും പ്രവൃത്തിയും. ജനകീയതയുണ്ടായിരുന്നു അദ്ദേഹം ചെല്ലുന്നിടങ്ങളിലെല്ലാം. പാപ്പാ സ്ഥാനത്തിന്റെ കുഷ്ടമാണ് വത്തിക്കാൻ കാര്യാലയം എന്നു സധൈര്യം പറഞ്ഞും, തങ്ങൾക്കു പറ്റിയ തെറ്റുകളുടെ കഥകൾ മൂടി വയ്ക്കാതെ ഇവിടെ ഞങ്ങൾക്ക് തെറ്റുകൾ പറ്റിയെന്ന് തുറന്നു പറഞ്ഞും, തെറ്റുചെയ്തവരെ പൊതിഞ്ഞുപിടിക്കാതെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയും, ക്രിസ്തുവിനെയും അവൻ പറഞ്ഞ സുവിശേഷത്തെയും കുറേക്കൂടി ലളിതവും ഋജുവുമാക്കി മാറ്റി എന്ന പേരിലായിരിക്കാം ഈ കാലഘട്ടം അദ്ദേഹത്തെ ഓർമ്മിക്കുന്നത്. പറയുന്നതിൽ വെളിവും ചെയ്യുന്നതിൽ വെളിച്ചവും ഉള്ള ഒരിടയൻ.

എന്നാൽ ഔദ്യോ​ഗിക കാര്യങ്ങളിൽ യാഥാർത്ഥ്യവും സത്യവും അദ്ദേഹത്തിലേക്ക് എത്താത്തവിധം തെറ്റിദ്ധരിപ്പിക്കലുകളിൽ വിശ്വസിച്ചുപോയ സമയങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തെ പറഞ്ഞ വത്തിക്കാൻ ഓഫീസുകളെയും പദവികളെയും ബാധിക്കുന്ന കുഷ്ടത്തിന്റെ ശൽക്കങ്ങളൊന്നും മുഴുവനായും തേഞ്ഞുതീരില്ലല്ലോ. പക്ഷേ വ്യക്തിപരമായി ഇങ്ങനെയൊക്കെയാണെങ്കിൽ ഈ ക്രിസ്തുവിനെ ഒന്നു സ്നേഹിച്ചുനോക്കാല്ലോ എന്നു ഏതൊരു മനുഷ്യനും തോന്നിപ്പിച്ച വ്യക്തിപ്രാഭവം. നേർമ്മയുള്ളതും തെളിമയുള്ളതും സാധാരണവുമായ ഒരു ക്രിസ്തുരൂപം. എന്നെ നോക്കി തംസ് അപ്പടിച്ച് അടിച്ചുകേറി വാടാ മക്കളേ എന്ന് ആദ്യകാഴ്ചയിൽ തന്നെ പറയുന്ന ചേഷ്ടകൾ.

അദ്ദേഹം ജീവിച്ച കാലത്ത് അദ്ദേഹത്തിന് തൊട്ടടുത്ത് കുറച്ചുകാലം ജീവിക്കാൻ കഴിഞ്ഞു എന്നതും മേൽപ്പറഞ്ഞ പലതും നേരിട്ടും അടുത്തും കാണുവാൻ കഴിഞ്ഞ കുറച്ചു നാളുകൾ എനിക്കും ഉണ്ടായി എന്നതും സ്വാകാര്യം അഭിമാനവും സന്തോഷവുമാണ്. തന്നെ കാണാൻ വന്ന 26 വയസുള്ള ഒരു യുവാവിന്റെ ചോദ്യം ഞാനൊന്നു തൊട്ടോട്ടേ… വലിച്ചുപിടിച്ചൊരു കെട്ടിപ്പിടുത്തമായിരുന്നു ആദ്യം പിന്നെയാണ് ഉത്തരം — പിന്നെന്താ … കവളിത്ത് ഒരുമ്മ ബോണസും. ദൈവം ഇതുപോലെ സിമ്പിളാണെങ്കിൽ എനിക്ക് ആ ദൈവത്തെ ഇഷ്ടമാണ്. ഇതുപോലുള്ള മനുഷ്യനെയും.

നന്ദി ഫ്രാൻസിസ് പാപ്പാ, ബോധ്യങ്ങളൊക്കെ രൂപപ്പെട്ടു തുടങ്ങുന്ന ഒരു വിദ്യാർത്ഥി കാലത്തിൽ എനിക്കു മുന്നിൽ തെളിഞ്ഞു കത്തിയതിന്.

വ്യക്തിപരമാണ് കുറിപ്പ്. 
നിധിൻ പനവേലിൽ

About Author

കെയ്‌റോസ് ലേഖകൻ