May 25, 2025
Church Fact Check Jesus Youth Kairos Media News

ഫുട്ബോളും വിശ്വാസവും — ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിൽ ഒരുമിച്ച് നിൽക്കുന്നു

  • April 25, 2025
  • 1 min read
ഫുട്ബോളും വിശ്വാസവും — ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിൽ ഒരുമിച്ച് നിൽക്കുന്നു

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾമാരുടെ കോൺക്ലേവിനെക്കുറിച്ച് ഇറ്റലിയിൽ പ്രശ്സതമായ ഒരു ചൊല്ലുണ്ട്: ‘മാർ പാപ്പയാകുമെന്ന ഉറപ്പോടെ കോൺക്ലേവിൽ പങ്കെടുക്കുന്ന ആൾ മിക്കവാറും കർദിനാളായിട്ടുതന്നെയാകും മടങ്ങുക.’ (മാർപാപ്പ തിരഞ്ഞെടുപ്പിൽ മുൻതൂക്കമുള്ളയാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കുറവാണ്. അതായത് ഒന്നിനെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസം ഒരാൾ പുലർത്തരുതെന്ന സാരം) 2013 മാർച്ചിൽ അർജന്റീനയിൽനിന്നുള്ള കർദിനാൾ ഹോർഹെ മാരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഈ ചൊല്ല് അക്ഷരംപ്രതി ശരിയാകുകയായിരുന്നു.

അന്ന് മാർപാപ്പയാകാൻ സാധ്യത കല്പിച്ചിരുന്നവരുടെ മുൻ നിരയിലൊന്നും കർദിനാൾ ബെർഗോഗ്ലിയോ ഇല്ലായിരുന്നു. സി സ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെള്ളപ്പുകയുയർന്നപ്പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അർജന്റീനയുടെ ചരിത്രത്തിലെ ‘ദൈവത്തിൻ്റെ കൈ’യുടെ രണ്ടാമത്തെ ഇടപെടലായി (ആദ്യത്തേത് ഡീഗോ മാറഡോണയുടെ ഇംഗ്ലണ്ടിനെതിരായ 1986-ലെ ലോകകപ്പ് ഗോൾ) അന്ന് സാമൂഹികമാധ്യമങ്ങളിലൊക്കെ ഇത് കൊണ്ടാടപ്പെടുകയും ചെയ്തു. മാറഡോണയുടെ ഗോളിനെ അദ്ദേഹം സ്വയംദൈവത്തിന്റെ കൈയെന്നു വിശേഷിപ്പിച്ചെങ്കിൽ കത്തോലിക്കാ സഭയ്ക്കും ലോകത്തിനും പുതിയൊരു വഴിത്താര കണ്ടെത്താൻ ദൈവം കൈതൊട്ടു തിരഞ്ഞെടുത്തയാളെന്നു തെളിയിക്കുകയായിരുന്നു തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഫ്രാൻ സിസ് മാർപാപ്പ.

ദൈവവുമായും സഹജീവികളുമായും നല്ല ബന്ധത്തിൽ തുടരാൻ സ്പോർട്‌സ് സഹായിക്കുമെന്നതായിരുന്നു ഫ്രാൻസിസ് പാപ്പയുടെ കാഴ്ചപ്പാട്. ബ്യൂണസ് ഐറിസിലെ തെരുവീഥികളിൽ കുട്ടിക്കാലത്ത് ഫുട്ബോളും ബാസ്‌കറ്റ്ബോളും കളിച്ചിരുന്ന അദ്ദേഹം ഇത് സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ചതാണ്.

എല്ലാ അർജന്റീനക്കാരെപ്പോലെയും ഫ്രാൻസിസ് പാപ്പയും കറകളഞ്ഞ ഫുട്ബോൾ പ്രേമിയായിരുന്നു. അർജൻറീനയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ സാൻ ലൊറെൻസോയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. ക്ലബ്ബിന്റെ ഓണററി അംഗം കൂടിയായിരുന്നു. അർജന്റീന ലോകചാമ്പ്യന്മാരായ ഖത്തർ ലോകകപ്പിനുമുൻപും ലോകകപ്പിനെക്കുറിച്ചുള്ള തന്റെ സന്ദേശം അറിയിച്ചിരുന്നു.

അർജന്റീനയുടെ ലോകകപ്പ് വിജയം പക്ഷേ, ഫ്രാൻസിസ്പാപ്പ കണ്ടിരുന്നില്ല. കാരണം 30 വർഷങ്ങൾക്കുമുൻപ് അദ്ദേഹം ടി.വി. കാണുന്നത് നിർത്തിയിരുന്നു. മൗണ്ട് കാർമൽ മാതാവിനോട് അദ്ദേഹം നടത്തിയ പ്രതിജ്ഞയായിരുന്നു ഇനി ടെലിവിഷൻ കാണുകയില്ലെന്നത്. എന്നിരുന്നാലും അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസങ്ങൾ മാറഡോണയുമായും മെസ്സിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നാണ് മാറഡോണ പറഞ്ഞിരുന്നത്. 2013-ൽ അർജന്റീന ടീമിന്റെ ക്യാപ്റ്റനായ മെസ്സിയും ഇറ്റാലിയൻ ടീമിന്റെ ക്യാപ്റ്റൻ ജിയാൻ ലൂജിയിജി ബഫണും ചേർന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് ഒലിവ് തൈ സമ്മാനിച്ചിരുന്നു.

ഒളിമ്പിക്സിൽ അഭയാർഥി ടീമുകളെ മത്സരിപ്പിക്കാൻ പ്രേരണ നൽകിയത് ഫ്രാൻസിസ് മാർപാപ്പയായിരുന്നെന്ന് ഐഒസി പ്രസിഡൻ്റ് തോമസ് ബാക് അനുസ്മരിച്ചു. 2016 റിയോ ഒളിമ്പിക്സിലാണ് ആദ്യമായി അഭയാർഥി ടീം പങ്കെടുത്തത്. 2017-ൽ ഒളിമ്പിക് റഫ്യൂജി ഫൗണ്ടേഷനും ഇതിനെത്തുടർന്ന് സ്ഥാപിക്കപ്പെട്ടു.

About Author

കെയ്‌റോസ് ലേഖകൻ