May 25, 2025
Church Jesus Youth Kairos Media News

“അമ്മേ, ഞാൻ നല്ല കുട്ടിയായിരുന്നില്ലേ?” – ഫ്രാൻസിസ് മാർപാപ്പ

  • April 24, 2025
  • 1 min read
“അമ്മേ, ഞാൻ നല്ല കുട്ടിയായിരുന്നില്ലേ?” – ഫ്രാൻസിസ് മാർപാപ്പ

കർദിനാളായിരിക്കേ ഒരിക്കൽ പണ്ടുപഠിച്ചയിടത്തേക്ക് പോയപ്പോൾ അവിടെ മദർ സുപ്പീരിയറിനോട് ഹോർഹെ മാരിയോ ബെർഗോഗ്ലിയോ ചോദിച്ചു: “ചെറുപ്പത്തിൽ ഞാൻ നല്ല കുട്ടിയായിരുന്നില്ലേ അമ്മേ” ചോദ്യത്തിന് മദർ മറുപടി പറഞ്ഞെങ്കിലും അവരെക്കൊണ്ട് ഉച്ചത്തിൽ മറുപടി പറയിപ്പിച്ചു അദ്ദേഹം. “നീ ഒരു കൊച്ചു പിശാചായിരുന്നെടാ” എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് കർദിനാൾ പൊട്ടിച്ചിരിച്ചു. കുട്ടിക്കാലത്ത് ഹോർഹെ മഹാവികൃതിയായിരുന്നു. കാലിൽ ഒരു പന്തുമായിട്ടായിരുന്നു അദ്ദേഹത്തെ എല്ലാവരും കാണാറ്.

അമാലിയ ദമോന്തെ എന്ന പെൺകുട്ടിയെ പ്രണയിച്ചിരുന്നു ഹോർഹെ. പന്ത്രണ്ടാം വയസ്സിൽ അവർക്ക് പ്രണയലേഖനവും നൽകിയിരുന്നു. “നമ്മുടെ വിവാഹം കഴിയുമ്പോൾ ചുവന്ന മേൽക്കൂരയുള്ള ഒരു വെളുത്ത വീട് ഞാൻ മേടിച്ചുതരാം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമാ ലിയയുടെ അമ്മയുടെ കൈയിലാണ് എഴുത്ത് കിട്ടിയത്. കുട്ടിക്കളിയാണെങ്കിലും അവരത് തടഞ്ഞു. അതോടെ ബന്ധംനിലച്ചു. നീ എന്നെ വിട്ടുപോ യാൽ ഞാൻ പട്ടത്തിനുപോവും എന്ന് അദ്ദേഹം പറഞ്ഞതായും പറയപ്പെടുന്നു.

വധശിക്ഷയെ എതിർത്തയാൾ

വധശിക്ഷകളെ നഖശിഖാന്തം എതിർത്തയാളാണ് ഫ്രാൻസിസ് മാർപാപ്പ. ദൈവംനൽകിയ ഏറ്റവും വലിയ സമ്മാനമായ ജീവനെടുക്കാൻ മറ്റൊ രാൾക്ക് അവകാശമില്ലെന്നായിരുന്നു നിലപാട്. കുറ്റവാളികൾക്ക് മാനസാന്തരത്തിനുള്ള അവസരം നൽകണമെന്ന് അദ്ദേഹം പലവട്ടം പറഞ്ഞി ട്ടുണ്ട്. ജീവനെടുക്കാൻ ആരാണിവർ? അവർ ദൈവത്തിന്റെ സ്ഥാനം ആഗ്രഹിക്കുന്നവരാകാം എന്നാണ് മാർപാപ്പയുടെ ആത്മകഥയിൽ പരാമർശി ക്കുന്നത്.

കൗമാരകാലത്ത് ഇടപെട്ട ഒരു മാർക്സിസ്റ്റ് ചിന്തകയെക്കുറിച്ച് ആത്മകഥ വിവരിക്കുന്നുണ്ട്. എസ്തേർ ബലസ്ട്രീനോ. പഠനത്തിന്റെ ഇടവേളയിൽ ജോലിചെയ്തിരുന്ന ഒരു ലാബിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. പാരഗ്വായിൽനിന്ന് അർജൻ്റീനയിലേക്ക് പലായനം ചെയ്ത ബയോകെമിസ്റ്റായിരുന്നു അവർ. മൈക്രോസ്കോപ്പ് ഉപയോഗിക്കുന്നതെങ്ങനെ എന്നതുൾപ്പെടെ ലാബിലെ കാര്യങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം തന്റെ മാർക്സിയൻ രാഷ്ട്രീയചിന്തകളും ലോകസാഹചര്യങ്ങളും ഹോർഹെ ബെർഗോഗ്ലിയോ (മാർപാപ്പയുടെ പൂർവപേര്)യെ എസ്തേർ പഠിപ്പിച്ചു. കമ്യൂണിസ്റ്റും നിരീശ്വരവാദിയും ആയിരുന്നു അവരെങ്കിലും താൻ എസ്തേറിനോട് ഏറെ കടപ്പെട്ടിരിക്കുന്നെന്ന് ആത്മകഥയിൽ പറയുന്നു. ‘ഏറെ ബഹുമാനം അർഹിക്കുന്ന സ്ത്രീയായിരുന്നു. ഒരിക്കൽപ്പോലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ എതിർത്തിരുന്നില്ല. ഒട്ടേറെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾ വായിക്കാൻതന്നു. എങ്കിലും ഞാനൊരിക്കലും കമ്യൂണിസ്റ്റായില്ല. ബൗദ്ധികമായ തലത്തിൽ അവയെല്ലാം വായിച്ചുതീർക്കാനാണ് ശ്രമിച്ചത്’ – അദ്ദേഹം എഴുതുന്നു. താൻ കമ്യൂണിസ്റ്റാണെന്ന്, പോപ്പായി തിരഞ്ഞെടുക്കപ്പെട്ടശേഷം പരക്കെ സംസാരമുണ്ടായെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. പാവങ്ങളെക്കുറിച്ച് താനേറെ സംസാരിക്കുന്നതുകൊണ്ടാണന്നും വിശദീകരിച്ചു.

About Author

കെയ്‌റോസ് ലേഖകൻ