ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ: “സ്നേഹമാണ് ജീവിതത്തിന്റെ പാഠം”

തൻറെ പിൻഗാമിയായി സ്‌ഥാനമേറ്റ ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വാക്കുകൾക്ക് ബനഡിക്ട‌് പതിനാറാമൻ മാർപാപ്പ നൽകി യൊരു വിശേഷണമുണ്ട്: ‘ഹ്യദയങ്ങളോടുള്ള സംസാരം – കൈകളിലൊന്നിൽ ദൈവത്തെയും മറ്റതിൽ മനുഷ്യരെയും വഹിച്ചുള്ളത്.’
സംസാരിക്കുന്നത് ഫ്രാൻസിസ് പാപ്പയാണെന്നതിനാൽ ഭാഷ സ്നേഹത്തിന്റേതാണ്. ജീവിതമാണു പാപ്പയെ ആ ഭാഷ പഠിപ്പിച്ചത്. അതിൻ്റെ കാരണം തന്റെ ജീവിതകഥയുടെ പുതിയ പുസ്‌തകത്തിൽ പാപ്പ പറയുന്നു “ജീവിക്കാൻ പഠിക്കണമെങ്കിൽ, നാമെല്ലാം സ്നേഹിക്കാൻ പഠിക്കണം. ആ പാഠം ഏറ്റവും പ്രധാനമാണ്. കാരണം സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു : അങ്ങനെ പാപ്പയെ ആദ്യം കീഴടക്കിയത് റോസ മൂത്തശിയാണ്. “വിസ്മയിപ്പിക്കുന്ന സ്ത്രീ. എനിക്കു മുത്തശിയെ ഒത്തിരി ഇഷ്‌ടമായിരുന്നു. എൻ്റെ പിതാവിന്റെ അമ്മയായ റോസ മുത്തശി എൻ്റെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിച്ചു. എനിക്കൊപ്പം കളിച്ചു, തൻറെ കുട്ടിക്കാലത്തിലെ പാട്ടുകൾ പാടിത്തന്നു.. എന്നെ പ്രാർഥിക്കാൻ പഠിപ്പിച്ചു. അതുവരെ എനിക്കറിയില്ലായിരുന്ന ആ മഹദ്വ്യക്തിയെക്കുറിച്ച് എന്നോടു പറഞ്ഞു: ക്രിസ്‌തു ” മൂന്നാം വയസ്സിലെ കാര്യമാണ് പാപ്പ പറയുന്നത്.
“കുഞ്ഞായിരിക്കുമ്പോൾ, നാത്‌സികളിൽനിന്നു രക്ഷപ്പെടാൻ ബ്യൂനസ് ഐറസിലേക്കു വന്ന ഒട്ടനേകം കുടിയേറ്റക്കാരുടെ കഥകൾ ഞാൻ കേട്ടിരു ന്നു പോളണ്ടിൽനിന്നുള്ള അവരെപ്പോലെ ഇക്കാലത്തെ കുടിയേറ്റക്കാരും മെച്ചപ്പെട്ട സ്‌ഥലം തേടുന്നവരും പകരം മിക്കപ്പോഴും മരണം ലഭിക്കുന്നവരുമാണ്. ദുഃഖകരമാണ്, അൽപം സമാധാനം ആഗ്രഹിക്കുന്ന നമ്മുടെ സഹോദരൻമാർക്കും സഹോദരിമാർക്കും ലഭിക്കുന്നത് സ്വാഗതവും സാഹോദ്യരവുമല്ല, കുറ്റപ്പെടുത്തലാണ്. കുടിയേറ്റക്കാരായിരുന്ന നമ്മുടെ ഒട്ടേറെ ബന്ധുക്കളെ ഓർക്കുക. എത്തപ്പെട്ട രാജ്യങ്ങളിൽ അവരും ‘മോശക്കാർ’ ‘അപകടകാരികൾ’ എന്നൊക്കെ കരുതപ്പെട്ടു വാസ്‌തവത്തിൽ അവർ തങ്ങളുടെ കുഞ്ഞങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരായിരുന്നു. “
കുഞ്ഞുങ്ങൾ കേൾക്കാൻ പാടില്ലാത്തൊരു പേരും മുത്തശിയിൽനിന്ന് പാപ്പ കേട്ടു – ഹിറ്റ്ലർ. പോളണ്ടിലെ ഔഷ്‌വിറ്റ്സ്. ബിർക്കെനു നാത്‌സി കോൺസൻ ട്രേഷൻ ക്യാംപുകൾ 2016ൽ സന്ദർശിക്കുമ്പോൾ ആ പേര് പാപ്പയുടെ മനസ്സിലുണ്ട്. “അതൊരു നിശബ്ദ തീർഥാടനമായിരുന്നു. ഞാൻ പ്രസംഗമൊന്നും നടത്തിയില്ല. “പാപ്പ ഒരു പാഠവും ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യവും 1940കളിലെ ആ ചരിത്രത്തോടു ചേർത്തുവയ്ക്കുന്നുണ്ട് ” ആ മനുഷ്യർ ക്യാംപുകളിൽ ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ അർജൻ്റീനയിലെ ഞങ്ങളുടെ വീടുകളിൽ ഞങ്ങൾ സമാധാനത്തിലും ആശങ്കകളില്ലാതെയും ജീവിക്കുകയായിരുന്നു. ലളിതമായിരുന്നു ജീവിതമെങ്കിലും ഞങ്ങൾക്ക് എല്ലാമുണ്ടായിരുന്നു. കാറോ വില പിടിപ്പുള്ള വസ്ത്രമോ അവധിക്കാല ഉല്ലാസ യാത്രയോ അപ്രധാനമായിരുന്നു – സന്തോഷമായിരിക്കുക എന്നതായിരുന്നു പ്രധാനം.
ദൈവത്തിനു നന്ദി, അതിനു ഞങ്ങളുടെ കുടുംബത്തിൽ അൽപവും പഞ്ഞമില്ലായിരുന്നു.. സന്തോഷം നിറഞ്ഞ ബാല്യം എനിക്കും സഹോദരങ്ങൾക്കും സ്വർഗത്തിൽനിന്നുള്ള സമ്മാനമായി ലഭിച്ചപ്പോൾ. എന്നെപ്പോലെയുള്ള അനേകം കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളിൽനിന്നു വേർപിരിഞ്ഞു ജീവിക്കേണ്ടി വന്നത് എന്തുകൊണ്ട്? നുറുങ്ങിയ ഹ്യദയത്തോടെ ഞാൻ ഇതു ചോദിക്കാറുണ്ട്. ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല”
“ഞാൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ചിലർ പറഞ്ഞു, ഞാൻ എപ്പോഴും നിർധനരെക്കുറിച്ചു പറയുന്നത് കമ്യൂണിസ്‌റ്റോ മാർക്സിസ്റ്റോ ആയതിനാലാണെന്ന്… നിർധനരെക്കുറിച്ചു സംസാരിക്കുന്നുവെന്നതിന് ഒരാൾ കമ്യൂണിസ്‌റ്റാണ് എന്നർഥമില്ല: ദാരിദ്ര്യത്തിനു പ്രത്യയശാസ്ത്രമില്ല…”
മറ്റു ചിലരെക്കുറിച്ചുകൂടി പറയാൻ പാപ്പയെ പ്രേരിപ്പിക്കുന്നത് റോസ മുത്തശിയാണ് – “മുത്തശൻമാരും മുത്തശിമാരും മൂല്യമേറിയ ഉറവകളാണ്: അവരെ സംരക്ഷിക്കണം. പരിചരണ ഭവനങ്ങളിലേക്കു വിടരുത്. എല്ലാറ്റിനും നമ്മൾ അവരോടു കടപ്പെട്ടിരിക്കുന്നു: അവർക്കു കഴിക്കാനുള്ളതിന്റെ പങ്കുതന്നത്, പ്രോൽസാഹിപ്പിച്ചും പിന്തുണച്ചും നമ്മെ നാമാക്കിയത്. വിസ്‌മരിക്കപ്പെട്ടാലും ഉപേക്ഷിക്കപ്പെട്ടാലും എനിക്കുറപ്പുണ്ട്, അവർ മക്കൾക്കായും കൊച്ചുമക്കൾക്കായുമുള്ള പ്രാർഥന മുടക്കില്ല. ഒപ്പമില്ലാത്തപ്പോഴും അവർ നമ്മുടെ അരികത്തുണ്ടാവും പ്രശ്ന സമയങ്ങളിൽ ഞാൻ എൻ്റെ മുത്തശിയുടെ സാന്നിധ്യം അനുഭവിക്കാറുണ്ട്.. “