മാർപാപ്പ പദവി ദൈവനിയോഗം

ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലശേഷം, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ നടത്തിയ കോൺക്ലേവിൽ ഉയർന്നുകേട്ട പേരായിരുന്നു കർദിനാൾ ബർഗോളിയോയുടേത്. അന്നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് റാറ്റ്സിങ്ങർ എന്ന ബനഡിക്ട് പതിനാറാമനു വേണ്ടി പിന്മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. വോട്ടെടുപ്പിൽ പങ്കെടുത്ത ഒരു കർദിനാൾ നൽകിയ വിവരമെന്ന പേരിൽ ഒരു ഇറ്റാലിയൻ മാസികയായിരുന്നു പിന്നീട് ഇക്കാര്യം ആദ്യം പ്രസിദ്ധീകരിച്ചത്. ആദ്യ റൗണ്ടിൽ റാറ്റ്സിങ്ങർക്കു 47 വോട്ടാണു ലഭിച്ചത്.
മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന ബർഗോളിയോയ്ക്കു 10 വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടിൽ റാറ്റ് സിങ്ങർക്ക് 65 വോട്ടും ബർഗോളിയോയ്ക്കു 35 വോട്ടും ലഭിച്ചു. മൂന്നാം റൗണ്ടിൽ ബർഗോളിയോയ്ക്കു 40 വോട്ട് ആയി.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ 77 വോട്ട് റാറ്റ്സിങ്ങർക്കു ലഭിക്കില്ലെന്ന സ്ഥിതി. നാലാം റൗണ്ട് വോട്ടിനു മുൻപുള്ള ഇടവേള. മാർ പാപ്പയുടെ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമോയെന്ന ആശങ്ക ബർഗോളിയോയുടെ മുഖത്തു പ്രകടം. നാലാം റൗണ്ടിൽ വോട്ട് ചെയ്യാൻ വന്ന അദ്ദേഹം അൾത്താരയ്ക്കു മുകളിലെ ക്രൂശിതരൂപത്തിലേക്കു നോക്കി ‘ഈ പാനപാത്രം എന്നിൽ നിന്നെടുക്കണമേ’ എന്നപോലെ പ്രാർഥിക്കുന്നതു കണ്ടെന്നു പേരു വെളിപ്പെടുത്താത്ത കർദിനാളിന്റെ ഡയറിയിൽ കുറിച്ചിരിക്കുന്നതായി മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.