May 26, 2025
Church Editorial Jesus Youth Kairos Malayalam Kairos Media News

മാർപാപ്പ നീട്ടിവിളിച്ചു: ഫാബിയാനോ.. ഫാബിയാനോ…

  • April 23, 2025
  • 1 min read
മാർപാപ്പ നീട്ടിവിളിച്ചു: ഫാബിയാനോ.. ഫാബിയാനോ…

ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങളിലൂടെ

സ്കൂളിൽ 1 ഒപ്പം പഠിച്ച കൂട്ടുകാരനെ വർഷങ്ങൾക്കു ശേഷം ദൂരെ കാണുമ്പോൾ വിളിക്കുന്നതു പോലെ ഉച്ചത്തിൽ രണ്ടുവിളി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വൈദികർക്കു വേണ്ടി തിരിച്ചിരിക്കുന്ന സെക്ടറിൽ നിൽക്കുകയായിരുന്ന ഫാ. ഫാബിയാനോയ്ക്ക് വിളികേട്ട് സന്തോഷം അടക്കാനായില്ല. വിളിക്കുന്നതു മറ്റാരുമല്ല, ഫ്രാൻസിസ് മാർപാപ്പ.

കർദിനാൾ ഹോർഹെ മാരി യോ ബർഗോളിയോ, ഫ്രാൻസിസ് മാർപാപ്പയായി ചുമതലയേറ്റിട്ട് അധികകാലമായിട്ടില്ല. ബ്യൂനസ് ഐറിസ് അതിരൂപതയിലെ വൈദികനായ ഫാബിയാനോ, പാപ്പയെ കാണാനെത്തിയതാണ്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കു അനുമതി ലഭിക്കാതിരുന്നതിനാൽ അനു പൊതുകൂടിക്കാഴ്ചയ്ക്കു ടിക്കറ്റെടുത്തു. അവിടെവച്ചാണു പാപ്പ, ഫാബിയാനോയെ തിരിച്ചറിഞ്ഞ് വത്തിക്കാൻ പാലസിലേക്കു പേപ്പൽ മൊബീലിൽ കയറ്റിക്കൊണ്ടുപോയത്. ഫ്രാൻസിസ് പാപ്പയുടെ ജീവിതം ഇത്തരത്തിലുള്ള ഒട്ടേറെ അവിസ്മരണീയ മുഹൂർ ത്തങ്ങൾ നിറഞ്ഞതാണ്.

ചെറിയ മുറിയിൽ

വത്തിക്കാൻ പാലസ് ആണു മാർപാപ്പയുടെ വസതി. വിശാലമായ മുറികളും ലൈബ്രറിയും ചാപ്പലും വിരുന്നുശാലയുമുള്ള ഈ മൂന്നു നില മന്ദിരത്തിലാണ് മുൻ പാപ്പമാർ താമസിച്ചിരുന്നത്. എന്നാൽ, അതിനടുത്തുള്ള സാന്താ മാർത്ത എന്ന ചെറിയ മന്ദിരമാണു ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തത്. ഓഫിസ്, സന്ദർശകമുറി, കിടപ്പുമുറി, ഒരു മുറിയോളം പോന്ന ചാപ്പൽ എന്നിവയായിരുന്നു പുതിയ വാസസ്ഥലത്തെ സൗകര്യ ങ്ങൾ.

ഞാൻ വത്തിക്കാൻ റേഡിയോ പ്രതിനിധിയായി 2009 ൽ വത്തിക്കാനിലെത്തിയപ്പോൾ ദാമോസ് എന്ന കെട്ടിടത്തിലെ 211-ാം നമ്പർ മുറിയിലായിരുന്നു താമസം. ബ്യൂനസ് ഐറിസിൽനിന്ന് എത്താറുള്ള കർദിനാൾ ഹോർ ഹെ ബർഗോളിയോയുടേത് 205-ാം നമ്പർ മുറി. അദ്ദേഹത്തി നു കാലിനു ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ, വലിയ ബാഗും തൂക്കി വരുമ്പോൾ ഞാൻ സഹായിക്കുമായിരുന്നു. മുറിയിൽ വിശ്രമിക്കുമ്പോൾ ചിലപ്പോൾ അദ്ദേഹം എന്നെയും ഇറ്റാലിയൻ കാപ്പി കുടിക്കാൻ ക്ഷണിക്കുമായിരുന്നു.

മാർപാപ്പ ആയശേഷം ഒരുദിവസം അദ്ദേഹം പഴയ താമസസ്ഥലമായ ദാമോസിൽ എത്തി. റിസ പ്ഷനിലെത്തി അതുവരെയുള്ള വാടക അടച്ചു പാപ്പ മുറിയിൽ ചെന്നു ബാഗ് എടുത്തു തിരിച്ചു പോയി. അതോടെ ദാമോസ് വത്തിക്കാനിലെത്തുന്നവരുടെ സന്ദർശനസ്ഥലമായി.

കാൽപന്തുകമ്പം

അർജന്റീന ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക കുമ്പസാരക്കാരനായിരുന്നു ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ് ആയിരുന്ന ബർഗോളി യോ. അർജന്റീനക്കാരനായ അദ്ദേഹം മാർപാപ്പ ആയപ്പോഴും ഫുട്ബോളും ഫുട്ബോൾ കളിക്കാരും പ്രോട്ടോക്കോളിന് അപ്പുറത്തായിരുന്നു. മറഡോണയുമായി വളരെ അടുത്ത ബന്ധമായിരുന്നു. ഫ്രാൻസിസ് പാപ്പയെ കാണാൻ ഏഴെട്ടുതവണ മറഡോണ വത്തിക്കാനിലെത്തി. അർജന്റീന ടീമിന്റെ വിമാനം ചിലപ്പോൾ ഇറ്റലിയിൽ ഇറങ്ങി. പ്രോട്ടോക്കോൾ മറികടന്ന് അവർക്ക് അവിടെയൊരു ആതിഥേയനുണ്ടായിരുന്നു. കഴിവുള്ള കുട്ടികളെ വിദ്യാഭ്യാസ, കായിക രംഗങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ കർദിനാൾ ബർഗോളിയോ ബ്യൂനസ് ഐറിസിൽ തുടങ്ങിയ ‘സ്കോള’ പദ്ധ തി ഇറ്റലിയിൽ ആരംഭിക്കാൻ മാർപാപ്പ അവിടെ പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജന്റീനയും ഇറ്റലിയും തമ്മിലായിരുന്നു മത്സരം. സ്കോളയെ പിന്നീട് പൊന്തിഫിക്കൽ വിങ്ആയി ഉയർത്തി. മാർപാപ്പ സന്ദർശനം നടത്തിയ രാജ്യങ്ങളിലെല്ലാം സ്കോള പ്രവർത്തിക്കുന്നു.

സ്വകാര്യം പോലും കാര്യം

മാർപാപ്പയുടെ സുരക്ഷാ ചുമതല സ്വിസ് ഗാർഡിനാണ്. വിവാഹിത രാകുന്നതു വരെയേ ഈ ഡ്യൂട്ടി യിൽ തുടരാനാകൂ. ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റപ്പോൾ സ്വിസ് ഗാർഡുകളുടെ എണ്ണം കുറച്ചു. എങ്കിലും സാന്താ മാർത്തായുടെ മുന്നിൽ രണ്ടുപേരെ അനുവദിച്ചു. എന്നും പാപ്പയ്ക്ക് ഇവർ സല്യൂട്ട് നൽകും. അദ്ദേഹം തിരിച്ചു കൈകൊടുക്കും.

ഒരു ദിവസം സെക്യൂരിറ്റി ഗാർ ഡിൽ ഒരാൾ, പ്രോട്ടോക്കോളിനു വിരുദ്ധമായി പാപ്പയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു- “അടുത്ത ശനിയാഴ്ച എന്റെ വിവാഹമാണ്.’ “ഓഹോ, ഞാൻ വരാം’- പാപ്പ മറുപടി പറഞ്ഞു.
റോമിൽനിന്ന് 5 കിലോമീറ്റർ അകലെയുള്ള പള്ളിയിലായിരുന്നു വിവാഹം. വധുവും വരനും പള്ളിയിൽ എത്തുമ്പോൾ, ദേവാലയത്തിന്റെ മുൻനിരയിൽ അദ്ദേഹം കാത്തിരിപ്പുണ്ടായിരുന്നു -ഫ്രാൻസിസ് മാർപാപ്പ!

by ഫാ. വില്യം നെല്ലിക്കൽ (കൊച്ചി പനങ്ങാട് സെന്റ് ആന്റണീസ് പള്ളി വികാരിയായ ഫാ. വില്യം നെല്ലിക്കൽ നേരത്തേ വത്തിക്കാൻ റേഡിയോ മലയാളം വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു)

About Author

കെയ്‌റോസ് ലേഖകൻ