സ്റ്റെപ് -വൺ by കേരള ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി
നാളെയുടെ വാഗ്ദാനമായ കൗമാരക്കാരാണ് സഭയുടെയും സമൂഹത്തിന്റെയും ഭാവി നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ മൂല്യബോധവും ആഴമായ ദൈവവിശ്വാസവും പക്വതയാർന്ന പെരുമാറ്റ ശൈലിയും അവരിൽ രൂപപ്പെടേണ്ടതുണ്ട്. അതിനുള്ള വേദികൾ സൃഷ്ടിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്. നല്ല വ്യക്തിത്വത്തിന് ഉടമകളായിതീർന്ന് സഭയ്ക്കും സമൂഹത്തിനും കുടുംബത്തിനും ഈ കൗമാരക്കാർ അനുഗ്രഹമായി മാറേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കേരള ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി മെയ് 10 മുതൽ 13 വരെ കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് സ്റ്റെപ് -വൺ എന്ന പ്രോഗ്രാം അവർക്കായി ഒരുക്കുന്നു.
യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുവാനും അവിടുന്നുമായി ഒരു സുസ്ഥിരമായബന്ധം സ്ഥാപിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒൻപതാം ക്ലാസ്സിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്കായി നടത്തുന്ന ഈ കോൺഫറൻസിൽ ആയിരത്തഞ്ഞൂറിലധികം കൗമാരക്കാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. വിശുദ്ധ കുർബാനയും കുമ്പസാരവും ആത്മീയപ്രഭാഷണങ്ങളും അനുഭവം പങ്കുവക്കലും മ്യൂസിക്കൽ ആൻഡ് തിയേറ്റർ പെർഫോമൻസും എല്ലാം ഉണ്ടാകും.
2004- ൽ ആരംഭിച്ച സ്റ്റെപ്പ് വൺ എന്ന പ്രോഗ്രാം കോവിഡും പ്രളയവും സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം (ഏഴു വർഷങ്ങൾക്ക് ശേഷം ) വീണ്ടും എത്തുകയാണ്. ഓൾ കേരള തലത്തിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ കൗമാരക്കാരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. അതോടൊപ്പം നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
പരിശുദ്ധ സിംഹാസനത്തിന്റെ അനുഗ്രഹത്തോടെ പ്രവർത്തിക്കുന്ന ജീസസ് യൂത്ത് മൂവ്മെന്റിലേക്കുള്ള ഈ ആദ്യ ചുവടുവെപ്പ് നിങ്ങളുടെ ആത്മീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും.