മരുഭൂമിയിലെ ആടാ’ത്ത ജീവിതങ്ങൾ 1
ഈ കഴിഞ്ഞ ഫെബ്രുവരി 29 തീയതി രാത്രി 8:30 മുതൽ രാവിലെ 8:30 വരെ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരുന്നു. അന്നേദിവസം പതിവുപോലെ ജോലിയെല്ലാം കഴിഞ്ഞു ഒത്തിരി ആഗ്രഹത്തോടെയും പ്രാർത്ഥനയോടും കൂടെ നാഥന്റെ സന്നിധിയിൽ എത്തി. ഒരു ആഗ്രഹം ഇങ്ങനെ ഉള്ളിന്റെ ഉള്ളിൽ ഒരു പ്രാർത്ഥനയായി രൂപപ്പെട്ടു ‘നാഥാ, ഈ രാത്രി മുഴുവൻ ഉണർന്നിരുന്നു നിന്നെ ആരാധിക്കാനുള്ള കൃപ തരണേ.’ പകൽ സമയം മുഴുവനും പരിശുദ്ധ അമ്മയോടും ജപമാല ചൊല്ലി വളരെ ആഗ്രഹത്തോടെ പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ടൊക്കെയാകണം ആരാധന തുടങ്ങിയ നിമിഷം മുതൽ അവസാന ആശിർവാദം വരെ വളരെ അഭിഷേകത്തോടെ ദൈവസന്നിധിയിൽ ആയിരിക്കുവാൻ സാധിച്ചു. യാതൊരു ക്ഷീണമോ തളർച്ചയോ ഉണ്ടായതുമില്ല. തുടർന്നുള്ള വിശുദ്ധ ബലിയിൽ പങ്കെടുത്തു ഈശോയെ സ്വീകരിക്കാനും സാധിച്ചു. അങ്ങനെ ആത്മാവിനും ശരീരത്തിനും പുത്തൻ ഉണർവ് ലഭിച്ചു.
ആരാധനയുടെ അവസാനസമയത്തു നമ്മുടെ കൂട്ടായ്മയിലെ ഒരു കൂട്ടുകാരൻ എന്നോട് ചോദിച്ചു ‘ചേട്ടാ ഇവിടെ നിന്നും ഒരു 350 km അകലെ ഈശോയെയും കൊണ്ടുപോകാമോ? ഒരു 3:30 മണിക്കൂർ യാത്രയെയുള്ളു. അവിടെ കുറച്ചു നഴ്സസ് സഹോദരിമാരുണ്ട്. അവർ വളെരെ താത്പര്യപൂർവം കാത്തിരിക്കുകയാണ്. ആകെ ഒന്നര മണിക്കൂർ ശുശ്രൂഷയെ ഉള്ളൂ.’ ഒട്ടും ചിന്തിക്കാനോ ആലോചിക്കാനോ നിന്നില്ല ഞാൻ പോകാം എന്നു പറഞ്ഞു. ഈ പോകുന്ന സ്ഥലത്തെ കുറിച്ചു എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. വിശുദ്ധ ബലി കഴിഞ്ഞു ഞാൻ തിരിച്ചു എന്റെ റൂമിൽ വന്നു ഏകദേശം ഒന്നര മണിക്കൂർ ഉറങ്ങി. ഒരുമണിയോട് കൂടി ഫ്രഷ് ആയി വീണ്ടും ദിവ്യകാരുണ്യ സന്നിധിയിൽ എത്തി. അവിടേയ്ക്കുള്ള യാത്രയിൽ എന്റെ മനസ്സിലെ ചിന്ത ഇതായിരുന്നു. എന്തായാലും 3:30 മണിക്കൂർ യാത്രയില്ലേ, കുറച്ചുനേരം വണ്ടിയിൽ ഇരുന്ന് ഉറങ്ങാം. എന്നാൽ ദൈവകൃപായാൽ തീരുമാനം തിരിച്ചായിരുന്നു. ഞാൻ തന്നെ വണ്ടി ഓടിക്കേണ്ടി വന്നു. ഇടയ്ക്കു ഉറക്കം വന്നാൽ മാറി ഓടിക്കുകയും ചെയ്യാമല്ലോ. പക്ഷെ എനിക്ക് ഉറക്കം വന്നതേയില്ല. ഉച്ചയ്ക്ക് 1:30 യോട് കൂടെ ആരംഭിച്ച ഞങ്ങളുടെ യാത്ര മരുഭൂമിയിലെ വിജനമായ പാതകളിലൂടെയും മലനിരകൾക്കിടയിലൂടെയും ഈശോയോടൊപ്പം മുന്നോട്ടുപോയി ഞങ്ങളുടെ ഡെസ്റ്റിനേഷനിൽ എത്തി.
അവിടെ ഞങ്ങളുടെ വരവും കാത്തു കുറച്ചു നഴ്സസ് സഹോദരിമാർ കാത്തിരിക്കുന്നുണ്ടായിരുന്നു. വളരെ മനോഹരമായി ഒരുക്കിയ ഒരു മുറിയിൽ താത്കാലികമായി തയ്യാറാക്കിയ ബലിപീഠത്തിൽ ഈശോയെ എഴുന്നെള്ളിച്ചു വച്ചപ്പോൾ ചങ്ക് പൊട്ടി കണ്ണുനീരോടെ ‘അപ്പായേ’ എന്നുള്ള നിലവിളിയാ കേൾക്കാൻ കഴിഞ്ഞത്. അവരുടെ ജീവിതത്തിന്റെ ഏകാന്തതയിലും ഒറ്റപെടലിലും ആരോടും പറയാനാകാതെ ചങ്കിനുള്ളിൽ കൊണ്ടുനടക്കുന്ന എല്ലാ വേദനകളെയും ഭാരത്തെയും ഒരുനിമിഷം എല്ലാം മറന്നു ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ ഇറക്കി വച്ചു.
ആരാധനയിൽ ഉടനീളം അവരെ അശ്വസിപ്പിക്കുന്ന, സൗഖ്യപെടുത്തുന്ന, മുറിവുണക്കുന്ന, കൂടെ വസിക്കുന്ന, കണ്ണുനീർ ഒപ്പുന്ന, ജീവിതത്തിന്റെ എല്ലാ മരുഭൂമി അനുഭവത്തിലേക്കും ദിവ്യകാരുണ്യനാഥൻ ആശ്വാസമായി കടന്നുചെല്ലുന്നതും അവരുടെ ജീവിതത്തെ സ്പർശിക്കുന്നതായും കാണുവാൻ സാധിച്ചു.
ആരാധന സ്വാതന്ത്ര്യം വിലക്കപ്പെട്ട ഈ നാട്ടിൽ അവരുടെ വിശ്വാസവജീവിതത്തിൽ അടിയുറച്ചുനിന്നു തങ്ങളുടെ രക്ഷകനും നാഥനുമായവനെ ആരാധിക്കുവാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ, അതിനു വേണ്ടി എന്ത് വിലകൊടുക്കാനും തയ്യാറായ ആ ചെറിയ സമൂഹം എന്നെ അത്ഭുതപെടുത്തി. അവരോടൊപ്പം ആരാധയിലൂടെ കടന്നുപോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യം ഒരു രാത്രി മുഴുവൻ ഉണർന്നിരുന്ന ഞാൻ, ഇത്രയും ദൂരം വണ്ടി ഓടിച്ചിട്ടും യാധൊരുവിധത്തിലും ഉള്ള ഒരു ക്ഷീണമോ തളർച്ചയോ ഉണ്ടായില്ല എന്നു മാത്രമല്ല വന്നതിനേക്കാൾ പൂർവ്വാധികം ഊർജസ്വലനായി എന്നുള്ളതാണ്.
ആരാധന കഴിഞ്ഞു. എല്ലാവരുടെയും മുഖത്ത് അവർ അനുഭവിച്ച ദൈവാനുഭവത്തിന്റെ സന്തോഷവും സമാധാനവും പ്രകടമായിരുന്നു. അവിടെനിന്നും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ഏകദേശം രാത്രി 8:30 തോടു കൂടി യാത്ര തിരിച്ചു ആരംഭിച്ചു. തിരികയുള്ള യാത്രയിൽ മുഴുവൻ അവരുടെ വിശ്വാസവും തീക്ഷണതയും എന്നെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നാം പലപ്പോഴും ബോധപൂർവ്വം മാറ്റിവയ്ക്കുന്നതും ഒഴിവാക്കുന്നതും ദിവ്യകാരുണ്യ നാഥനെയല്ലേ? ദൈവകൃപായാൽ ഞങ്ങൾ എവിടെ നിന്നും യാത്ര തിരിച്ചോ അവിടെ ഏകദേശം ഒരു മണിയോടു കൂടി സുരക്ഷിതമായി – ദിവ്യകാരുണ്യ സന്നിധിയിൽ തിരിച്ചെത്തി.
ഒരു രാത്രിയും ഒരു പകലും ഈ ലോകത്തിലെ യാതൊന്നിനും തരാൻ പറ്റാത്ത ആനന്ദവും ആത്മധൈര്യവും നൽകി ദുർബലമായ മർത്യശരീരത്തെ അവിടുത്തെ സാന്നിധ്യം കൊണ്ട് ശക്തിപ്പെടുത്തി. അവിടുത്തെ കാരുണ്യത്തിനും സംരക്ഷണത്തിനും നന്ദി പറഞ്ഞുകൊണ്ട് തിരികെ ഭവനങ്ങളിലേക്ക് പോയി.
യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. യോഹന്നാന്‍ 6 : 35
(നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലേഖകന്റെ പേരോ സ്ഥലമോ വെളിപ്പെടുത്തുന്നില്ല. പ്രാർത്ഥനയിൽ ഈ സഹോദരങ്ങളെയും ചേർത്തുവക്കാം)