January 22, 2025
Church News

മനുഷ്യനേക്കാൾ സർക്കാർ ശ്രദ്ധകൊടുക്കുന്നത് മൃഗങ്ങൾക്ക്: മാർ റാഫേൽ തട്ടിൽ

  • March 27, 2024
  • 0 min read
മനുഷ്യനേക്കാൾ സർക്കാർ ശ്രദ്ധകൊടുക്കുന്നത് മൃഗങ്ങൾക്ക്: മാർ റാഫേൽ തട്ടിൽ

മാനന്തവാടി: നിലവിലെ രീതികണ്ടാൽ സർക്കാർ മനുഷ്യനേക്കാൾ ശ്രദ്ധകൊടുക്കുന്നത് മൃഗങ്ങൾക്കാണെന്നു തോന്നുമെന്നു സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നു മാനന്തവാടിയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വാകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മരോട്ടിപ്പറമ്പില്‍ പ്രജീഷ് എന്നിവരുടെ വീടുകളാണ് മാര്‍ തട്ടില്‍ സന്ദര്‍ശിച്ചത്. കുടുംബാം​ഗങ്ങളുടെ വിശേഷങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, ആശ്രിത കുടുംബാം​ഗങ്ങളുടെ ജോലി തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്നു കുടുംബാം​ഗങ്ങൾക്കു ഉറപ്പു നൽകി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും പരമാവധി സഹായം ലഭ്യമാകാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദര്‍ശിച്ച മുഴുവന്‍ വീടുകളിലും കുടുംബാംഗങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ഥന നടത്തി. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു ഏബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സംഘത്തിൽ ഉണ്ടായി.

(സണ്ണി കൊക്കാപ്പള്ളിൽ, കെയ്‌റോസിലെ സീനിയർ മാധ്യമ പ്രവർത്തകനാണ്. താമരശ്ശേരി രൂപത വിശ്വാസപരിശീലന ഓഫീസിന്റെ ചുമതലകൂടെ വഹിക്കുന്നു)

About Author

കെയ്‌റോസ് ലേഖകൻ