January 22, 2025
Church News

അഞ്ചാമത് ഇൻറർനാഷണൽ മിഷൻ കോൺഗ്രസ് തൃശൂരിൽ

  • March 15, 2024
  • 0 min read
അഞ്ചാമത് ഇൻറർനാഷണൽ മിഷൻ കോൺഗ്രസ് തൃശൂരിൽ

തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തിൽവെച്ച് ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ഡേവിസ് പട്ടത്ത് സി‌എം‌ഐ ഉദ്ഘാടനം ചെയ്തു. മിഷൻ കോൺഗ്രസ് കൺവീനർ സിജോ ഔസേപ്പ്, വിൽസൺ ടി ഒ എന്നിവർ മിഷൻ കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ചാണ് മിഷൻ കോൺഗ്രസ് നടത്തപ്പെടുന്നത്. വിവിധ മിഷൻ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻ, മിഷൻ ഗാതറിങ്ങുകൾ, സെമിനാറുകൾ, വിവിധ ഭാഷകളിലുള്ള ദിവ്യബലികൾ, സംഗീത നിശ എന്നിവയെല്ലാം മിഷൻ കോൺഗ്രസിൽ ഉണ്ടായിരിക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം നിർവഹിക്കുന്ന മിഷൻ കോൺഗ്രസിൽ 27 ഓളം പിതാക്കന്മാരുടെ സാന്നിധ്യം ഉണ്ടായിരിക്കും.

ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയത്. ഇതുവഴി ഭാരതസഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും സന്യസ്തരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി.

മിഷൻ ധ്യാനത്തിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധതയറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദേവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻപ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്ക് സാധിച്ചു.ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജിജിഎം മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്.

ബൈബിളില്ലാത്ത ഭാഷകളിൽ ബൈബിൾ നിർമിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമാണ വിതരണ ശുശ്രൂഷ, മധ്യസ്ഥപ്രാർത്ഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി നിരവധി ശുശ്രൂഷകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച് ഫിയാത്ത് മിഷൻ പ്രവർത്തിച്ചുവരുന്നു.

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *