പാപമായി മാറിയ കടുകുകൾ
ഒരു ദിവസം രാവിലെ വിശുദ്ധ കുർബാന കഴിഞ്ഞ് വീട്ടിൽ വന്നതും എനിക്ക് സാബു അച്ചൻറെ കോൾ വന്നു. ഇന്ന് എനിക്ക് ഒഴിവുണ്ടെങ്കിൽ അച്ചനോടൊപ്പം ഒരു സ്ഥലം വരെ പോകണം എന്നായിരുന്നു ആവശ്യം. അച്ചനോടൊപ്പം ഇടയ്ക്ക് ഒരു യാത്ര പതിവായിരുന്നു. പ്രാർത്ഥനയും ആനുകാലിക വിഷയങ്ങളിൽ ചർച്ചയും എന്റെ സംശയങ്ങളും അച്ചൻറെ ഉത്തരങ്ങളും. ഇതും അത്തരതിലോരു യാത്ര ആയിരിക്കും എന്ന് എനിക്ക് തോന്നി.
അങ്ങനെ ഞാൻ വീട്ടിൽ നിന്നും യാത്ര പറഞ്ഞ് അച്ചൻറെ അടുത്തെത്തി. അച്ചൻ കാറിൻറെ കീ എനിക്ക് തന്നിട്ട് പറഞ്ഞു “വേഗം പോകണം. നമ്മൾ ഇന്ന് പോകുന്ന പള്ളി കുറച്ചു ദൂരമുണ്ട്”. അച്ചൻ ഓടിവന്നു കാറിൽ കയറി പതിവ് പ്രാർത്ഥന തുടങ്ങി യാത്ര ആരംഭിച്ചു. പ്രാർത്ഥന കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ‘എന്താണ് വിഷയം, ആർക്കാണ് ക്ലാസ്?
യുവജനങ്ങൾക്ക് വേണ്ടിയാണ് ക്ലാസ്, വിഷയം പാപവും എന്ന് അച്ചൻ പറഞ്ഞു.
പള്ളിയിൽ ഞങ്ങൾ സമയത്തിന് എത്തി. വിശുദ്ധ മാർക്കോസ്സിന്റെ സുവിശേഷം നാലാം അധ്യായത്തിലെ കടുകുമണിയെ ദൈവരാജ്യത്തോട് ഉപമിക്കുന്ന ഭാഗം വായിച്ചു ധ്യാന ചിന്തകൾ പങ്കുവെക്കാൻ ആരംഭിച്ചു. എൻറെ ചിന്തകൾ കാടുകയറി. ഈ ദൈവരാജ്യത്തിൻറെ കടുകുമണി എങ്ങനെ പാപവുമായി ബന്ധിപ്പിക്കും എന്ന് ആലോചിച്ച് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
അച്ചൻ പതിവുപോലെ കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു.”പാപത്തെക്കുറിച്ച് വളരെയധികം കാര്യങ്ങൾ ചെറുപ്പം മുതലേ നിങ്ങൾ കേൾക്കുന്നവർ ആണല്ലോ? പതിവായി കുമ്പസാരിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിൽ ഒരുപാട് പേര് ഉണ്ടായിരിക്കാം. എന്നാൽ ആവർത്തിച്ചു പോകുന്ന പാപത്തെക്കുറിച്ച് ആണ് ഇവിടെ നാം ചിന്തിക്കാൻ പോകുന്നത്.
“നിലത്ത് പാകുമ്പോൾ അത് ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്”(മാർക്കോസ് 4: 31).
“നമ്മൾ കുമ്പസാരിക്കുമ്പോൾ ചെയ്ത പാപങ്ങളെല്ലാം വെറുത്തു ഉപേക്ഷിക്കുന്നു എന്ന് പ്രതിജ്ഞ ചെയ്യുന്നുണ്ട്. എന്നാൽ, നാം വളരെ വേഗത്തിൽ ചെയ്ത് പാപത്തിലേക്ക് തിരിച്ചു ചെന്നു വീഴുന്ന സാഹചര്യം ഉണ്ടാകുന്നു. യഥാർത്ഥത്തിൽ എന്താണ് നമുക്ക് സംഭവിക്കുന്നത്? ചെറിയ കാര്യങ്ങൾ, അതും കടുകുമണിയോളം ചെറിയ കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നു. പല സാഹചര്യങ്ങളും പാപത്തിലേക്ക് നമ്മെ നയിക്കും എന്ന അവബോധം സൃഷ്ടിക്കപ്പെടുന്നില്ല.”
അച്ചൻ തുടർന്നു “ഉദാഹരണത്തിന് പുകവലി ആരംഭിക്കുന്നത് കൂട്ടുകാരോടൊത്ത് ഒരു രസത്തിന് ഒറ്റത്തവണ എന്നൊക്കെ പറഞ്ഞാണ്. മദ്യപിക്കുന്നവരും ലഹരിക്ക് അടിമപെട്ടവരും അങ്ങനെ തന്നെ. പിന്നെ അത് പെരുന്നാളുകൾക്ക് ക്രിസ്തുമസിന് ന്യൂയറിർ എല്ലാം പതിവാകുന്നു. പിന്നീട് എല്ലാ ദിവസവും എന്തെങ്കിലും ഒരു കാരണം ഉണ്ടാകുന്ന അവസ്ഥയിൽ പലരും എത്തിച്ചേരുന്നു. അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ കാരണങ്ങളും സാഹചര്യങ്ങളും ഒത്തിരി ഉള്ളതിനാൽ സാധിക്കാതെ വരുന്നു. തുടക്കത്തിൽ നിങ്ങൾ നിസ്സാരമായി കരുതി തുടങ്ങിയ പല കാര്യങ്ങളും വളർന്ന് ഇപ്പോൾ വലിയ മരം ആയിരിക്കുന്നു, നിങ്ങൾക്ക് ഒറ്റയ്ക്ക് അതിനെ മുറിച്ചു മാറ്റുവാൻ സാധിക്കാൻ പറ്റാത്ത അവസ്ഥ.”
“ഒരു കഥ ഇങ്ങനെയാണ്. ഒരു ഗുരു ഒരു ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്നു പെട്ടെന്ന് വഴിയിലുള്ള മുള്ളുകൾ നിറഞ്ഞ ഒരു ചെടിയിൽ അദ്ദേഹം ചവിട്ടുകയും അദ്ദേഹത്തിൻറെ കാലുകളിൽ അത് മുറിവ് ഉണ്ടാക്കുകയും ചെയ്തു. ഗുരു വേഗം തന്നെ ആ ചെടി പറിച്ചു കളയും പിന്നെ അത് തീയിലിട്ട് കത്തിച്ചു കളയുകയും ചെയ്തു. തൊട്ടുപിന്നാലെ വന്നിരുന്ന ശിഷ്യന്മാർ ഗുരുവിനോട് എന്താണ് അങ്ങനെ ചെയ്തതിന്റെ അർത്ഥം എന്ന് ചോദിച്ചു?”
എന്നെ വായിക്കുന്ന നിങ്ങളോരോരുത്തരും ഇതിന് ഉത്തരം കണ്ടെത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അതിനായി നിങ്ങളെ സഹായിക്കാൻ കുറച്ച് ചോദ്യങ്ങൾ ഞാൻ താഴെ ചേർക്കുന്നുണ്ട്.
വിചിന്തനം.
- ചെറിയ തെറ്റുകൾ അവഗണിക്കുന്ന മനോഭാവം എന്നിൽ വളർന്നിട്ടുണ്ടോ?
2.ഒരിക്കൽ ഏറ്റുപറഞ്ഞ് പാപം ആവർത്തിക്കാതിരിക്കാനുള്ള എന്ത് നടപടികളാണ് ഞാൻ ഇന്നു മുതൽ ആരംഭിക്കുന്നത്.
(വിനീഷ് ആളൂർ തൃശൂർ സ്വദേശിയാണ്. ഭാര്യയോടും രണ്ടു കുട്ടികളോടുമൊപ്പം ഇപ്പോൾ കോയമ്പത്തൂരിൽ താമസം. കെയ്‌റോസ് ന്യൂസ് കോർടീമിൽ സജീവമാണ്)