January 22, 2025
Stories Youth & Teens

ചിരിക്കാത്ത ട്രെയിൻ’വാസികൾ

  • April 3, 2024
  • 1 min read
ചിരിക്കാത്ത ട്രെയിൻ’വാസികൾ

ഓരോ പ്രഭാതത്തിലും അവിടത്തെ സ്നേഹം പുതിയതാണ്. നിറയെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി പ്രഭാതകിരണങ്ങൾ വന്നെത്തി തുടങ്ങിയിരുന്നു. ചൂളം വിളിച്ചുകൊണ്ടും, ഇളം കാറ്റിനെ കീറിമുറിച്ചുകൊണ്ടും ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയാണ്. പലപ്പോഴും ഇങ്ങനെയാണ്, പ്രതീക്ഷകൾ അസ്തമിച്ചിരുന്നിടത്തു നിന്നാണ് എന്റെ യാത്രകൾ ആരംഭിക്കുന്നത്.

ചായയും കാപ്പിയും പലതരം പ്രഭാതഭക്ഷണങ്ങളുമായി കച്ചവടക്കാർ ഞങ്ങളുടെ ഇടയിലേക്ക് വന്നുതുടങ്ങിയിരുന്നു. വിശപ്പിന്റെ കാഠിന്യം ശരിക്കും അറിയാമായിരുന്നതിനാൽ ഞാനും ഒരു ചായ വാങ്ങി. എന്റെ ഓരോ യാത്രകളിലും ചായക്ക് വലിയ സ്ഥാനം ഉണ്ടായിട്ടുണ്ട്.

വളരെ വ്യത്യസ്തനായ ഒരാൾ, കുറച്ചധികം താടിയും മുടിയും ഉണ്ടായിരുന്നു. പ്രകാശിതമായ കണ്ണുകളുമായി പുറത്തേക്ക് നോക്കി യാത്ര ആസ്വദിക്കുകയായിരുന്നു അയാൾ. കണ്ടുമുട്ടുന്ന എല്ലാവരോടും ചിരിക്കാൻ ശ്രമിക്കുന്ന എന്നെ കണ്ട് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാൾ ഇരുന്നു. ‘ഓരോ പുഞ്ചിരിയിലും ക്രിസ്തു രൂപപ്പെടുന്നു’ എന്ന് അറിയാൻ ശ്രമിക്കുന്ന ഒരു ജീസസ് യൂത്തിനെ തളർത്താൻ അയാളുടെ മൗനത്തിന് ആയില്ല. വീണ്ടും വീണ്ടും ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു. എങ്കിലും എന്റെ നോട്ടത്തെ ഞാൻ പിൻവലിക്കേണ്ടതായി വന്നു. ജനലിനരികിലേക്ക് ചാഞ്ഞിരുന്ന് ഗ്രാമ സൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയും ഞാനും ആസ്വദിച്ചു. ഇത്രയും നീണ്ട യാത്രയായിരുന്നിട്ടും, ഒരാളോടെങ്കിലും ഈശോയെക്കുറിച്ച് പറയാനാകാത്തതിനാൽ കുറച്ചു വിഷമം ആയി.

മരുഭൂമിയിലെ ഏകാന്തതയും ഒറ്റപ്പെടലുകളെയും ഓർത്തിരിക്കാൻ ആവാത്ത വിധം എന്നെ ചേർത്ത് പിടിച്ച ജീസസ് യൂത്ത് കൂട്ടായ്മയെ ഞാൻ ഓർത്തു. ഒന്ന് പുഞ്ചിരിക്കാൻ പോലും അറിയാത്ത നാളുകൾ, നാളെയെ കുറിച്ചുള്ള ആകുലതകളും അസ്വസ്ഥതകളും ആലട്ടിയിരുന്ന ദിനങ്ങൾ. എന്റെ ജീവിത രീതികളും ജീവിതാവസ്ഥകളും നൽകിയ കടബാധ്യതകളുടെ തീരാത്ത ഭാരവുമായി ആരെയും അറിയാത്ത നാട്ടിലേക്ക് ഒരു ഒളിച്ചോട്ടം.

പക്ഷേ,അതൊരു ഒളിച്ചോട്ടമായിരുന്നില്ല. എന്റെ ദൈവത്തിലേക്കുള്ള യാത്രയുടെ ആദ്യ പടിയായിരുന്നു. അതെ ദൈവത്തെ സ്നേഹിക്കുന്ന ദൈവത്താൽ സ്നേഹിക്കപ്പെടുന്ന പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ജീസസ് യൂത്ത് കൂട്ടായ്മയുടെ ഭാഗമാകാൻ ഞാൻ അവിടെ എത്തണമായിരുന്നു.

അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഒരുപാട് ആളുകൾ ഇറങ്ങിപ്പോയിരുന്നു. ആ താടിക്കാരനും ഞാനും അവിടെ തനിച്ചായി. എന്നിരുന്നാലും യാതൊരു ഭാവവിത്യാസവും ഇല്ലാതെ അയാൾ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അപ്പോഴേക്കും കുറച്ചു കോളേജ് വിദ്യാർഥികൾ ഞങ്ങളുടെ അടുത്തുവന്നിരുന്നു. എനിക്ക് കുറച്ച് ആശ്വാസമായി. തമിഴ്നാട്ടിലുള്ള ഏതോ ഒരു എൻജിനീയറിങ് കോളേജിൽ പഠിക്കാൻ പോകുന്നവർ ആയിരുന്നു അവർ. സ്വപ്നങ്ങൾ തേടിയുള്ള എന്റെ പ്രവാസയാത്രയും വിദ്യതേടിയുള്ള അവരുടെ യാത്രയും തമ്മിൽ എന്തൊക്കെയോ സാമ്യം തോന്നി. ഞാൻ കണ്ടെത്തിയ ഈശോയെയും അനുഭവിച്ചറിഞ്ഞ അവിടുത്തെ അനന്തമായ സ്നേഹത്തെയും അവരോടു പങ്കുവെക്കാൻ എനിക്ക് സാധിച്ചു. പ്രകാശിതമായ പുതിയൊരു ഭാവിജീവിതം ക്രിസ്തുവിനോട് ചേർന്ന് ജീവിക്കുവാനും യുവത്വത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ കരുത്തരായി ജീവിക്കാൻ നിരന്തരം പ്രാർത്ഥിക്കുവാനും അവർ തീരുമാനമെടുത്തു.

അപ്പോഴേക്കും യാത്രയുടെ യാതൊരു ആലസ്യവും ഇല്ലാതെ ട്രെയിൻ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയിരുന്നു. പരസ്പരം സൗഹൃദത്തോടെ, എവിടെയെങ്കിലും വീണ്ടും കാണാമെന്ന വിചാരത്തോടെ ഞങ്ങൾ പിരിഞ്ഞു. വളരെ സന്തോഷത്തോടെ അവർ യാത്രയായി. എന്തൊക്കെയോ സാധിച്ചു എന്ന സന്തോഷത്തോടെ ഞാനും.

അപ്പോഴേക്കും ആ താടിക്കാരൻ പതിയെ നടന്നു നീങ്ങിയിരുന്നു. റെയിൽവേ ട്രാക്കിന്റെ മറുവശത്തുകൂടെ അയാൾ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു. പെട്ടെന്ന് അയാൾ പുറകിലേക്ക് തിരിഞ്ഞ് വളരെ ശാന്തതയോടെ എന്നെ നോക്കി പുഞ്ചിരിച്ചു.

(സിജോ പുത്തൂർ, കെയ്‌റോസ് ന്യൂസ്-ലാബ് അംഗം. ജീസസ് യൂത്ത്‌ മുസഫ റീജണൽ മിഷൻ ടീം അംഗം. ഭാര്യ ജെറിമോൾ മക്കൾ ആധിൻ, അമീറായോടുമൊപ്പം അബുദാബി മുസഫയിൽ താമസം.)

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *