61-ാമതു ദൈവവിളികൾക്കായുള്ള ലോക പ്രാർത്ഥനാദിനമായി സഭ ആചരിക്കുന്നതിനോടനുബന്ധിച്ചു ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം
2024 ഏപ്രിൽ 21 നാണ് ആഗോള കത്തോലിക്കാ സഭ ‘ദൈവവിളി ദിനമായി’ ആചരിക്കുന്നത്
“സ്നേഹത്തിന്റെ ഉപകാരണങ്ങളാവാൻ ഏത് പാത തെരെഞ്ഞെടുക്കണമെന്നും നാമാരെന്നും നമ്മിലെ നിധികളെന്തെന്നും നാം തിരിച്ചറിയുമ്പോഴാണ് ജീവിതം സാഫലമാകുന്നതെന്നും ഫ്രാൻസിസ് പാപ്പ.
2024 ഏപ്രിൽ 21-ന് സഭ ആചരിക്കുന്ന 61-ാമത് ദൈവവിളികൾക്കായുള്ള ലോക പ്രാർത്ഥനാ ദിനത്തിന് വേണ്ടിയുള്ള തൻ്റെ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ക്രിസ്ത്യൻ വിളിയുടെ സംഗ്രഹം വ്യക്തമാക്കി. “പ്രത്യാശയുടെ വിത്ത് വിതയ്ക്കാനും സമാധാനം സൃഷ്ടിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു” എന്നതാണ് പാപ്പയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. ദൈവദത്തമായ വിളി എതാണെങ്കിലും അതിനനുസരിച്ചു ജീവിച്ചു ലോകത്തിൽ ദൈവത്തെ സേവിക്കുവനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നു പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. ജീവിതത്തിൻ്റെ എല്ലാ തുറകളിലും ദൈവത്തെ സേവിക്കുന്ന എണ്ണമറ്റ ക്രിസ്ത്യാനികളെ നാം അനുസ്മരിക്കുമ്പോൾ, കൃതജ്ഞതയുടെ മനോഭാവം ലോക ദൈവവിളി ദിന ആഘോഷങ്ങളുടെ സവിശേഷതയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവം നമ്മുടെ സ്വാതന്ത്ര്യത്തെയും തീരുമാനങ്ങളെയും എപ്പോഴും മാനിക്കുന്നു. ദൈവത്തിന്റെ വിളിയിൽ സന്തോഷം കണ്ടെത്തുന്നതിനായി, ദൈവത്തിന് ജീവിതത്തിൽ ഇടം നൽകാൻ അദ്ദേഹം യുവാക്കളെ പ്രത്യേകം ക്ഷണിച്ചു. “യേശുവിനെ നിങ്ങളെ തന്നിലേക്ക് ആകർഷിക്കാൻ അനുവദിക്കൂ,” പാപ്പ പറഞ്ഞു. “സുവിശേഷങ്ങൾ വായിച്ചുകൊണ്ട് നിങ്ങളുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾ അവനിലേക്ക് കൊണ്ടുവരിക; അവൻ്റെ സാന്നിധ്യത്താൽ നിങ്ങളെ വെല്ലുവിളിക്കാൻ അവനെ അനുവദിക്കൂ”.
ദൈവവിളികൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ സിനഡൽ ദർശനം
2025 ജൂബിലിയിലേക്ക് സഭ യാത്ര ചെയ്യുമ്പോൾ ക്രിസ്ത്യാനികളെ ‘പ്രത്യാശയുടെ തീർത്ഥാടകരാവാൻ’ ഫ്രാൻസിസ് പാപ്പ ക്ഷണിച്ചു. വിവിധങ്ങളായ വരദാനങ്ങളുടെയും ദൈവവിളികളുടെയും നടുവിൽ ദൈവജനം പരിശുദ്ധത്മവിനാൽ നയിക്കപ്പെടുകയും മഹത്തായ കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ക്രിസ്തുവിന്റെ ശരീരം രൂപപ്പെടുത്തുകയും ചെയ്യുന്നു. “ഈ അർത്ഥത്തിൽ, ദൈവവിളികൾക്ക് വേണ്ടിയുള്ള ലോക പ്രാർത്ഥനാ ദിനത്തിന് ഒരു സിനഡൽ സ്വഭാവമുണ്ട്. നമ്മുടെ വൈവിധ്യങ്ങൾക്കിടയിൽ, പരസ്പരം കേൾക്കാനും അവയെ അംഗീകരിക്കാനായി ഒരുമിച്ച് യാത്ര ചെയാനും എല്ലാവരുടെയും പ്രയോജനത്തിനായി ആത്മാവ് നമ്മെ നയിക്കുന്നത് എങ്ങോട്ടെന്ന് വിവേച്ചിച്ചറിയാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
കർത്താവ് തൻ്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കേണ്ടതിന് പൗരോഹിത്യത്തിലേക്കും സന്ന്യാസജീവിതത്തിലേക്കുമുള്ള ദൈവവിളികൾക്കായി പ്രാർത്ഥിക്കണമെന്നും പാപ്പാ എല്ലാവരോടും ആഹ്വാനം ചെയ്തു. ഒരു വർഷത്തെ പ്രാർത്ഥനയോടെ സഭ ജൂബിലിക്ക് തയ്യാറെടുക്കുമ്പോൾ, ക്രിസ്ത്യാനികൾ ദൈവശബ്ദം ശ്രവിക്കുകയും “പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻ്റെ സൃഷ്ടാക്കളുമായി” മാറാൻ നമ്മെ സഹായിക്കുന്നതുമായ പ്രാർത്ഥനയിൽ ദിവസവും ഏർപ്പെടണം.
പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻ്റെ സൃഷ്ടാക്കളും
തൻ്റെ സന്ദേശത്തിൻ്റെ പ്രധാന ഭാഗത്തിലേക്ക് കടന്ന ഫ്രാൻസിസ് മാർപാപ്പ, ക്രിസ്ത്യൻ തീർത്ഥാടനമെന്നാൽ നമ്മുടെ കണ്ണും മനസ്സും ഹൃദയവും നമ്മുടെ ലക്ഷ്യത്തിൽ, അതായത് ക്രിസ്തുവിൽ നിലനിർത്തുകയും എല്ലാ ദിവസവും പുതുതായി ഇറങ്ങിതിരിക്കുകയും ചെയ്യുകയാണെന്ന് അനുസ്മരിച്ചു. “ഈ ഭൂമിയിലെ നമ്മുടെ തീർത്ഥാടനം അർത്ഥശൂന്യമായ യാത്രയിൽ നിന്നോ ലക്ഷ്യമില്ലാത്ത അലഞ്ഞുതിരിയലിൽ നിന്നോ വളരെ അകലെയാണ്,” അദ്ദേഹം പറഞ്ഞു. നേരെമറിച്ച്, ഓരോ ദിവസവും, ദൈവത്തിൻ്റെ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട്, ഓരോ വ്യക്തിക്കും സമാധാനത്തിലും നീതിയിലും സ്നേഹത്തിലും ജീവിക്കാൻ കഴിയുന്ന ഒരു പുതിയ ലോകത്തിലേക്ക് മുന്നേറുന്നതിന് ആവശ്യമായ എല്ലാ ചുവടുകളും വെക്കാൻ നാം പരിശ്രമിക്കുന്നു. എണ്ണമറ്റ പ്രതിസന്ധികൾക്കും മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ഭയപ്പെടുത്തുന്ന മാറ്റൊലികൾക്കും ഇടയിൽ പ്രത്യാശയുടെയും സമാധാനത്തിൻ്റെയും സുവിശേഷ സന്ദേശം വഹിക്കുന്ന “പ്രതീക്ഷയുടെ പുരുഷന്മാരും സ്ത്രീകളും” ആയിത്തീരുക എന്നതാണ് ഓരോ ക്രിസ്ത്യൻ ദൈവവിളിയുടെയും ലക്‌ഷ്യം. ക്രിസ്തുവിൻ്റെ പുനരുത്ഥാനം, നമ്മുടെ ക്രിസ്തീയ പ്രത്യാശയെ മുന്നോട്ട് നയിക്കുന്ന പ്രേരകശക്തിയും ലോകം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന വെല്ലുവിളികളെ നേരിടാൻ അനുവദിക്കുന്ന ഊർജസ്രോതസ്സുമാണ്.
ജീവിതത്തോടുള്ള ക്രിസ്ത്യൻ അഭിനിവേശം
അവസാനമായി, നമ്മുടെ വിളിയെ അംഗീകരിച്ചുകൊണ്ട്, നിസ്സംഗതയിൽ നിന്ന് ഉണർന്ന് ചുവടുകൾ വെക്കാൻ ക്രിസ്തുവിനെ അനുവദിക്കുവാനും ക്രിസ്ത്യാനികളെ അദ്ദേഹം ക്ഷണിച്ചു. “നമുക്ക് ജീവിതത്തോട് അഭിനിവേശമുള്ളവരാകാം. നമുക്ക് ചുറ്റുമുള്ളവരെ, എല്ലാ സ്ഥലങ്ങളിലും സ്നേഹപൂർവ്വം പരിചരിക്കുവാൻ നാം സ്വയം പ്രതിജ്ഞാബദ്ധരായിരിക്കാം.”
(ക്രിസ് വർഗീസ്, എടത്വ (ആലപ്പുഴ ജില്ല), ജീസസ് യൂത്ത് ചങ്ങനാശ്ശേരി സോൺ ടീൻസ് ടീം മെമ്പർ, റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റിവലി & കമ്മ്യൂണിക്കേറ്റിവലി ചല്ലെഞ്ചഡ് (RICCCH) ൽ സോഷ്യൽ വർക്കറായി ജോലി ചെയുന്നു)