‘ക്രൂസിസ് സിംഗപ്പുര’
ഇത് പതിനാലാം വർഷം, സിംഗപ്പൂർ മണ്ണിൽ ജീസസ്സ് യൂത്ത് ചെറുപ്പക്കാർ കൊളുത്തിവച്ച വിശ്വാസ വെളിച്ചം. ‘ക്രൂസിസ് സിംഗപ്പുര’ കുരിശിൻ്റെ സ്നേഹത്തിലേക്കുള്ള നഗ്നപാദ യാത്ര!
സിംഗപ്പൂരിനെ കുരിശാകൃതിയിൽ അടയാളപ്പെടുത്തി വിശുദ്ധവാരത്തിന് മുമ്പുള്ള ശനിയാഴ്ച നടത്തപ്പെടുന്ന ഈ കുരിശിൻ്റെ വഴി സിംഗപ്പൂരിലെ വീഥികളിലൂടെ നഗ്നപാദരായി നടന്ന് കുരിശിനെ ധ്യാനിച്ച് ഈ നാടിന് വേണ്ടി പ്രാർത്ഥിച് യേശുവിൻ്റെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ചുട്ടു പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ജീസസ് യൂത്ത് സിംഗപ്പൂർ സംഘടിപ്പിച്ച പതിനാലാമത് ക്രൂസിസ് സിംഗപ്പുരയിൽ പങ്കെടുത്തത് 107 പേർ. അതിൽ സിംഗപ്പൂർ സ്വദേശികളും മറ്റു ഇതര രാജ്യക്കാരും.
പതിനഞ്ചു കിലോമീറ്ററുകൾ നഗ്നപാദയായി നടക്കുന്നത് എളുപ്പമാണെന്നാണ് കേശിയ മെൻഡിസ്‌ബേൽ (Keshia Mendezabal-Tanglao) ആദ്യം കരുതിയതത്രെ. തൻ്റെ ഭർത്താവുമൊത്ത് പതിവായി ഹാഫ് മാരത്തോണുകളിൽ പങ്കെടുത്തിരുന്ന ഈ മുപ്പത്തിരണ്ട്കാരിക്ക് ഇത് നിസാര കാര്യമായി ആദ്യം തോന്നി. എന്നിരുന്നാലും ഈ നടത്തം വളരെ വ്യത്യസ്ഥമാണെന്ന് പെട്ടെന്ന് മനസ്സിലായി. ചുട്ടുപൊള്ളുന്ന നടപ്പാതയിലൂടെ പാദരക്ഷകൾ ഉപയോഗിക്കാതെയുള്ള നടത്തം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി. കാലുകൾ വിണ്ടു പൊട്ടി. കഠിനമായ വേദന ഉണ്ടായിരുന്നിട്ടും കൂടെ നടന്ന സുഹൃത്തിൻ്റെ പ്രാർത്ഥനകളും സംഭാഷണങ്ങളും തനിക്ക് ഈ കുരിശു യാത്ര തുടരാനുള്ള കരുത്ത് നൽകിയെന്ന് പിന്നീടവർ സാക്ഷ്യപ്പെടുത്തി. “നഗ്നപാദയായി കുരിശിലേക്കുള്ള യാത്രയിൽ ചേർന്നത് മെച്ചപ്പെട്ട ആത്മീയ അവസ്ഥയിൽ വിശുദ്ധ വാരത്തിൽ പ്രവേശിക്കാൻ എന്നെ സഹായിച്ചു, കാരണം, ഈ യാത്രയിലൂടെ, യേശുവിൻ്റെ പീഡാ സഹനങ്ങളിലും, മരണത്തിലേക്കുള്ള വഴിയിൽ അവൻ അനുഭവിച്ച നൊമ്പരങ്ങളിലും ചെറിയ രീതിയിൽ പങ്കുപറ്റുവാൻ എനിക്ക് കഴിഞ്ഞു. ഞങ്ങളുടെ പാപങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ” അവൾ പങ്കുവച്ചു.
കുഞ്ഞുകുട്ടികൾ വരെ ഈ തീർത്ഥാടനത്തിന്റെ ഭാഗമായി. 9 വയസ്സുകാരൻ അൽഫോൻസ് സിജു ഔർ ലേഡി ഒഫ് സ്റ്റാർസ് പള്ളിയിൽ നിന്നും നടന്നത് 11 കിലോമീറ്റർ.
ഈ വർഷത്തെ പ്രമേയം “കുരിശിൻ്റെ സ്നേഹം” എന്നതായിരുന്നു. ഒരു പ്രതിഫലന ചോദ്യത്തോടെയാണ് ഇക്കുറി നടത്തം ആരംഭിച്ചത് – ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നമുക്ക് ശരിക്കും അറിയാമോ? ഏറ്റവും ചെറിയ റൂട്ട് (7.2 കിലോമീറ്റർ) ബൂൺ കെങ്ങിലെ സെൻ്റ് മൈക്കൽ ചർച്ചിൽ നിന്ന് ആരംഭിച്ചു. ഏറ്റവും ദൈർഘ്യമേറിയത് (16 കിലോമീറ്റർ) ടാംപിനിസിലെ ഹോളി ട്രിനിറ്റി ചർച്ചിൽ നിന്നാണ്. വഴിയിലുടനീളം 14 സ്റ്റേഷനുകളിൽ ഓരോന്നിലും യുവജനങ്ങൾ ദൈവത്തിൻ്റെ അപാരമായ സ്‌നേഹത്തിൻ്റെ വിവിധ വശങ്ങളെ ധ്യാനിച്ചു.
ഈ യാത്രയുടെ ഒടുവിൽ യേശുവിൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത് അനുസ്മരിച്ച് പരസ്പരം കാലുകൾ കഴുകി ചുംബിച്ചു. എളിമയുടെയും സ്നേഹത്തിൻ്റെയും ക്ഷമയുടെയും പുത്തൻ അനുഭവമായിരുന്നു അത്.
ചർച്ച് ഓഫ് ഹോളി സ്പിരിറ്റിലാണ് നടത്തം അവസാനിച്ചത്. തുടർന്ന് ആരാധനയും നടന്നു. പതിനാലു വര്ഷങ്ങള്ക്കു മുൻപ് സിംഗപ്പൂർ ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തിലാണ് ‘ക്രൂസിസ് സിംഗപ്പുര’ എന്ന പേരിൽ നഗ്നപാദ തീർത്ഥയാത്ര ആരംഭിച്ചത്. കൂടുതൽ യുവജനങ്ങളെ ഈശോയിലേക്കു ആകർഷിക്കാനും സിംഗപ്പൂർ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും വേണ്ടിയായിരുന്നു അത്. പിന്നീട് സഭയുടെ ഭാഗത്തുനിന്നും വലിയപിന്തുണയാണ് ലഭിച്ചത്. വൈദികർ പള്ളികളിൽ വിളിച്ചുപറഞ്ഞു കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ പരിശ്രമിച്ചു.
പതിനാലു വർഷം നടന്നതിന്റെ തഴമ്പ് കാലിൽ മാത്രമല്ല, വിശ്വാസത്തിന്റെ ബലം യുവജനങ്ങളുടെ ഹൃദയത്തിലും പതിയപ്പെട്ടിരിക്കുന്നു.