കുമ്പസാരകൂട് അപ്പന്റെ നെഞ്ചാണ്
ഭൂമിയിൽ ഓരോ കുഞ്ഞിന്റെ ഉള്ളിലുമുണ്ട് ഉറങ്ങികിടക്കുന്ന ഏതെങ്കിലും രീതിയിലുള്ള പാപത്തിന്റെതായ വാസന. കാലത്തിന്റെ ഗതിയിൽ, ജീവിതസാഹചര്യങ്ങളിൽ, വളർച്ചയുടെ പാതകളിൽ അവർ പോലും അറിയാതെ വീണുപോകുന്ന പലവിധ അവസ്ഥകൾ.
ഇതിൽ നിന്ന് എല്ലാം തിരിച്ചുവരുവാൻ – രക്ഷയെ, സത്യത്തെ, നന്മയെ തിരിച്ചറിയുവാൻ സഹായിക്കുവാൻ, “എന്റെ അപ്പാ” എന്ന വിളിയും കാത്തു നിൽക്കുന്ന ഒരാൾ ഉണ്ട്. എല്ലാം സൃഷ്ടിച്ച തമ്പുരാനായ നമ്മുടെ സ്വന്തം അപ്പാ!.
വിശുദ്ധ ബൈബിളിലൂടെ ലൂക്കാ സുവിശേഷകൻ 15:11 മുതലുള്ള വാക്യങ്ങളാൽ “അപ്പന്റെ സ്നേഹം” നമ്മെ മാടി വിളിക്കുന്നു. ആ സ്നേഹം ഈ കാലഘട്ടത്തിൽ നമ്മൾ കണ്ടെത്തുന്നത് നമ്മിൽ നിന്നും ഒട്ടും അകലയല്ലാത്ത’കുമ്പസാരകൂട്ടിൽ’ ആണ്. പല മനുഷ്യരും അവസാനിച്ചു എന്ന് വിചാരിച്ചപ്പോൾ അവരെയെല്ലാം ജീവിതത്തിലേക്ക് – നാഥന്റെ മടിയിലേക്ക് തിരികെ വിളിച്ചത് കുമ്പസാരകൂട്ടിൽ ഇരിക്കുന്ന വൈദികനിലൂടെ ഈശോ സംസാരിച്ചത് കൊണ്ടാണ്.
കുമ്പസാരകൂട് ശരിക്കും, ‘ഒരു അപ്പന്റെ നെഞ്ചാണ്! ചങ്കാണ്’.
അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ ഏറ്റുപറയുപ്പോൾ, ഇനിയും അത് ആവർത്തിക്കരുതെന്നും നന്മയുടെ മാർഗ്ഗത്തിലൂടെ നടക്കണമെന്നും പറഞ്ഞുകൊണ്ട്, പ്രഹരത്തിനുപകരം സ്നേഹം നൽകി തന്റെ വഴിയിലൂടെ നടക്കുവാൻ സഹായിക്കുന്നത് കാരുണ്യവനായ അപ്പന്റെ ചങ്കാണ്. ഈ ചങ്കിന്റെ ചൂടും സാമീപ്യവുമാണ് പാപത്തിൽ വീഴുവാൻ ഇടവരുമ്പോൾ അതിൽ നിന്നും നമ്മെ പിൻതിരിപ്പിക്കുന്നത്.
കുമ്പസാരകൂട് നമുക്ക് പ്രദാനം ചെയ്യുന്നത് നമ്മുടെ മനസാന്തരമാണ്. എത്ര സഹനങ്ങളിൽ കൂടി കടന്നുപോയാലും കുമ്പസാരത്തിലൂടെ ലഭിക്കുന്ന ദൈവിക സ്നേഹവും കരുതലും കൊണ്ട് എല്ലാം അതിജീവിക്കുവാൻ ശക്തി ലഭിക്കുന്നു. ആത്മാർത്ഥയോടുള്ള കുമ്പസാരം നമ്മെ വിശുദ്ധിയിലേക്ക് കൂടുതൽ അടുപ്പിക്കും. കുമ്പസാരകൂട് നമുക്ക് ധൈര്യം പകരുന്നു. പ്രത്യാശ തരുന്നു. പ്രതീക്ഷ നൽകുന്നു.
നമുക്ക് വേണ്ടി ഒരു കുഞ്ഞു വാതിലിലൂടെ എന്നും വിശ്വസ്തനായ ഒരാൾ കാത്തിരിപ്പുണ്ട്, നമ്മുടെ അപ്പൻ!
ആ കുമ്പസാരകൂടിൽ നമുക്ക് വൈദികനിലൂടെ ഈശോയെ കാണുവാൻ കഴിയണം. എങ്കിൽ മാത്രമേ, സമ്പൂർണ കുമ്പസാരം, ഏറ്റുപറച്ചിൽ, മാനസാന്തരം സാധ്യമാകുകയുള്ളൂ.
മറന്ന് പോകരുതേ മക്കളെ..
എന്നും നമ്മുടെ തിരിച്ചുവരവിനുവേണ്ടി തുടിക്കുന്ന ഒരു അപ്പന്റെ ചങ്കിന്റെ വേദന.
അതിനുള്ളിലെ അനന്തമായ സ്നേഹത്തെ.
വരൂ… നമ്മുടെ പള്ളികളിലെ കുമ്പസാരകൂടിലേക്ക്…
(ലോബിന, ഭർത്താവ് റോബിനും രണ്ടു മക്കൾക്കുമൊപ്പം ആലപ്പുഴ മാന്നാറിൽ താമസിക്കുന്നു. നഴ്‌സ് ആണ്. കെയ്‌റോസ് വിമൻസ് മിഷനറീസ് ടീം അംഗം, കഴിഞ്ഞ 22 വർഷമായി ജീസസ് യൂത്തിൽ സജീവമാണ്)