ഒരു കഥ സൊല്ലട്ടുമാ…
അപ്പോ ഞാൻ ഒരു കഥ പറഞ്ഞു തുടങ്ങട്ടെ!
പണ്ട് പണ്ട് ഒരിടത്തു ഒരു കുഞ്ഞു പയ്യൻ ഉണ്ടായിരുന്നു. അപ്പനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു കുഞ്ഞ് കുടുംബമായിരുന്നു അവന്റെത്. അപ്പന് ജന്മനാ സംസാരിക്കാനും ചെവി കേൾക്കാനും സാധിക്കില്ലെങ്കിലും നല്ലൊരു തയ്യൽക്കാരനായിരുന്നു ആ അപ്പൻ. അതൊക്കെ തന്നെയായിരുന്നു അവരുടെ ഏക വരുമാന മാർഗ്ഗവും. തയ്യൽകടയും വീടും ഒക്കെ ആയി അവർ കഴിഞ്ഞിരുന്നത് ഒരു ചെറിയ ഒറ്റമുറിയിലായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നാലും അവന് ഒരു സങ്കടമുണ്ടായിരുന്നു. എന്താന്നല്ലേ? അവന്റെ കൂട്ടുകാർ അവനെ കളിയാക്കാനും ദേഷ്യം പിടിപ്പിക്കാനുമൊക്കെ അവനെ വിളിച്ചിരുന്നത് “പൊട്ടന്റെ മോനെ” എന്നായിരുന്നു. ഇതു കേൾക്കുമ്പോൾ അവന്റെ മുഖം ചുവന്നു തുടുക്കും. അങ്ങനെ പറയുന്നവരെയൊക്കെ അവൻ ഇടിക്കും. ഇടിയും അടിയും പിടിയും വലിയുമായി കാലങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ അവന്റെ ജീവിതത്തിലെ അതിമനോഹരമായ ദിവസം വന്നെത്തി, ആദ്യകുർബാന സ്വീകരണം. അതിനു മുന്നോടിയായുള്ള ക്ലാസ്സുകൾകൊക്കെ പോകാൻ അവൻ ഒരുങ്ങി, ക്ലാസ്സുകളിൽ സ്നേഹത്തെ പറ്റിയും ശത്രുക്കളോടു ക്ഷമിച്ച ഈശോയെ പറ്റിയും ഒക്കെ അവൻ അറിഞ്ഞു. ഒരു ദിവിസം ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴുണ്ടടാ അവന്റെ കൂട്ടുക്കാരൻ ഉറക്കെ വിളിച്ചു ‘പൊട്ടന്റെ മോൻ’ വരുന്നുണ്ടേന്ന്. ഇതു കേട്ടതും അവൻ ഓടി ചെന്ന് അവനെ ഇടിച്ചു. അങ്ങനെ ഉന്തും തള്ളുമായി. ക്ലാസ്സിൽ നിന്നു കേട്ട ദൈവ വചനം ഒക്കെ ആര് ഓർക്കാൻ? അപ്പോഴാണ് നമ്മുടെ വികാരിയച്ചൻ ഇതു കണ്ടുകൊണ്ട് വരുന്നത്. അച്ചൻ രണ്ടു പേർക്കും വഴക്കു കൊടുത്തു. എന്നിട്ടു നമ്മുടെ പയ്യനെ അടുത്തു വിളിച്ചു ചോദിച്ചു “നീ എന്നാത്തിനാടാ വഴക്കുണ്ടാക്കിയേ? ഈശോയെ സ്വീകരിക്കാൻ പോകുന്ന നീ ക്ഷമിക്കാനും പഠിക്കണ്ടേ? അതൊക്കെ വിട്ടുകളയടാ” അച്ചൻ അവനെ ആശ്വസിപ്പിച്ചു. എന്നിട്ടു ചോദിച്ചു “ഈശോയെ സ്വീകരിക്കുമ്പോൾ എന്നാ നിന്റെ ആഗ്രഹം? അല്ലേ നീ എന്തിനു വേണ്ടിയാ പ്രാർത്ഥികുന്നേ? വീണ്ടും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിങ്ങി വിങ്ങി അവൻ പറഞ്ഞു. “എനിക്കു ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. എന്റെ അപ്പൻ സംസാരിക്കണം. എന്നിട്ടവൻ പിന്നെയും കരഞ്ഞു. അച്ചൻ ഒരു നിമിഷം ആലോചിച്ചു എന്നിട്ടു പറഞ്ഞു, നീ എന്തിനാ കരയുന്നേ” നിന്റെ അപ്പൻ സംസാരിച്ചല്ലോ! അവൻ ഒന്നു ഞെട്ടി. എന്നിട്ട് കണ്ണു തുടച്ചു അവൻ ചോദിച്ചു, “എപ്പളാ എന്റെ അപ്പൻ സംസാരിച്ചേ ഞാൻ കേട്ടില്ലല്ലോ”
“എടാ നീ സംസാരിച്ചില്ലേ? അപ്പോഴാണ് നിന്റെ അപ്പനും സംസാരിച്ചത്… നിന്റെ അപ്പാപ്പനും അപ്പനും ഒക്കെ സംസാരിക്കാനും ചെവി കേൾക്കാനും പാടിലാത്തവരായിരുന്നു. പക്ഷെ അവരൊക്കെ സംസാരിക്കുന്നത് നിന്നിലൂടെയാ. നിന്റെ അപ്പന്റെ സ്വരം ആടാ നീ. ഈശോ നിനക്കു ശബ്ദം തന്നതു ഇതിനു വേണ്ടിയാ. ഇതുവരെ ഇതു നിനക്ക് അറിയാത്തതുകൊണ്ടാ നീ ദേഷ്യപെടുന്നെ. ഇനി നിന്നെ കളിയാക്കുമ്പോ നീ പറയണം മനസ്സിൽ ഓർക്കണം നിന്റെ അപ്പൻ സംസാരിക്കുന്നത് നിന്നിലൂടെയാണെന്ന്.”
ഇത് കേട്ടപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ചിരിച്ചു, എന്നിട്ട് പറഞ്ഞു “ശരിയാ അച്ചോ, എന്റെ അപ്പൻ സംസാരിക്കുന്നത് എന്നിലൂടെയാ.”
പള്ളി വിട്ടിറങ്ങുമ്പോൾ അവൻ സക്രാരിയിലെ ഈശോയെ നോക്കി പുഞ്ചിരിച്ചു. ഈശോ തിരിച്ചും. പിന്നീട് അവൻ കളിയാക്കലുകൾക്ക് ചെവി കൊടുത്തിട്ടില്ല. പുഞ്ചിരി മാത്രം. കാരണം അവന്റെ അപ്പൻ സംസാരിച്ചല്ലോ.
നമ്മളും പലരുടെയും സ്വരമല്ലേ? അല്ലെങ്കിൽ നമ്മുടെ ശബ്ദത്തിൽ പലരുടെയും സ്വരം അടങ്ങിയിട്ടില്ലേ?
പണ്ട് ഒരു മനുഷ്യൻ വന്നതും ഒരു അപ്പന്റെ ശബ്ദമായിട്ടായിരുന്നു. ആ ശബ്ദം ആരും അന്ന് തിരിച്ചറിയാതെ അവനെ ക്രൂശിച്ചു കല്ലറയിലാക്കി. പക്ഷേ ആ ശബ്ദം കല്ലറ പൊളിച്ചു ഉയർത്തു!
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
യോഹന്നാന്‍ 1:1
കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ലട്ടോ. എന്റെ തന്നെ കഥയാണ്.
(കൊല്ലം സ്വദേശിയായ മാക്സ്‌വെൽ ഡേവിസ് ജീസസ് യൂത്തിൽ സജീവമാണ്. ഇപ്പോൾ പിതാവിന്റെ ബിസ്നസ്സിൽ സഹായിക്കുന്നു)