January 22, 2025
Financial Discipline Self-Care Youth & Teens

എമർജൻസി ഫണ്ട് ‘അമേസിംഗ്’ ആണ്‌

  • March 26, 2024
  • 1 min read
എമർജൻസി ഫണ്ട് ‘അമേസിംഗ്’ ആണ്‌

ഒരു ദിവസം പ്രയർ മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അനൂപും കൂടെ ഉണ്ടായിരുന്നു. അവൻ അകെ വിഷമത്തിലാണ്. മൂന്ന് മാസമായി അവന്റെ ജോലി നഷ്ടപെട്ടിട്ട്. നാട്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ല, അതുകൊണ്ടു വീട്ടിൽ ആകെ പ്രശ്നമാണ്. സാമ്പത്തിക മാന്ദ്യം കാരണം കമ്പനികൾ ക്ലോസ് ചെയ്യുന്നത്‌ ദുബൈയിൽ ഒരു സ്ഥിരം സംഭവമാണ്.

“കഴിഞ്ഞ രണ്ടു മാസമായി കുറേപേരുടെ അടുത്ത് നിന്നുനിന്നു കടം വാങ്ങി നാട്ടിലേക്ക് അയച്ചു. ഇനി അതു പറ്റില്ല. എന്നാൽ വീട്ടിൽ ആർക്കും ഇത് പറഞ്ഞാൽ മനസിലാവുന്നില്ല.” അനൂപിന്റെ സങ്കടം തുടർന്നു.

കൂടുതൽ ചോദിച്ചപ്പോളാണ് എനിക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായത്. അവനു നാട്ടിൽ ഒത്തിരി കടങ്ങളും ലോണും ഉണ്ട്. ഇവിടെ ഗൾഫിലും ഉണ്ട്. ഇപ്പോൾ ജോലി ഇല്ലാത്തതിനാൽ തിരിച്ചടവ് എല്ലാം മുടങ്ങി അകെ പ്രശ്നത്തിലായി.

ഇതുപോലെ ധാരാളം പേരെ ഞാൻ പരിചയപെട്ടുണ്ട്. യഥാർത്ഥത്തിൽ പണം കൃത്യമായി ഉപയോഗിക്കാൻ നമുക്കറിയാത്തതാണ് നമ്മുടെ പ്രശ്നമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഫിനാൻഷ്യൽ മാനേജ്‌മെന്റിനെയും പ്ലാനിങ്ങിനെയും കുറിച്ചുള്ള അറിവില്ലായ്മയാണ് യഥാര്ത്ഥ വില്ലൻ.

ഇതേ കുറിച്ചൊക്കെ ആരോടെങ്കിലും ചോദിച്ചാൽ രണ്ടു മറുപടിയാണ് സാധാരണ ലഭിക്കുന്നത്.

  1. അതിനു മാത്രം പണമൊന്നും എനിക്ക് ലഭിക്കുന്നില്ല.
  2. ചിലവ് ചുരുക്കി പിശുക്കി ജീവിക്കാനൊന്നും എനിക്ക് പറ്റില്ല.

എന്താണ് ഒരു പരിഹാരം?
വളരെ ലളിതമായ ഒരു രീതി ഇങ്ങനെയാണ്. നിങ്ങൾക്ക് ലഭിക്കുന്നതിൽ നിന്നു ആദ്യം നിങ്ങൾക്കു തന്നെ മാറ്റിവെക്കുക. എത്രയാണോ നിങ്ങൾക്ക് ലഭിക്കുന്നത് അതിൽ നിന്നു 10-20 % നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റിവക്കണം. അത് നിങ്ങളുടെ മൂന്നു മാസത്തെ ചെലവ് എത്ര വരുന്നോ അത് എത്തുന്നത് വരെ തുടരണം. അതായത് പതിനായിരം രൂപ മാസച്ചെലവു വരുന്ന ഒരാൾ മുപ്പതിനായിരം രൂപ ആകുന്നതുവരെ ഇത് തുടരണം എന്നർത്ഥം. ഇതിനെയാണ് എമെർജൻസി ഫണ്ട് എന്ന് വിളിക്കുന്നത്.

എമർജൻസി ഫണ്ട് അമേസിംഗ് ആണ്‌!!!
കോവിഡ് വന്നു സാലറി ഇല്ലാതായ മൂന്നു മാസം ഞാൻ പിടിച്ചു നിന്നതു ഈ ഫണ്ട് ഉപയോഗിച്ചാണ്.

ഇങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും അത്യാവശ്യം വന്നാൽ എമെർജൻസി ഫണ്ടിൽ നിന്നു എടുക്കുന്നതിൽ തെറ്റില്ല. എന്നാലും പേര് സൂചിപ്പിക്കുന്ന പോലെ അത്രയ്ക്കും അത്യാവശ്യം വന്നാൽ മാത്രമേ അത് ഉപയോഗിക്കാവൂ. ഏതെങ്കിലും തരത്തിൽ ഉപയോഗിച്ചാൽ മൂന്ന് മാസത്തെ ചെലവ് സംഖ്യ എത്തുന്നത് വരെ വീണ്ടും ഇത് തുടരണം.

കയ്യിലുള്ള പണം പെട്ടന്ന് ചെലവ് ചെയ്യുന്ന സ്വഭാവം നിങ്ങൾക്ക് ഉണ്ടെങ്കിൽ എ.ടി.എം കാർഡില്ലാത്ത ഒരു അക്കൗണ്ട് എടുത്തു അതിൽ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ലിക്വിഡ് ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യണം. കൂടുതൽ പലിശ ലഭിക്കുന്ന സേവിങ്സ് അക്കൗണ്ട് ആയി വെക്കുന്നതും നല്ലതാണ്‌. പെട്ടന്നുള്ള അത്യാവശ്യങ്ങൾ (ആക്സിഡന്റ്, മരണം etc) വരുമ്പോൾ എത്രയും പെട്ടന്ന് എടുക്കാൻ പറ്റുന്ന തരത്തിൽ ആയിരിക്കണം എന്ന് മാത്രം.

എമെർജൻസി ഫണ്ടാണ് താരം.
ശ്രദ്ധിക്കേണ്ട കാര്യം സേവിങ്സ് അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങുന്നതിനു മുൻപ് എമർജൻസി ഫണ്ട് റെഡിയാക്കി മാറ്റി വക്കണം. അല്ലെങ്കിൽ മുട്ടയിടുന്ന കോഴിയെ കൊന്നു തിന്നുന്നതിനു തുല്യമാണ്. അവസാനം മുട്ടയും ഇല്ല കോഴിയും ഇല്ല എന്ന അവസ്ഥയാകും.

(വിനീഷ് ആളൂർ, ബിർള പെയിൻ്റ്സ് തമിഴ്നാട് ഏരിയ മാനേജർ, എം.ബി.എ, പി.ജി.ഡി എം ബിരുദധാരിയാണ്. ഭാര്യയോടും രണ്ടുമക്കളോടും കൂടെ കോയമ്പത്തൂരിൽ താമസം, കെയ്‌റോസ് ന്യൂസ് കോർ ടീം അംഗമാണ്)

About Author

കെയ്‌റോസ് ലേഖകൻ