ഇന്നു മുതൽ കെയ്റോസ് പുതിയൊരു കാൽവയ്പ് കൂടി നടത്തുകയാണ്.
അതിരാവിലെ എഴുന്നേൽക്കുന്നത് മുതൽ, നാട്ടിലെ വിശേഷങ്ങൾ തുടങ്ങി അന്താരാഷ്ട്ര സംഭവവികാസങ്ങൾ വരെ ഇഴകീറി പരിശോധിക്കുന്ന മലയാളി വായനക്കാർക്കായി കെയ്റോസ് ഒരുക്കുന്ന പുതിയ വഴിയാണ് ‘കെയ്റോസ് ന്യൂസ്’ പോർട്ടൽ.
വത്തിക്കാൻ വിശേഷങ്ങളുൾപ്പെടെ ഏതാണ്ടെല്ലാ സംഭവവികാസങ്ങളും കെയ്റോസ് ന്യൂസിൽ വായിക്കാം.
ഇപ്പോളിതൊരു ചെറിയ തുടക്കമാണ്. എല്ലാകാര്യങ്ങളും റെഡിയായിട്ടില്ല. ഈയാണ്ടിലെ ഓണമാകുമ്പോഴേയ്ക്കും പൂർണ രൂപമെത്തുമെന്നാണ് പ്രതീക്ഷ.
സാമ്പത്തികമുൾപ്പെടെ ഒന്നിനെക്കുറിച്ചും വലിയ ഉറപ്പൊന്നുമില്ലെന്നതാണ് സത്യം. കെയ്റോസിൻ്റെ മറ്റെല്ലാ ശുശ്രൂഷകളെയും പോലെ ദൈവിക സംരക്ഷണത്തിൽ വിശ്വാസമർപ്പിച്ച് കണ്ണുംപൂട്ടി ഇറങ്ങിപ്പുറപ്പെടുകയാണ്.
മുൻപ് ഒമാനിൽ കോർഡിനേറ്ററൊക്കെയായിരുന്ന, പരസ്യ മേഖലയിൽ പണിയെടുക്കുന്ന, ഗുരുവായൂരുകാരൻ ആൻ്റോയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രാർത്ഥനയും ഒരുക്കവുമായി കുറച്ചുനാളുകളായി കെയ്റോസ് ന്യൂസ് രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിലായിരുന്നു. തുടക്കത്തിൽ പ്രധാനമായും മലയാളത്തിലാകുമെങ്കിലും തുടർന്ന് മറ്റു ഭാഷകളിലുമെത്തും.
മലയാളമറിയുന്നവരും അല്ലാത്തവരുമായവരുടെ പക്കൽ ‘സുവിശേഷം‘ ഫലപ്രദമായെത്താൻ നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും വേണം.
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ,
ഡയറക്ടർ, കെയ്റോസ് മീഡിയ