ഇങ്ങനെ കുർബാനയെ അവഹേളിക്കുന്ന ജനത?
ഇരുപതോ അതിനടുത്ത് പ്രായമുള്ള രണ്ടു മക്കളും മാതാപിതാക്കളുമടങ്ങിയ ഒരു കൊച്ചു കുടുംബം ഈസ്റ്ററിന് പുലർച്ചയ്ക്കുള്ള പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എന്റെ മുൻപിലുണ്ടായിരുന്നു. തിരുകർമ്മങ്ങൾ ആരംഭിച്ചതു മുതൽ ഞാൻ കണ്ടത് ആ രണ്ടു കുട്ടികളും മത്സരിച്ചുറങ്ങുന്നതാണ്. ഈശോയും തീവ്രവേദനയോടെ രക്തം വിയർത്ത് പ്രാർത്ഥിച്ചപ്പോൾ, തന്റെ അരുമ ശിഷ്യന്മാർപോലും ഉറങ്ങിപ്പോയില്ലേ? ഞാൻ സ്വയം എന്നെ തിരുത്തുവാൻ ശ്രമിച്ചു. എപ്പോഴോ ഗാഢനിദ്രയിൽ നിന്നുണർന്ന ഒരു കുട്ടി പോക്കറ്റിൽ നിന്നുമൊരു ചൂയിംഗവുമെടുത്ത് ചവച്ചുകൊണ്ട് പിന്നീട് പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ഇതിനെല്ലാം മൂക സാക്ഷിയായ പിതാവ് ഇതൊന്നും എന്നെ ബാധിക്കില്ല എന്ന മട്ടിൽ ഇരുന്നു. അവരുടെ അറിവില്ലായ്മ എനിക്കൊരു ഹൃദയവേദനയായി. അവരോട് കരുണയായിരിക്കണമെന്ന് ഞാനും പ്രാർത്ഥിച്ചു. തിരുകർമ്മങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവരെ തിരുത്തുവാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല.
“നിങ്ങൾ സക്രാരിയെ സമീപിക്കുമ്പോൾ ഓർക്കുക, അവൻ ഇരുപത് നൂറ്റാണ്ടുകളായി നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.”
സെൻ്റ് ജോസ്മരിയ എസ്ക്രിവ
കാൽവരിയിൽ ക്രിസ്തു അർപ്പിച്ച അതേ ബലി തന്നെയാണ് ഓരോ പരിശുദ്ധ കുർബാനയിലും നാമും അർപ്പിക്കുന്നത്. അവന്റെ രക്ഷാകര രഹസ്യങ്ങൾ ഹൃദയത്തിൽ പാർപ്പിക്കുന്നവന് പരിശുദ്ധ കുർബാനയിൽ എങ്ങനെ നിസ്സംഗനായി നിലകൊള്ളാൻ കഴിയും? സ്വയം അറിഞ്ഞു കൊണ്ടുള്ള ഈ നിസ്സംഗതയെന്നാൽ ഉറവയുടെ മുൻപിൽ ദാഹജലമില്ലാതെ മരിക്കുന്നതിന് തുല്യമാണ്. ഈശോയുടെ സുവിശേഷ സന്ദേശം ലോകം മുഴുവൻ കത്തിപ്പടർന്നത് അവനെ ഏറ്റുപറഞ്ഞ് സാക്ഷ്യപ്പെടുത്തിയവരുടെ ജീവാർപ്പണത്തിലൂടെയായിരുന്നു. ക്രിസ്ത്വാനുഭവം ഉപരിപ്ലവമായ ആഘോഷങ്ങൾക്കപ്പുറത്ത് കാലത്തിനതീതമായി ജീവിതസാക്ഷ്യങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്.
ദൈവാരാധനയിൽ അലസതയോടെ പങ്കെടുക്കുന്നതും, ഉറങ്ങുന്നതും, കൈകൾ കെട്ടി മറുപടി പ്രാർത്ഥനകൾ ചൊല്ലാതെ നിൽക്കുന്നതും ഒരു ഗൗരവമേറിയ വീഴ്ചയും ആത്മനിന്ദയുമാണ്. പൂർണ്ണഹൃദയത്തോടെ ദൈവാരാധനയിൽ പങ്കെടുക്കേണ്ടത് നമ്മുടെ അടിസ്ഥാന കടമയാണ്. ദൈവാലയത്തിലെ ആരാധനയുടെ പവിത്രതയും പ്രാധാന്യവും മക്കൾ ഹൃദ്യസ്ഥമാക്കേണ്ടത് ആദ്യം മാതാപിതാക്കളിൽ നിന്നുമാണ്. ഈശോയോടുള്ള വ്യക്തിബന്ധം മക്കളുടെ ഹൃദയങ്ങളിൽ രൂഢമൂലമാകാൻ ഓരോ മാതാപിതാക്കളും ശ്രദ്ധാലുക്കളായിരിക്കണം.
ക്രിസ്തീയ നേതൃത്വം ഇന്ന് സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. അനുകരണീയമായ ജീവിത മാതൃകകൾ കുറഞ്ഞുവരുന്നു. പ്രാർത്ഥനയും വിശ്വാസവും ദൈവാരാധനയും അപ്രസക്തമാവുന്നു. കുടുംബ നവീകരണവും വിശ്വാസ ശാക്തീകരണവും ക്രിസ്തീയ നേതൃത്വം അതിഗൗരവത്തോടെ നോക്കിക്കാണേണ്ട ദിവ്യദൗത്യമാണ്. ബാഹ്യ അനുഷ്ഠാനങ്ങൾക്കപ്പുറം ആന്തരിക നവീകരണമായിരിക്കണം നമ്മുടെ ലക്ഷ്യം. കുടുംബങ്ങളിൽ പരിശീലിക്കുന്ന മാതൃകകൾ മാത്രമാണ് സമൂഹത്തിൽ കാലോചിതമായി നിലനിൽക്കുന്നത്. മക്കൾ അവരുടെ ജീവിതത്തിൽ തങ്ങളെ അനുകരണീയരായി പിന്തുടരുന്നുണ്ടോയെന്ന് ഓരോ മാതാപിതാക്കളും ഗൗരവത്തോടെ ചിന്തിക്കണം.
മക്കളും മാതാപിതാക്കളും ഒരുമിച്ചിരുന്ന് കുരിശു വരയ്ക്കുന്നത് സുഗന്ധവ്യാപിയായ ധൂപാർച്ചന പോലെയാണ്. സുകൃതങ്ങളിലേക്കുള്ള തിരിച്ചുവരവിൽ ആദ്യം വേണ്ടത് കുടുംബ പ്രാർത്ഥനയാണ്. ഇത് വിശ്വാസത്താൽ പ്രകാശിപ്പിക്കുന്ന അടിസ്ഥാന ജീവിത സാക്ഷ്യമാണ്. ദൈവവചനത്തോടുള്ള ആദരവും വചനപാരായണവും കുടുംബങ്ങളിൽ പുനർജനിക്കട്ടെ. നെറ്റിയിൽ കുരിശടയാളം വരയ്ക്കുന്നതും, പരസ്പരം സ്തുതി നൽകുന്നതും, സ്തുതി ആരാധനകളാൽ സമ്പുഷ്ടവുമാകട്ടെ നമ്മുടെ കുടുംബങ്ങൾ. മക്കൾക്ക് നല്ല മാതൃകകൾ നൽകുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നാമെങ്ങനെ നല്ല മാതാപിതാക്കൾ ആകും?
(ജിബി ജോർജ്, തൊണ്ണൂറു മുതൽ ജീസസ് യൂത്തിൽ, പ്രത്യേകിച്ച് ഓഡിയോ വിഷ്വൽ മിനിസ്ട്രിയിൽ നിറസാന്നിധ്യമായിരുന്നു. ഷാർജ സെന്റ്.മൈക്കിൾസ് ദൈവാലയത്തിലെ വിശ്വാസ പരിശീലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. മലയാളം പാരിഷ് കമ്മിറ്റിയുടെ സെക്രട്ടറിയുമാണ്. ഭാര്യയും മൂന്നു മക്കളുമായി ഷാർജയിൽ താമസിക്കുന്നു)