സോക്രട്ടീസിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഒരിക്കൽ സോക്രട്ടീസിനെ കല്ലെറിയാൻ ഏഥൻസിലെ ഉന്നത ജൂറി ഉത്തരവിട്ടു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ച് വലുതും ചെറുതുമായ കല്ലുകൾ അദ്ദേഹത്തിന്റെ നേരെ ആഞ്ഞെറിഞ്ഞു. കല്ലെറിയുന്നവരുടെ വരിയിൽ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും ഉണ്ടായി. അയാൾക്ക് ഇതൊന്നും കണ്ടുനിൽക്കാനുള്ള ശക്തിയുണ്ടായില്ല. തന്റെ പ്രിയ ഗുരുവിന്റെ നേരെ കല്ലെറിയാൻ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ലായിരുന്നു. തന്റെ ഊഴം വന്നപ്പോൾ കയ്യിൽ കരുതിയ ഒരു റോസാപ്പൂവെടുത്തു പതുക്കെ തന്റെ ഗുരുവിനെ എറിഞ്ഞു.
ഗുരു അയാളോട് ഇങ്ങനെ പറഞ്ഞു “സുഹൃത്തേ എല്ലാവരും എന്നെ കല്ലുകൊണ്ടെറിഞ്ഞു, എന്റെ ശരീരം പൊട്ടി ഇതാ ചോര ഒലിക്കുന്നു. നീ എറിഞ്ഞത് റോസാപ്പൂ കൊണ്ടാണ്. ശരീരത്തിനു മുറിവുണ്ടായില്ല. പക്ഷെ എന്റെ ഹൃദയത്തിലാണ് അത് കൊണ്ടത്. ഒരുപാട് വേദനിച്ചു കേട്ടോ! എന്നെ ഏറെ വേദനിപ്പിച്ചത് നിന്റെ ഏറല്ല, ഇത്രയും വർഷം എന്റെ കൂടെ നടന്നിട്ടും നിനക്കൊരു നിലപാടില്ലാതെ പോയല്ലോ എന്നോർത്താണ്.”
ഈശോ കുർബാനയും വൈദികവൃത്തിയും സ്ഥാപിച്ച പെസഹാ ദിവസം.
ഇന്ന് ലോകമെങ്ങുമുള്ള വൈദികരെ ആദരിക്കുകയും ആശംസിക്കുകയും ചെയ്യുന്ന ദിവസമാണ്.
ഈശോ തന്റെ ശിഷ്യരാൽ സ്നേഹിക്കപ്പെടുകയും അതേ ശിഷ്യരുടെ കൂട്ടത്തിൽ നിന്നും ഒരാളാൽ ഒറ്റി കൊടുക്കപ്പെടുകയും ചെയ്ത രാത്രി.
തനിയാവർത്തനങ്ങൾ ഇന്നും !
ഇടയൻ കുറവുള്ളവനാണെന്നു നാം കണ്ടെത്തിയിരിക്കുന്നു. ഇടയൻ കാർക്കശ്യമുള്ളവനാണെന്നു നാം തിരിച്ചറിഞ്ഞിരിക്കുന്നു. നമുക്ക് ഇടയനെ വേണ്ട! നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. “അയാൾ നമ്മളെപ്പോലെ സാധാരണ ഒരാൾ.” എന്നാൽ അയാൾ ഒരപ്പനും അമ്മയ്ക്കും ഉണ്ടായതാണെന്നും, അയാൾ സഹോദരങ്ങളും ബന്ധുക്കളും ഉള്ളവനാണെന്നും, നമ്മെക്കാൾ നല്ല സാധ്യതയിൽ ജീവിക്കാൻ കഴിയുമായിരുന്ന ആളാണെന്നും, നമ്മളെക്കാൾ പഠിപ്പും കഴിവുമുള്ളയാളാണെന്നും നാം സൗകര്യപൂർവ്വം മറച്ചുപിടിക്കുന്നു. കുറവുകളെ പെരുപ്പിക്കുന്നു.
ആ ‘ആൾ’ സാധാരണക്കാരൻ അല്ലെന്നും, ഈശോയുടെ തെരെഞ്ഞെടുപ്പാണെന്നും, എല്ലാം ഉപേക്ഷിച്ചു ഈ പണിക്കിറങ്ങിയിരിക്കുന്നത് എനിക്കും നിനക്കും വേണ്ടിയാണെന്നുമുള്ള യാഥാർത്ഥ്യം നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്ന് മനസ്സിലാക്കി കൊടുക്കും?
വക്ഷസ്സിൽ ചാരികിടക്കുകയും മാറിനിന്നു ചുംബിച്ചു ഒറ്റി കൊടുക്കുകയും ചെയ്യുന്ന നന്ദികെട്ടവരായി ക്രിസ്ത്യാനികൾ മാറുന്നുണ്ടോ? സാധ്യമാകുന്ന എല്ലാ പൊതു ഇടങ്ങളിലും വൈദികർക്ക് നേരെ, സഭക്ക് നേരെ ‘റോസാപ്പൂ’ എറിയുന്നവരായി പലരും മാറുന്നു. നമുക്കൊരു നിലപാടുണ്ടോ? നാം ആരുടെ പക്ഷത്താണ്? നമ്മുടെ അപ്പൻ തെറ്റുചെയ്താൽ ആദ്യം ചെയ്യുന്നത് സോഷ്യൽ മീഡിയായിൽ പോസ്റ്റിടുകയാണോ? അപ്പൻ തെറ്റുചെയ്താൽ എങ്ങനെയാണ് മക്കൾ പ്രതികരിക്കുന്നത്? അതുപോലെയൊക്കെ ആകാം. അതിനപ്പുറം കാണിക്കുന്ന ആവേശം അത് സഭാസ്നേഹമല്ലെന്നും പിശാചിന്റെ ഏജൻസി ഏറ്റെടുത്തു നടത്തുന്നവരുടെ അമിതാവേശമാണെന്നും പറയേണ്ടി വരും.
ചിതറിക്കപ്പെടാൻ വളരെയേറെ സാധ്യതയുള്ള ഒരു ഗണമാണ് നാം. കണ്ണ് തുറന്നു നോക്കൂ, എന്ന് ഇടയന്റെ നിഴലിൽനിന്നും മാറിനടന്നോ അന്നെല്ലാം അവർ ചിതറിക്കപ്പെട്ടു. ആക്രമിക്കപ്പെട്ടു. ഇന്ന് നാം കൂടുതൽ ചിതറിക്കപ്പെടുന്നു. ശോഷിച്ചു ശോഷിച്ചു നാം അസ്ഥിപഞ്ജരമായി മാറുന്നത് കണ്ടില്ലെന്നുണ്ടോ?
മാമ്മോദീസയില്ലാത്ത, കുർബാനയില്ലാത്ത, കുമ്പസാരമില്ലാത്ത കൂദാശകളില്ലാത്ത ഒരു ലോകം, അത് പിശാചിന്റെ സ്വപ്നമാണ്. വൈദികർ ഇല്ലാത്ത ലോകമെന്ന പിശാചിന്റെ ആ സ്വപ്നത്തിന് നാം കൂട്ട് നിൽക്കരുത്.
നമ്മുടെ വൈദികരോട് നമുക്ക് പറയാം We Love You…
ഹൃദയത്തിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കാം!