കണ്ണൂര്‍: തലശ്ശേരി അതിരൂപതയിലെ അരവഞ്ചാൽ സെന്റ് ജോസഫ് പള്ളിയിലെ മാതൃവേദി മീറ്റിങ്ങുകളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ മദർ സിസ്റ്റർ.ഗ്രേസ് മേരി എസ്.എ.ബി.എസ് ആണ് ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ചത്. ‘നാട്ടിൽ ഇതര മതസ്ഥരായ വനിതകളുടെ ശിങ്കാരി മേളവും, കോൽക്കളി ടീമും ഒക്കെ ധാരാളമായി ഉണ്ട്. ഇതേ മാതൃകയിൽ നമുക്കും എന്തെങ്കിലും ചെയ്താലോ എന്ന ആശയമാണ് ബാൻ്റ് ട്രൂപ്പ് എന്നതിലേക്ക് എത്തിയത്.’ മാതൃവേദിയിലെ 12 പേർ ഇതിനായി സമ്മതം അറിയിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. പിന്നെ സംഗീതോപകരണങ്ങൾ വാങ്ങി, ഇടവകയിലെ തന്നെ ഗായക സംഘത്തിൽ അംഗവും മറ്റൊരു ബാൻ്റ് ട്രൂപ്പിലെ ഡ്രമ്മറും ആയ ഷാജി പരിശീലനം നൽകാം എന്നും അറിയിച്ചതോടെ ഒരു ദിവസം പോലും കളയാതെ പരിശീലനം തുടങ്ങി. സംഗീതത്തിൻ്റെ ബാല പാഠങ്ങൾ മുതൽ പഠിച്ചു തുടങ്ങണം എന്നത് മാത്രമായിരുന്നു ഏക വെല്ലുവിളി. അതും കീഴടക്കി ഇപ്പൊൾ അരങ്ങേറ്റവും നടത്താൻ ഇവർക്ക് കഴിഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ ആദ്യ വനിത ബാന്റ് സംഘം എന്ന വിശേഷണത്തോടെ അരവഞ്ചാല്‍ മരിയന്‍ റാണി ബാന്റ് വാദ്യസംഘം അരങ്ങിലേക്ക് തയ്യാർ. അരവഞ്ചാല്‍ സെന്റ് ജോസഫ് ഇടവകയിലെ മാതൃവേദി അംഗങ്ങളാണ് ബാന്റ് വാദ്യ സംഘത്തിലുള്ളത്. 4 മാസത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ സ്വന്തം ഇടവക ദൈവാലയ മുറ്റത്ത് അരങ്ങേറ്റം നടത്തി. ഇടവകയിലെ മാതൃവേദി അംഗങ്ങളായ സാലി തോമസ് പുളിമൂട്ടില്‍, ജിജി ഷാജി ഊഴിക്കാട്ട്, രമ്യ തെങ്ങനാക്കുടിയില്‍, ലീന ആന്തംപറമ്പില്‍, റെജിന കൊട്ടാരത്തില്‍, സിസി തൈക്കൂട്ടത്തില്‍, ആശ തുമ്പലോട്ട്, ലീന മൈലാടുംപാറ, നിഷ അട്ടക്കാട്ട്, ടെസി പുത്തുപ്പള്ളി, അനു കുന്നുംപുറത്ത്, സിന്‍സി ചെമ്പകത്തില്‍ എന്നിവരാണ് ബാന്റ് സംഘത്തെ നയിക്കുന്നത്. ബാന്റ് വാദ്യരംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഷാജി ഊഴിക്കാട്ട്, ഡാനി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇടവക വികാരി ഫാദര്‍ ജിബിന്‍ മുണ്ടന്‍കുന്നേല്‍ ടീമിന്റെ ഡയരക്ടറും, മദര്‍ സിസ്റ്റർ. ഗ്രേസ് മേരി എസ്.എ.ബി.എസ് ടീം കോഡിനേറ്ററുമാണ്.
മരിയന്‍ റാണി ബാന്റിന്റെ ആദ്യ അവതരണം ഏപ്രില്‍ 27 ന് വൈകീട്ട് അരവഞ്ചാല്‍ സെന്റ് ജോസഫ് ഇടവക ദൈവാലയ തിരുനാളിനോടനുബന്ധിച്ച് നടക്കും. വനിതകള്‍ അധികം കടന്നുവരാത്ത മേഖലയാണ് ബാന്റ് വാദ്യം. എങ്കിലും തങ്ങളുടെ തുടക്കം മികച്ചതാക്കാന്‍ ഈ പന്ത്രണ്ടംഗ സംഘത്തിന് കഴിഞ്ഞു. ഓഫ് സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പരിശീലനം നടത്തി വരും വര്‍ഷത്തെ തിരുനാളുകളുടെ അവസരങ്ങളില്‍ കൂടുതല്‍ വേദികളിലേക്ക് ബുക്കിംഗ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മരിയന്‍ റാണി ബാന്റ് സംഘം.
ബുക്കിങ്ങിന് ഫാ. ജിബിൻ ജോർജ് മുണ്ടൻകുന്നേൽ
+918547396747
ലേഖകൻ: ജെയിംസ് ഇടപ്പള്ളിൽ (കണ്ണൂർ ആലക്കോട്), സിനിമയിലും മാധ്യമരംഗത്തും പ്രവർത്തിക്കുന്നു. കേരളാവിഷൻ TV & മാധ്യമം ദിനപത്രം പ്രാദേശിക ലേഖകൻ. ജീസസ് യൂത്ത്, KCYM, മിഷൻ ലീഗ് തുടങ്ങിയ സംഘടനകളിൽ സജീവ പങ്കാളിത്വം.