January 22, 2025
Reflections Youth & Teens

കഴുത്തുറയ്ക്കാത്ത വൈദികൻ

  • March 22, 2024
  • 1 min read
കഴുത്തുറയ്ക്കാത്ത വൈദികൻ

ഇന്ന് പതിവ് പോലെ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ മക്കളെയും കൂട്ടി പോയി. ബലിയർപ്പണത്തിൽ മറ്റൊരു അതിഥി വൈദികൻ കൂടി ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ പരിചയം ഇല്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ കൊച്ചച്ചനായി സേവനം അനുഷ്ഠിച്ചിരുന്നത്രെ. അദ്ദേഹത്തെ ഞങ്ങളടക്കം പലരും കൗതുകത്തോടെ ആണ് നോക്കിയത്. കാരണം അദ്ദേഹത്തിന്റെ
ശാരീരിക രൂപം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. കഴുത്തിന്റെ ഞരമ്പിനു എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു. കഴുത്തു നേരെ ഉറക്കുന്നില്ല. ചുണ്ടും നാക്കും ഒന്നും സ്വന്തമായി നിയന്ത്രിക്കാൻ പറ്റാത്ത ഒരു വൈദികൻ. അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ “ഇതെന്താ ഈ അച്ചൻ ഇങ്ങനെ?” എന്ന് എന്റെ മക്കൾ ചോദിക്കുമല്ലോ, അപ്പോൾ ഞാൻ എന്ത് മറുപടി കൊടുക്കും എന്നായിരുന്നു എന്റെ ചിന്ത. ദിവ്യബലി കഴിയാറായപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ അഞ്ചു വയസ്സുകാരിയുടെ നാവിൽ നിന്നും ആ ചോദ്യം ഉതിർന്നു.

ഈശോ നൽകിയ ആ ഉത്തരം എന്റെ മക്കളോടായി ഞാൻ പറഞ്ഞു.
“മക്കളെ നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? അവർക്കു ശരീരം ഇല്ല, അവർ അരൂപീകളാണ്. ഈ അരൂപീകളായ മാലാഖാമാരിൽ ചിലർക്ക് ശരീരം നൽകി ദൈവം ഈ ഭൂമിയിലേക്ക് അയച്ചു. അവർ സ്വർഗത്തിൽ കഴിയാൻ യോഗ്യത ഉള്ളവരാണോ എന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. അവരാണ് നമ്മൾ മനുഷ്യർ. മാലാഖാമാരൊക്കെ നല്ലവരാണ്. പക്ഷെ അവരുടെ ശരീരങ്ങൾക്ക് ചില കുറവുകൾ ദൈവം നൽകി. ചിലർക്ക് രോഗമായിട്ട്, മറ്റു ചിലർക്ക് ദേഷ്യപ്പെടുന്ന സ്വഭാവമായിട്ട്, മറ്റു ചിലർക്ക് കാലുകൾ ഇല്ലാതെ, വേറെ ചിലർക്ക് ഈ അച്ചനെ പോലെ. എന്തിനാണ് ഈ കുറവുകൾ അവർക്കു നൽകിയത് എന്ന് അറിയാമോ? അവരുടെ കുറവുകളെ നോക്കാതെ അവരെ മാറ്റി നിർത്താതെ സ്വന്തമായി സ്നേഹിക്കാൻ നമുക്ക് പറ്റുമോ എന്ന് അറിയാൻ.
ഈശോ നമ്മെ സ്നേഹിച്ചത് അതു പോലെ അല്ലെ?!! ആ സ്നേഹം നമുക്കും മറ്റുള്ളവരോട് ഉണ്ടാവണം. അപ്പോൾ മാത്രമേ നമുക്കും സ്വർഗത്തിൽ ഇടമുള്ളൂ. സ്വർഗത്തിൽ പോകാൻ നിങ്ങൾക്ക് ഇഷ്ടമാണോ? എങ്കിൽ അതിനുള്ള ഒരു കുറുക്കുവഴിയാണ് നമ്മുടെ ചുറ്റും ഉള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കുക എന്നത്.”

ഇത് പറഞ്ഞു തീരുമ്പോഴേക്കും കനൽ പോലെ എരിഞ്ഞ എന്റെ മനസ്സിലും വലിയൊരു മഞ്ഞുമഴ പെയ്ത പോലെ. ചിലരുടെ സ്വഭാവം ഇഷ്ടപെടാത്തത് കൊണ്ട് അവരോടു ക്ഷമിക്കാനാവാതെ കഴിഞ്ഞ എന്റെ ഉള്ളിലും പുതിയൊരു ബോധ്യം നിറഞ്ഞു. അവരോട് ക്ഷമിക്കാനും ദൈവം നൽകിയ ആ മാലാഖമാരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാനും ദൈവം ഒരു കൃപ നൽകിയ പോലെ.

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *