നമ്മുടെ കുഞ്ഞ് ഇങ്ങനെയല്ല!

‘നമ്മുടെ കുഞ്ഞ് ശരിയല്ല’ എന്ന് സങ്കടം പറയുന്ന ഒരുപാട് മാതാപിതാക്കളെ കണ്ടിട്ടുണ്ട്. കുട്ടികളുടെ ദേഷ്യം, അനുസരണമില്ലാത്ത സ്വഭാവം, വാശി, ഭക്തിയില്ലായ്മ എന്നിങ്ങനെ പലതരം പരാതികളാണ് മാതാപിതാക്കൾക്ക് സ്വന്തം കുട്ടികളെ കുറിച്ച് പറയാനുള്ളത്.
‘നാം എങ്ങനെയാണോ, നമ്മുടെ കുഞ്ഞുങ്ങളും അങ്ങനെ തന്നെ ആയിരിക്കും’ എന്നുള്ളതാണ് ഒരു ചിന്ത. പഠിക്കാൻ മടിയനായ, വി. കുർബാനയിലും കുടുംബ പ്രാർത്ഥനയിലും പങ്കെടുക്കാൻ മടിയുളള, മുതിർന്നവരെ ബഹുമാനിക്കാത്ത, ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പടുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടി, എല്ലാം തികഞ്ഞ് ‘സൽഗുണ സമ്പന്നർ’ ആകണമെന്ന് വാശി പിടിക്കുന്നതിൽ കുറച്ച് അതിശയോക്തി ഇല്ലേ? കുട്ടികളുടെ ബുദ്ധി വികാസത്തിന്റെ മുക്കാൽ പങ്കും നടക്കുന്നത് അവർ കണ്ടും കേട്ടും കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രായത്തിലാണ്, അതായത്, ഏകദേശം അഞ്ച് വയസ്സിന് മുമ്പ്. ഈ പ്രായത്തിൽ അവരോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് മാതാപിതാക്കളാണ് എന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. അങ്ങനെ വരുമ്പോൾ കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു കാരണം മാതാപിതാക്കൾ കൂടെ ആണെന്ന് സമ്മതിക്കേണ്ടി വരും.
മഹാത്മാഗാന്ധിയുടെ ഒരു വാക്യം ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു. “നാം മറ്റുള്ളവരിൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റം, ആദ്യം നമ്മളിൽ നിന്നു തന്നെ തുടങ്ങണം.”
മാതാപിതാക്കളുടെ മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന്, കുട്ടികളെ അവരായിരിക്കുന്ന അവസ്ഥയിൽ യാതൊരു പരിഭവങ്ങളും ഇല്ലാതെ സന്തോഷത്തോടെ ഉൾക്കൊള്ളുക. രണ്ട്, മക്കൾക്ക് അനുകരിക്കാൻ തോന്നിക്കുന്ന തരത്തിലുള്ള അഭൂതപൂർവമായ മാറ്റത്തിന് മാതാപിതാക്കൾ തയ്യാറാവുക.
അപൂർണ്ണരും പാപികളുമായ മനുഷ്യർ തങ്ങളുടെ മക്കളെക്കുറിച്ചു വിലപിക്കുന്നത് കാണുമ്പോൾ, സമ്പൂർണ്ണനും പാപത്തിന്റെ കറപറ്റാത്തവനുമായ ദൈവം തമ്പുരാൻ ഞാനും നീയും അടങ്ങുന്ന മനുഷ്യ മക്കളെക്കറിച്ച് എത്ര മാത്രം വിലപിക്കുന്നുണ്ടാകും എന്ന് ഓർത്തു പോകുന്നു. ഈ ഈസ്റ്ററിൽ നമ്മുക്ക് മാറ്റത്തിന്റെ നല്ല തീരുമാനങ്ങൾ എടുക്കാം. കുറ്റം പറയുന്ന അവസ്ഥയിൽ നിന്നും കുറ്റം ഏറ്റു പറഞ്ഞു തിരുത്തുന്ന അവസ്ഥയിലേക്ക് ഉയർത്തപ്പെടുന്നതിനായി നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
ജിന്റോ പോൾ സി
(നഴ്സിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി ഇപ്പോൾ ബാംഗ്ലൂരിലെ ഈസ്റ്റ് പോയിന്റ് നഴ്സിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. നഴ്സിങ് പഠനകാലം മുതൽ ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കലബു൪ഗി സോണൽ ടീം, കർണാടക നഴ്സസ് ടീം, കർണാടക റീജിയണൽ ടീം, നാഷണൽ നഴ്സസ് ടീം എന്നിവയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ ‘മിഷൻ നഴ്സസ്’ പരീശീലനം പൂർത്തിയാക്കി ഒരു വ൪ഷം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മിഷൻ ചെയ്തിട്ടുണ്ട്.)