അൾത്താരയിൽ തമാശയോ?
അന്ന് ഞായറാഴ്ചയായിരുന്നു. സുവിശേഷ വായനയ്ക്ക് ശേഷം നല്ലോരു പ്രസംഗവും കഴിഞ്ഞ് അച്ചൻ പ്രസംഗപീഠം വിട്ട് ഓൾട്ടറിനടുത്തേക്ക് നടക്കുന്നതിനിടയിൽ ആരുടെയോ മൊബൈൽ ഫോൺ ശബ്ദിക്കാൻ തുടങ്ങി. വിശുദ്ധ കുർബാന തുടങ്ങുന്നതിനു മുമ്പ് മൊബൈൽ സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള നിർദ്ദേശം സ്ക്രീനിൽ തെളിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എങ്കിലും ആരുടെയെങ്കിലുമൊക്കെ മൊബൈൽ കുർബാനക്കിടെ ശബ്ദിക്കുന്നത് പതിവാണ്. ഇപ്രാവശ്യം അത് വളരെ നിശബ്ദമായ ഒരു സമയത്തായിപോയി എന്ന് മാത്രം.
അച്ചൻ ഓൾട്ടറിനടുത്തെത്തിയിട്ടും മൊബൈൽ അതിന്റെ ചിണുങ്ങൽ നിർത്തിയില്ല. എല്ലാവരുടെയും ശ്രദ്ധ അച്ചനിലേക്ക് കേന്ദ്രീകരിച്ചു. ഇനി എന്ത് പറയുമെന്ന ആകാംക്ഷയിൽ ഇരുന്നിടത്ത് തന്നെ ഉറച്ചുപോയ അവസ്ഥയിലായിരുന്നു മുഴുവൻ പേരും.
പെട്ടെന്ന് അച്ചൻ പറഞ്ഞു. “ഹാലോ യേശു വിളിക്കുന്നുണ്ട്, നമുക്ക് എഴുന്നേൽക്കാം.” പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ അച്ചൻ വിശ്വാസപ്രമാണം ചൊല്ലാൻ ആരംഭിച്ചു. ജനങ്ങൾ അച്ചന്റെ ‘Stand-Up Comedy’ ആസ്വദിച്ചുകൊണ്ടു തന്നെ എഴുന്നേൽക്കുകയും വിശ്വാസപ്രമാണത്തിനൊപ്പം കൂടുകയും ചെയ്തു.
നർമ്മബോധം, അസ്വസ്ഥതയുടെ കയത്തിൽ നിന്നും ക്ഷണനേരംകൊണ്ട് ആശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കും എന്നതിന്റെ നല്ല ഉദാഹരണമായിരുന്നു ആ സംഭവം. നിർദോഷഫലിതം സന്തോഷവും, സമാധാനവും, ഒപ്പം ജീവനുമേകുന്നതാണെന്ന്. നർമ്മബോധം മറ്റുള്ളവരെ ചിരിപ്പിക്കാൻ മാത്രമല്ല, ഏതൊരു അവസ്ഥയിലും നമ്മെതന്നെ സന്തോഷിപ്പിക്കാനും, സ്വയം പുതുക്കി പണിയാനും, ജീവിതത്തിൽ പ്രതീക്ഷ ചോർന്നു പോകാതെ മുന്നോട്ട് പോകാനും നമ്മെ സഹായിക്കും.
അസ്വസ്ഥതയുടെ വേളകളിൽ എങ്ങനെയാണ് നാം പെരുമാറാറുള്ളത് എന്ന് വല്ലപ്പോഴുമൊക്കെ സ്വയം ചിന്തിക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ലേ?
പിരിമുറുക്കത്തിന്റെ നേരങ്ങളിൽ ആ പരിസരത്തുള്ള എല്ലാവരേയും കുഴപ്പത്തിലാക്കുന്നവരാണോ നമ്മൾ. എങ്കിൽ, എത്രയും വേഗത്തിൽ നമ്മിലെ നർമ്മബോധം എങ്ങനെ പൊടി തട്ടിയെടുക്കാം എന്നതിനെ കുറിച്ച് ആത്മാർഥമായി ആലോചിക്കേണ്ടിയിരിക്കുന്നു.
(പയസ് തലക്കോട്ടൂർ, ജീസസ് യൂത്ത് ഒമാൻ നാഷണൽ കൗണ്സിൽ ആനിമേറ്റേർ, കെയ്‌റോസ് ന്യൂസ് കോർ ടീം അംഗം)